പല്ലേക്കലെയിൽ ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനം ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയതിൽ ഇന്ത്യൻ മുൻ നായകൻ എം.എസ്.ധോണിക്ക് നിർണായക പങ്കുണ്ട്. ഒരു ഘട്ടത്തിൽ 61 റൺസിന് നാലു വിക്കറ്റ് എന്ന നിലയിലായിരുന്ന ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത് ധോണിയും രോഹിത് ശർമയും ചേർന്നായിരുന്നു. 67 റൺസെടുത്ത ധോണി ശക്തനായി ക്രീസിൽ നിന്നപ്പോൾ അത് ഇന്ത്യൻ ജയത്തിലേക്ക് എത്തിച്ചു. 2019 ലോകകപ്പിൽ ധോണി ഉണ്ടാകുമോയെന്ന ചർച്ചകൾ നടക്കവേയാണ് ബാറ്റിലൂടെ ധോണി അതിനൊക്കെ മറുപടി നൽകിയത്.

ധോണി നന്നായി കളിക്കുന്നില്ലെങ്കിൽ പകരം താരങ്ങളെ പരിഗണിക്കുമെന്നും 2019 ൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ ധോണി കളിക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാനാകില്ലെന്നുമാണ് ചീഫ് സെലക്ടർ എംഎസ്കെ പ്രസാദ് നേരത്തെ പറഞ്ഞത്. പ്രസാദിന്റെ പരാമർശത്തിനുപിന്നാലെ ധോണി ആരാധകർ സോഷ്യൽമീഡിയയിലൂടെ രംഗത്തെത്തി. എന്നാൽ പ്രസാദിന്റെ ഇപ്പോഴത്തെ വാക്കുകൾ ധോണി ആരാധകർക്ക് സന്തോഷം നൽകുന്നതാണ്.

ഒരു പരിപാടിയിൽ പങ്കെടുക്കവേയാണ് ധോണിയുമായി ബന്ധപ്പെട്ട ഒരു സംഭവത്തെക്കുറിച്ചും ഇന്ത്യൻ ടീമിനോടുളള ധോണിയുടെ ആത്മാർഥതയെക്കുറിച്ചും പ്രസാദ് പരാമർശിച്ചത്. ഇന്ത്യ ഏഷ്യ കപ്പ് മാച്ചിൽ പാക്കിസ്ഥാനെതിരെയുളള മൽസരസമയത്തുണ്ടായ സംഭവമാണ് പ്രസാദ് വിവരിച്ചത്. ”രാത്രിയിൽ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുകയായിരുന്നു ധോണി. ഇതിനിടെ വെയ്റ്റ് എടുത്തു പൊക്കുന്നതിനിടെ ധോണിയുടെ പുറകിൽ പേശീവലിവുണ്ടായി. വെയ്റ്റോടുകൂടി ധോണി താഴെ വീണു. ഭാഗ്യത്തിന് വെയ്റ്റ് ധോണിയുടെ ശരീരത്തിലല്ലാതെ താഴെയാണ് വീണത്. ധോണിക്ക് നടക്കാനായില്ല. പെട്ടെന്ന് അലാം ബെല്ലിൽ അമർത്തുകയും മെഡിക്കൽ സംഘം അവിടേക്ക് ഓടിയെത്തുകയും ചെയ്തു. സ്ട്രെക്ച്ചറിൽ ധോണിയെ എടുത്തുകൊണ്ടുപോയി”.

”ഉടൻതന്നെ ഞാൻ ധാക്കയിലെത്തി. മാധ്യമപ്രവർത്തകർ ധോണിയുടെ ആരോഗ്യനിലയെക്കുറിച്ചും പാക്കിസ്ഥാനെതിരെ അദ്ദേഹം കളിക്കുമോ എന്നും ചോദിക്കുന്നുണ്ടായിരുന്നു. എനിക്ക് പറയാൻ ഉത്തരം ഇല്ല. കാരണം പാക്കിസ്ഥാനെതിരായ മൽസരം നിർണായകമാണ്. ഞാൻ ധോണിയുടെ മുറിയിലെത്തി. മൽസരത്തിൽ കളിക്കാനായില്ലെങ്കിൽ പകരക്കാരെ വയ്ക്കാമെന്നും മാധ്യമപ്രവർത്തകരോട് എന്തു പറയുമെന്നും ഞാൻ ധോണിയോട് ചോദിച്ചു. എന്റെ ചോദ്യങ്ങൾക്കെല്ലാം വിഷമിക്കേണ്ട എംഎസ്കെ ഭായ് എന്നായിരുന്നു ധോണിയുടെ മറുപടി”.

”അടുത്ത ദിവസം രാവിലെ ഞാൻ ധോണിയുടെ മുറിയിലെത്തി. അപ്പോഴും വിഷമിക്കേണ്ട എന്നായിരുന്നു ധോണി പറഞ്ഞത്. ധോണിയുടെ വാക്കുകൾ എനിക്ക് വിശ്വസിക്കാനായില്ല. ഉടൻതന്നെ ചീഫ് സെലക്ടർ സന്ദീപ് പട്ടീലിനെ ഞാൻ വിളിച്ചു. അദ്ദേഹത്തോട് കാര്യങ്ങൾ വിശദീകരിച്ചു. പെട്ടെന്ന് തന്നെ പാർഥിവ് പട്ടേലിനെ പകരക്കാരനായി ഇറക്കാമെന്നു തീരുമാനിച്ചു. വൈകിട്ടോടെ പാർഥിവ് ടീമിനൊപ്പം ചേർന്നു. വൈകിട്ട് ഞാൻ ധോണിയുടെ മുറിയിലെത്തി. കട്ടിലിൽനിന്നും താഴെ ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു ധോണി. എല്ലാം ശരിയാണോയെന്ന് ഞാൻ ചോദിച്ചു. ഏഷ്യ കപ്പ് നിയമമനുസരിച്ച് മൽസരത്തിന് 24 മണിക്കൂർ മുൻപ് ടീം അംഗങ്ങളുടെ പട്ടിക നൽകണം. ഒന്നുകൂടി ഇത് പറയാനാണ് ഞാൻ മുറിയിലെത്തിയത്. പക്ഷേ ധോണി അപ്പോഴും താൻ കളിക്കുമെന്നാണ് മറുപടി നൽകിയത്”.

”രാത്രി 11 മണിക്ക് വീണ്ടും ധോണിയുടെ മുറിയിൽ ചെന്നു. ധോണി അവിടെ ഇല്ലായിരുന്നു. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽനിന്നും ഞാൻ നോക്കിയപ്പോൾ സ്വിമ്മിങ് പൂളിന് അരികിലൂടെ ധോണി പതുക്കെ നടക്കാൻ ശ്രമിക്കുകയാണ്. ഞാൻ അടുത്തേക്ക് ചെന്നു. താൻ നടക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ധോണി എന്നോട് പറഞ്ഞു. നടക്കാൻപോലും ആവാത്ത അവസ്ഥയിൽ എങ്ങനെയാണ് ധോണി കളിക്കാൻ കഴിയുമെന്ന് വിചാരിക്കുന്നതെന്ന് ഞാൻ ചിന്തിച്ചു. ‘വിഷമിക്കേണ്ട, എന്നോട് പറയാതെ നിങ്ങൾ പാർഥിവ് പട്ടേലിനെ ഇവിടെ എത്തിച്ചിട്ടുണ്ട്. അതിനാൽ നിങ്ങൾ സുരക്ഷിതനാണ്’ ധോണി എന്നോട് പറഞ്ഞു”.

എന്നാൽ മൽസര ദിവസം ധോണി എല്ലാവരെയും അമ്പരപ്പിച്ചു. ”ടീമിനെ അനൗൺസ് ചെയ്യുന്നതിന് മുൻപായി ധോണി എന്നെ മുറിയിലേക്ക് വിളിപ്പിച്ചു. എന്തിനാണ് ഞാൻ വിഷമിക്കുന്നതെന്ന് ചോദിച്ചു. അതിനുശേഷം എന്നാട് ഇങ്ങനെ പറഞ്ഞു”. ‘ഒരുപക്ഷേ എന്റെ ഒരു കാൽ ഇല്ലെങ്കിലും അപ്പോഴും ഞാൻ പാക്കിസ്ഥാനെതിരെ കളിക്കും. ഇതാണ് ധോണി’- പ്രസാദ് പറഞ്ഞു.

പാക്കിസ്ഥാനെതിരായ മൽസരത്തിൽ ധോണിയുടെ നേതൃത്വത്തിലുളള ഇന്ത്യൻ ടീം വിജയം നേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ