കൊല്‍ക്കത്ത: ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ബിസിസിഐയുടെ നിയുക്ത പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനുമായ സൗരവ് ഗാംഗുലി. രാഷ്ട്രീയത്തിലിറങ്ങുമോ എന്ന ചോദ്യത്തിനാണ് താരം മറുപടി നല്‍കിയത്. ഏതെങ്കിലും ഉപാധികള്‍ വച്ചുകൊണ്ടല്ല ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതെന്ന് സൗരവ് ഗാംഗുലി വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായുമായി ഗാംഗുലി നേരത്തെ കൂടിക്കാഴ്‌ച നടത്തിയിരുന്നു. അതിനു പിന്നാലെയാണ് ഗാംഗുലി ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. നേരത്തെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും താന്‍ രാഷ്ട്രീയത്തില്‍ ചേരുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നീട് സംഭവിച്ചത് എന്താണെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമല്ലേ എന്നും ഗാംഗുലി ചോദിച്ചു. അമിത് ഷായുമായുള്ള ചര്‍ച്ചയില്‍ രാഷ്ട്രീയ വിഷയങ്ങളൊന്നും ചര്‍ച്ചയായില്ലെന്നും ഗാംഗുലി വ്യക്തമാക്കി.

Read Also: ISL: കാൽപ്പന്ത് ആരവത്തിന്റെ പുത്തനാഘോഷത്തിന് വിസിൽ മുഴക്കം കാത്ത്; ഐഎസ്എൽ മത്സരക്രമം, ടീമുകൾ, അറിയേണ്ടതെല്ലാം

സൗരവ് ഗാംഗുലിയുമായി രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് അമിത് ഷായും പറഞ്ഞിരുന്നു. ഗാംഗുലിക്ക് മുന്‍പില്‍ ഉപാധികളൊന്നും വച്ചിട്ടില്ല. അതേസമയം, ഗാംഗുലിക്ക് ബിജെപിയില്‍ ചേരാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായും അമിത് ഷാ പറഞ്ഞു.

ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം ഗാംഗുലി പ്രതികരിച്ചത് ഇങ്ങനെ: ”ഈ നിയമനത്തില്‍ ഞാന്‍ സന്തുഷ്ടനാണ്, കാരണം ഇത് ബിസിസിഐയുടെ സല്‍പ്പേരിന് കളങ്കം സംഭവിച്ച സമയമാണ്, എനിക്ക് എന്തെങ്കിലും ചെയ്യാനുള്ള മികച്ച അവസരമാണിത്. നിങ്ങള്‍ എതിരില്ലാതെ തിരഞ്ഞെടുത്താലും ഇല്ലെങ്കിലും, ഈ പദവി ഒരു വലിയ ഉത്തരവാദിത്തമാണ്. കാരണം ബിസിസിഐ ക്രിക്കറ്റ് ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ്. ഇന്ത്യ ഒരു ശക്തികേന്ദ്രമാണ്. അതുകൊണ്ടു തന്നെ ഇതൊരു വെല്ലുവിളിയാകും” ഗാംഗുലി പറഞ്ഞു.

Read Also: ദാദ വേറെ ലെവലാണ്; നിയു‌ക്‌ത ബിസിസിഐ പ്രസിഡന്റിനെ പുകഴ്‌ത്തി അക്‌തർ

ആഭ്യന്തര ക്രിക്കറ്റ് നിരീക്ഷിക്കുന്നതിനാണ് തന്റെ പ്രഥമ പരിഗണനയെന്നും രഞ്ജി ട്രോഫിയിലേക്കാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്നും ഗംഗുലി പറഞ്ഞിരുന്നു. എന്‍.ശ്രീനിവാസന്‍ പക്ഷക്കാരനായ ബ്രിജേഷ് പട്ടേല്‍ ആയിരിക്കും പുതിയ ബിസിസിഐ പ്രസിഡന്റ് എന്നായിരുന്നു സൂചനകള്‍. എന്നാല്‍ പെട്ടെന്നായിരുന്നു തീരുമാനം മാറിയത്. ബ്രിജേഷ് പട്ടേല്‍ ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ പദവിയിലേക്കായിരിക്കും തിരഞ്ഞെടുക്കപ്പെടുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook