ലണ്ടൻ: വിംമ്പിൾഡൺ വനിത സിംഗിൾസ് കിരീടം ഗാർബിൻ മുഗുരൂസയ്ക്ക്. കിരീടപോരാട്ടത്തിൽ കരുത്തയായ വീനസ് വില്യംസിനെ തകർത്താണ് മുഗുരൂസ കിരീടം ചൂടിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് മുഗുരൂസ വീനസ് വില്യംസിനെ തകർത്തത്. സ്കോർ 7-5 ,6-0 .

വിംമ്പിൾഡൺ കിരീടം നേടുന്ന ഏറ്റവും പ്രായമേറിയ വനിത താരം എന്ന റെക്കോഡ് ലക്ഷ്യംവച്ച് ഇറങ്ങിയ വീനസ് വില്യംസിനെ നിക്ഷ്പ്രഭമാക്കിയാണ് കൗമാരതാരം മുഗുരൂസ കിരീടം നേടിയത്. ആദ്യ സെറ്റിൽ വീനസ് വില്യംസിനോട് ഇഞ്ചോടിഞ്ച് പോരാടിയ മുഗുരൂസ കാണികളെ ത്രസിപ്പിച്ചു. വിനസ് വില്യംസിന്റെ കരുത്തുറ്റ സർവീസുകൾക്ക് മുന്നിൽ പതറാതെ കളിച്ച സ്പാനിഷ് താരം മികച്ച റാലികൾ കാഴ്ചവച്ചു. ഡ്രോപ് ഷോട്ടുകളും , മികച്ച വിന്നറുകളും പുറത്തെടുത്ത മുഗുരൂസ 7-5 എന്ന സ്കോറിന് ആദ്യ സെറ്റ് സ്വന്തമാക്കുകയായിരുന്നു.

രണ്ടാം സെറ്റിൽ വീനസ് വില്യംസ് ചിത്രത്തിൽ ഉണ്ടായിരുന്നില്ല. തകർപ്പൻ സർവ്വുകളും ഫോർഹാൻഡ് ഷോട്ടുകളുമായി കളം നിറഞ്ഞ മുഗുരൂസ 6-0 എന്ന സ്കോറിന് രണ്ടാം സെറ്റും മാച്ചും സ്വന്തമാക്കുകയായിരുന്നു. വിംമ്പിൾഡൺ കിരീടം നേടുന്ന രണ്ടാമത്തെ സ്പാനിഷ് താരമാണ് മുഗുരൂസ.

നാളെ നടക്കുന്ന പുരുഷ സിംഗിൾസ് ഫൈനലിൽ ഇതിഹാസ താരം റോജർ ഫെഡറർ ക്രോയേഷ്യയുടെ മാരിൻ ചിലിച്ചിനെ നേരിടും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ