scorecardresearch

റണ്‍ ഔട്ട് ആവാതെ രണ്ട് ദശാബ്ദം; യുവരാജ് സിങ്ങ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു

2000 മുതല്‍ ഞാന്‍ രാജ്യാന്തര മൽസരങ്ങള്‍ കളിക്കുന്നുണ്ട്. 18 വര്‍ഷത്തോളമായി ക്രീസില്‍- യുവരാജ്

2000 മുതല്‍ ഞാന്‍ രാജ്യാന്തര മൽസരങ്ങള്‍ കളിക്കുന്നുണ്ട്. 18 വര്‍ഷത്തോളമായി ക്രീസില്‍- യുവരാജ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
വിഷമമുണ്ട്, സേവാഗിനോടും സഹീറിനോടും ഇത് തന്നെയാണ് ചെയ്തത്: യുവരാജ് സിങ്

മുംബൈ: ഇന്ത്യ ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ച ഏറ്റവും പ്രതിഭാധനരായ താരങ്ങളിലൊരാളാണ് യുവരാജ് സിങ്. പരുക്കും ഫോമും ഫിറ്റ്‌നസുമെല്ലാം പലപ്പോഴും വിലങ്ങു തടിയായെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിന് യുവി നല്‍കിയ സംഭാവനകള്‍ മറക്കാനാവാത്തതാണ്. കാന്‍സറിനെ പോലും വെല്ലുവിളിച്ച്, ഇന്ത്യയ്ക്ക് 2011 ല്‍ ലോകകപ്പ് നേടി തന്നത് യുവിയാണ്. ടൂര്‍ണമെന്റിന്റെ താരവും യുവിയായിരുന്നു.

Advertisment

പിന്നീട് ചികിൽസയ്ക്കായി ടീമില്‍ നിന്നും യുവി വിട്ടു നിന്നതോടെ ആ കരിയര്‍ അവസാനിച്ചെന്ന് പലരും വിധിയെഴുതിയതായിരുന്നു. എന്നാല്‍ വിധിയെ തോല്‍പ്പിച്ച് യുവി വീണ്ടും ഇന്ത്യന്‍ കുപ്പായത്തില്‍ മടങ്ങിയെത്തി. എങ്കിലും ഫിറ്റ്‌നസ് യുവിയെ എന്നും പിന്നോട്ട് വലിച്ചിരുന്നു.

യുവരാജിന്റെ വിരമിക്കലിനെ കുറിച്ച് പലതരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പ്രായവും ഫിറ്റ്‌നസും യുവിയുടെ കരിയറിന് ഉടനെ തന്നെ തിരശീലയിടുമെന്നാണ് ക്രിക്കറ്റ് പണ്ഡിതരുടെ വിലയിരുത്തല്‍. ഇത്തരം ചര്‍ച്ചകള്‍ക്കിടെ തന്റെ വിരമിക്കലിനെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവരാജ് സിങ്.

'എന്തൊക്കെ വന്നാലും, അവസ്ഥ എത്ര മോശമായാലും 2019 വരെ ഞാന്‍ കളിക്കും. ആ വര്‍ഷം കഴിഞ്ഞാല്‍ ഞാന്‍ വിരമിക്കും. ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ എല്ലാവര്‍ക്കും ഒരു തീരുമാനമെടുക്കണം. 2000 മുതല്‍ ഞാന്‍ രാജ്യാന്തര മൽസരങ്ങള്‍ കളിക്കുന്നുണ്ട്. 18 വര്‍ഷത്തോളമായി ക്രീസില്‍. അതുകൊണ്ട് തന്നെ 2019ന് ശേഷം ഞാന്‍ വിരമിക്കും' യുവി പറഞ്ഞു.

Advertisment

ഏകദിനത്തില്‍ ഇന്ത്യന്‍ ടീമില്‍ നിത്യ സാന്നിധ്യമായപ്പോഴും ടെസ്റ്റ് ടീമിന്റെ പടിക്ക് പുറത്ത് നില്‍ക്കാനായിരുന്നു പലപ്പോഴും യുവിയുടെ വിധി. ടെസ്റ്റ് ടീമില്‍ സ്ഥിരസാന്നിധ്യമാകാന്‍ സാധിക്കാത്തതില്‍ യുവിയ്ക്ക് അതിയായ ദുഃഖമുണ്ട്.

'എന്റെ കരിയറിന്റെ ആദ്യത്തെ ആറ്-ഏഴ് കൊല്ലം ഞാന്‍ എന്റെ ഏറ്റവും മികച്ച ഫോമിലായിരുന്നു. എന്നാല്‍, ടീമില്‍ മഹാന്മാരായ താരങ്ങളുണ്ടായിരുന്നതിനാല്‍ എനിക്ക് അവസരം ലഭിച്ചില്ല. അവസരം കിട്ടിയപ്പോഴാകട്ടെ എനിക്ക് കാന്‍സര്‍ ബാധിക്കുകയും ചെയ്തു. ആ ദുഃഖം എന്നും ഉണ്ടാകും. പക്ഷെ കാര്യങ്ങള്‍ ഒരിക്കലും എന്റെ നിയന്ത്രണത്തിലല്ലായിരുന്നു. മുന്നോട്ടുള്ള കാര്യങ്ങളെ കുറിച്ച് മാത്രമാണ് ഞാനിപ്പോള്‍ ആലോചിക്കുന്നത്' യുവി പറയുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഭാഗ്യതാരമാണ് യുവരാജ് സിങ്. ഐസിസി ഏകദിന ലോകകപ്പും, ഐസിസി ട്വന്റി-20 ലോകകപ്പും, ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീടവും സ്വന്തമാക്കുന്ന അപൂർവ്വ താരങ്ങളിൽ ഒരാളാണ് ആരാധകരുടെ പ്രിയ താരമായ യുവി. മുപ്പത്തിയാറാം വയസിലും ക്രിക്കറ്റിൽ സജീവമായിരിക്കുന്ന താരം ഒരിക്കൽക്കൂടി ദേശീയ ടീമിലേക്ക് തിരികെ എത്താനുളള കഠിനാധ്വാനത്തിലാണ്.

വിരമിക്കലിന് ശേഷം താൻ എന്ത് ചെയ്യുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആരാധകർക്ക് സന്തോഷം നൽകുന്ന മറുപടിയാണ് യുവി നൽകിയത്. പാഡഴിച്ചതിന് ശേഷം ഒരു പരിശീലകൻ ആവാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് യുവരാജ് സിങ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

കഴിവുളള പാവപ്പെട്ട താരങ്ങളെ കണ്ടെത്തി അവർക്ക് പരിശീലനം നൽകുകയാവും തന്റെ പ്രഥമ പരിഗണനയെന്ന് താരം പറയുന്നു. അവരുടെ കായിക വിദ്യാഭ്യാസത്തിന് തന്നാൽ കഴിയുന്നത് ചെയ്യുമെന്നും അവരുടെ പഠന ചെലവുകൾ താൻ തന്നെ വഹിക്കുമെന്നും യുവരാജ് കൂട്ടിച്ചേർത്തു.

കാൻസർ രോഗികളെ സഹായിക്കുന്നതിനായി ആരംഭിച്ച YouWeCaN എന്ന സംരംഭത്തിന്റെ പ്രവർത്തനത്തിലും സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു. കാൻസർ രോഗം ബാധിച്ചവർക്ക് മാനസികമായുളള കരുത്ത് നൽകുകയാണ് പ്രധാനമെന്ന് തന്റെ ജീവിതകഥ അതിന് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യക്കായി 304 ഏകദിന മൽസരങ്ങളും, 40 ടെസ്റ്റ് മൽസരങ്ങളും, 58 ട്വന്റി-20 മൽസരങ്ങളും യുവരാജ് കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിന് വേണ്ടിയാണ് യുവരാജ് കളിക്കുന്നത്.

Resignation Yuvraj Singh Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: