ലോകകപ്പിൽ ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തെക്കുറിച്ചുളള സച്ചിൻ ടെൻഡുൽക്കറുടെ പ്രതികരണത്തിന് മറുപടിയുമായി സൗരവ് ഗാംഗുലി. ലോകകപ്പ് നേടുന്നതിലല്ല, ഇന്ത്യക്ക് രണ്ട് പോയിന്റ് നഷ്ടപ്പെടുന്നതിലാണ് സച്ചിൻ ആശങ്കപ്പെടുന്നതെന്ന് ഗാംഗുലി പറഞ്ഞു. ”അദ്ദേഹം (സച്ചിൻ) രണ്ട് പോയിന്റാണ് ആഗ്രഹിക്കുന്നത്, ഞാൻ ആഗ്രഹിക്കുന്നത് ലോകകപ്പാണ്,” ടൈംസ് നൗവിനോട് ഗാംഗുലി പറഞ്ഞു.

പുൽവാമ ഭീകരാക്രമണത്തിനുപിന്നാലെ ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽനിന്നും ഇന്ത്യ പിന്മാറണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഇതിനോട് അനുകൂല പ്രതികരണമല്ല സച്ചിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ലോകകപ്പിൽ പാക്കിസ്ഥാനെ ഇന്ത്യ എന്നും പരാജയപ്പെടുത്തിയിട്ടുണ്ടെന്നും മത്സരത്തിൽനിന്നും പിന്മാറുന്നതിലൂടെ രണ്ട് പോയിന്റ് അവർക്ക് വെറുതെ നൽകുന്നതിനോട് വ്യക്തിപരമായി യോജിക്കുന്നില്ലെന്നും ആയിരുന്നു സച്ചിന്റെ പ്രതികരണം.

Read: പാക്കിസ്ഥാനെ ലോകകപ്പില്‍ നേരിടുക തന്നെ വേണം: നിലപാട് വ്യക്തമാക്കി സച്ചിന്‍

”ലോകകപ്പിൽ ഓരോ ടീമും മറ്റു ടീമുമായി മത്സരങ്ങൾ കളിക്കും. ലോകകപ്പിൽ ഇന്ത്യ ഒരു മത്സരം ഉപേക്ഷിച്ചാൽ അത് വലിയ പ്രശ്നമുളളതല്ല,” ഗാംഗുലി പറഞ്ഞു. പാക്കിസ്ഥാനുമായി ഒരു തരത്തിലുളള കായിക ബന്ധവും വേണ്ടെന്നും ഗാംഗുലി പ്രതികരിച്ചു.

ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ കളിക്കുന്നതില്‍ നിന്നും ഇന്ത്യ പിന്മാറണമെന്ന ഗാംഗുലിയുടെ അഭിപ്രായത്തെ മുന്‍ പാക് താരം ജാവേദ് മിയാന്‍ദാദ് പരിഹസിച്ചിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് ഇതിന് മറുപടി ഇല്ലെന്നായിരുന്നു ഗാംഗുലി പറഞ്ഞത്. ”അദ്ദേഹം ബാറ്റ് ചെയ്യുന്നത് ഞാൻ ആസ്വദിക്കാറുണ്ട്. പാക്കിസ്ഥാന്റെ മികച്ചൊരു കളിക്കാരനാണ് അദ്ദേഹം,’ ഗാംഗുലി പറഞ്ഞു.

Read: ‘ഇതാണ് ഞങ്ങളുടെ തീരുമാനം’; ലോകകപ്പ് വിവാദത്തില്‍ ഒടുവില്‍ നയം വ്യക്തമാക്കി കോഹ്‌ലി

ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിൽ സർക്കാരും ബിസിസിഐയും സ്വീകരിക്കുന്ന നിലപാടിനെ പിന്തുണയ്ക്കുമെന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ വാക്കുകളെക്കുറിച്ചും ഗാംഗുലി പ്രതികരിച്ചു. ”എനിക്ക് തോന്നുന്നത് അതായിരിക്കും നമ്മൾ ചെയ്യേണ്ടത്. ഇപ്പോഴത്തെ കാര്യങ്ങളിൽ വിരാട് കോഹ്‌ലിക്ക് ഒന്നും ചെയ്യാനാവില്ല. നല്ല രീതിയിൽ കളിക്കാനും ടീമിനെ വിജയിപ്പിക്കാനും മാത്രമേ ചെയ്യാനാവൂ. കഴിഞ്ഞ 6 മാസമായി ഇന്ത്യൻ ടീം നല്ല ഫോമിലാണ്. അതേ അദ്ദേഹത്തിന് ചെയ്യാൻ കഴിയൂ. ഇപ്പോഴത്തെ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിൽ എപ്പോഴും സർക്കാരാണ് തീരുമാനം എടുത്തിട്ടുളളത്. ഇത്തവണയും അതിൽ മാറ്റമുണ്ടാവില്ല,” ഗാംഗുലി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook