ന്യൂഡൽഹി: റോഡപകടത്തിൽ പരുക്കേറ്റ മുഹമ്മദ് ഷമിയെ കാണാൻ ചെന്ന ഭാര്യ ഹസിൻ ജഹാൻ നിരാശയോടെ മടങ്ങി. ഡൽഹിയിൽ എത്തിയ ഹസിൻ ജഹാനെ കാണാൻ ഷമി തയ്യാറായില്ല. എന്നാൽ മകളെ ഷമി കാണുകയും ചെയ്തു.

കഴിഞ്ഞ ശനിയാഴ്ച ഡെറാഡൂണിൽനിന്നും ഡൽഹിയിലേക്കുളള യാത്രയ്ക്കിടെയാണ് ഷമി അപകടത്തിൽപ്പെട്ടത്. ഷമി സഞ്ചരിച്ചിരുന്ന കാർ ഡെറാഡൂണിൽവച്ച് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഷമിക്ക് പരുക്കേറ്റിരുന്നു. പ്രാഥമിക ചികിൽസയ്ക്കുശേഷം ഷമി ഡെറാഡൂണിൽനിന്നും ഡൽഹിയിൽ എത്തിയിരുന്നു. ഷമിക്ക് അപകടത്തിൽ പരുക്കേറ്റെന്ന വാർത്ത അറിഞ്ഞതോടെയാണ് ഭർത്താവിനെ കാണാനായി ഹസിൻ മകൾക്കൊപ്പം ഇന്നലെ ഡൽഹിയിൽ എത്തിയത്.

”ഡൽഹിയിലെത്തിയ എന്നെ കാണാൻ ഷമി കൂട്ടാക്കിയില്ല. മുഹമ്മദ് ഷമിക്ക് പരുക്കേറ്റെന്ന വാർത്ത അറിഞ്ഞതിനെത്തുടർന്നാണ് അദ്ദേഹത്തെ കാണാനെത്തിയത്. പക്ഷേ അദ്ദേഹം എന്നെ കാണാൻ വിസമ്മതിച്ചു. കോടതിയിൽ വച്ച് നിന്നെ കണ്ടോളാമെന്ന് ഭീഷണിപ്പെടുത്തി. മകളെ കാണുകയും അവൾക്കൊപ്പം കളിക്കുകയും ചെയ്തു. പക്ഷേ എന്നെ കാണാൻ സമ്മതിച്ചില്ല. ബോഡിഗാർഡിനെപ്പോലെയാണ് ഷമിയുടെ അമ്മ പെരുമാറിയത്” ഹസിൻ ജഹാൻ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

‘തന്റെ മകൾക്ക് ഷമിയെ കാണണമെന്ന് ആഗ്രഹം പറഞ്ഞു. ഷമിയെ കാണാനായി ഡൽഹിക്ക് പോകും. ഞങ്ങൾ തമ്മിലുളള പ്രശ്നങ്ങൾ പരിഹരിക്കാനല്ല, മറിച്ച് മകൾക്ക് അവളെ അച്ഛനെ കാണണമെന്ന ആഗ്രഹം പറഞ്ഞതിനാലാണ് പോകുന്നത്’ ഇതായിരുന്നു ഹസിൻ ഡഹിയിലേക്ക് പോകുന്നതിന് മുൻപായി മാധ്യമങ്ങളോട് പറഞ്ഞത്. ഞങ്ങൾക്കിടയിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഷമി ഇപ്പോഴും എന്റെ ഭർത്താവാണ്. ഷമിക്ക് കാറപകടത്തിൽ പരുക്കേറ്റ വിവരം കേട്ടപ്പോൾ ഞാൻ അസ്വസ്ഥയായി. അദ്ദേഹത്തിന് പെട്ടെന്ന് സുഖം പ്രാപിക്കാൻ ദൈവത്തോട് താൻ പ്രാർത്ഥിക്കുന്നുണ്ടെന്നും ഹസിൻ പറഞ്ഞിരുന്നു.

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിൻ ജഹാൻ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയിരുന്നു. ഗാർഹിക പീഡനം, വാതുവയ്പ് ആരോപണം, പരസ്ത്രീ ബന്ധം ഉൾപ്പെടെയുളള ആരോപണമാണ് ഹസിൻ ഉയർത്തിയത്. ഹസിന്റെ ആരോപണത്തിൽ കൈൽക്കത്ത പൊലീസ് ഷമിക്കെതിരെ കേസെടുത്തിട്ടുണ്ട്.

അലിഷ്ബ എന്ന പേരുളള പാക്കിസ്ഥാൻ യുവതിയുമായി ഷമിക്ക് ബന്ധമുണ്ടെന്നും ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുശേഷം ദുബായിലെ ഹോട്ടലിൽ വച്ച് ഇരുവരും കണ്ടുവെന്നും ഹസിൻ ആരോപിച്ചിരുന്നു. മുഹമ്മദ് ഭായ് എന്നു പേരുളള ആളുടെ കൈയ്യിൽ ഷമിക്കായി അലിഷ്ബ പണം കൊടുത്തുവിട്ടെന്നും ഹസിൻ ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ ബിസിസിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ