ദുബായ്: ന്യൂസിലൻഡ് ക്രിക്കറ്റ് ടീം നായകൻ കെയ്ൻ വില്യംസണിനെതിരെ ഐസിസി നടപടിക്ക് സാധ്യത. വില്യംസണിന്റെ ബോളിങ് ആക്ഷനിൽ സംശയം തോന്നിയതിനെ തുടർന്ന് മാച്ച് ഒഫിഷ്യൽസ് താരത്തിനെതിരെ റിപ്പോർട്ട് നൽകി. വില്യംസണിനൊടൊപ്പം തന്നെ ശ്രീലങ്കൻ ബോളർ അകില ധനഞ്ജയ്ക്കും റിപ്പോർട്ട് നൽകിയിട്ടുണ്ട്. ശ്രീലങ്കയും ന്യൂസിലൻഡും തമ്മിൽ ഗല്ലെയിൽ നടന്ന ടെസ്റ്റ് മത്സരത്തിന് ശേഷമാണ് ഐസിസി നടപടി
Also Read: സന്നാഹം സമനിലയിൽ; അർധ സെഞ്ചുറിയുമായി രഹാനെയും വിഹാരിയും
ഇക്കാര്യം വ്യക്തമാക്കി ശ്രീലങ്കൻ ടീമിനും ന്യൂസിലൻഡ് ടീമിനുമാണ് മാച്ച് ഒഫിഷ്യൽസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. അടുത്ത പതിനാല് ദിവസത്തിനുള്ളിൽ ഇരു താരങ്ങളും ഐസിസിയുടെ ബോളിങ് ആക്ഷൻ പരിശോധനയ്ക്ക് വിധേയമാകണം. എന്നാൽ പരിശോധനയുടെ ഫലം വരുന്നത് വരെ രാജ്യാന്തര ക്രിക്കറ്റിൽ പന്തെറിയുന്നതിന് വിലക്കില്ല. അതേസമയം, ഐസിസി പരിശോധനയിൽ പരാജയപ്പെടുകയാണെങ്കിൽ രാജ്യാന്തര ക്രിക്കറ്റിൽ പന്തെറിയുന്നതിൽ നിന്ന് താരത്തിന് വിലക്ക് ലഭിച്ചേക്കും.
ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിലാണ് കെയ്ൻ വില്യംസൺ പന്തെറിഞ്ഞത്. പാർട്ട് ടൈം ബോളറായി വളരെ വിരളമായി മാത്രമാണ് വില്യംസൺ ബോളിങ് എൻഡിൽ എത്താറുള്ളത്. 73 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി താരത്തിന് 29 വിക്കറ്റുകളും സ്വന്തം അക്കൗണ്ടിലുണ്ട്.
ശ്രീലങ്കയുടെ ഓൾറൗണ്ടറാണ് അകില ധനഞ്ജയ. ആറ് ടെസ്റ്റ് മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള താരം ഇതിനോടകം 33 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. ആദ്യ ഇന്നിങ്സിലെ അഞ്ച് വിക്കറ്റ് പ്രകടനം ഉൾപ്പടെ കിവികൾക്കെതിരെ ശ്രീലങ്കയെ വിജയത്തിലെത്തിക്കുന്നതിലും താരം നിർണായക പങ്കുവഹിച്ചിരുന്നു.