മുംബൈ: ഏഷ്യന്‍ കപ്പില്‍ നിന്നും ഇന്ത്യ പുറത്തായതോടെ പരിശീലകന്‍ സ്റ്റീഫന്‍ കോൺസ്റ്റന്റൈനും പ്രതിരോധ താരം അനസ് എടത്തൊടികയും ടീമിനോട് വിട പറഞ്ഞത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. പരിശീലക സ്ഥാനം രാജിവച്ചതായി സ്റ്റീഫന്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായതിന് പിന്നാലെ തന്നെ പ്രഖ്യാപിച്ചപ്പോള്‍ ഇന്നലെ രാത്രിയാണ് അനസ് അപ്രതീക്ഷിതമായി വിരമിക്കല്‍ തീരുമാനം അറിയിച്ചത്. ഇതോടെ ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരാകെ ആശങ്കയിലായിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ താന്‍ ടീമിനെ ഉപേക്ഷിച്ച് പോകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. തന്നെക്കാള്‍ മികച്ചൊരാള്‍ വരുന്നത് വരെ വിരമിക്കില്ലെന്ന് ഛേത്രി പറയുന്നു.

”വിരമിക്കാന്‍ ഒരു കാരണവുമില്ല. ഒരു ദിവസം എന്നെക്കാള്‍ മികച്ചൊരു നമ്പര്‍ 10 കാരന്‍ വരും. അതുവരെ എന്റെ പങ്ക് നല്‍കാന്‍ എനിക്കാകും” ഛേത്രി പറയുന്നു. ബഹ്റൈനെതിരെ 1-0 ന് പരാജയപ്പെട്ട് ഏഷ്യന്‍ കപ്പില്‍ നിന്നും പുറത്തായതിന് പിന്നാലെയാണ് ഛേത്രിയുടെ പ്രതികരണം. പരാജയം അപ്രതീക്ഷിതമായിരുന്നുവെന്നും അടുത്ത റൗണ്ടിലേക്ക് പോവുമെന്ന് തന്നെയായിരുന്നു കരുതിയിരുന്നുവെന്നും ഛേത്രി പറഞ്ഞു. തോല്‍വി കാരണം തനിക്ക് ഉറങ്ങാന്‍ സാധിച്ചില്ലെന്നും ഛേത്രി പറഞ്ഞു.

”പൊതുവെ ഞാന്‍ നന്നായി ഉറങ്ങും. തായ്‌ലൻഡിനോട് ജയിച്ചതോടെ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുമെന്ന് വിശ്വസിച്ചിരുന്നു. അതുകൊണ്ട് തോല്‍വി അംഗീകരിക്കാന്‍ സാധിക്കുന്നതായിരുന്നില്ല. ഞങ്ങള്‍ തന്നെയാണ് ആ അവസരം ഇല്ലാതാക്കിയത്. ശാരീരികമായി ഞങ്ങള്‍ തളര്‍ന്നിരുന്നില്ല. ഹാലിചരണിന് തുടര്‍ച്ചയായി 180 മിനിറ്റ് ഇനിയും ഓടാന്‍ കഴിയുമായിരുന്നു. ഞങ്ങള്‍ നന്നായി കളിച്ചില്ല. സീനിയര്‍ താരമെന്ന നിലയില്‍ ഞാന്‍ എന്തെങ്കിലും ചെയ്യണമായിരുന്നു. കുറഞ്ഞ പക്ഷം അവരോട് പന്തിന് പിന്നാലെ വെറുതെ കൂട്ടമായി ഓടല്ലേ എന്ന് പറയുക എങ്കിലും” ഛേത്രി പറയുന്നു.

ആക്രമിച്ച് കളിക്കുന്നതിന് പകരം പ്രതിരോധത്തിലേക്ക് ഊന്നിയായിരുന്നു 113-ാം റാങ്കുകാര്‍ക്കെതിരെ ഇന്ത്യ കളിച്ചത്. ഇതാണ് ടീമിനെ പരാജയത്തിലേക്ക് നയിച്ചത്. കളിയുടെ നിയന്ത്രണം ബഹ്റൈന് വിട്ടു കൊടുത്തതിന് ഇന്ത്യ നല്‍കിയ വിലയായിരുന്നു ഈ പുറത്താകല്‍.

”ഇതുപോലുള്ള സാഹചര്യങ്ങളില്‍ പറിച്ച് മാറ്റാന്‍ സാധിക്കാത്ത മാനസിക നില ചിലപ്പോള്‍ ഉണ്ടാകും. ഞങ്ങളോട് ആരും പ്രതിരോധിച്ച് കളിക്കാന്‍ പറഞ്ഞിരുന്നില്ല. പന്ത് കൈവശം വയ്ക്കണമായിരുന്നു. നന്നായി പ്രതിരോധിച്ചെങ്കിലും ഇത്തരം ഘട്ടത്തില്‍ അതിന് പകരം കൊടുക്കേണ്ടി വരും. കുറച്ച് നേരം കൂടി പിടിച്ചു നില്‍ക്കൂ എന്നായിരുന്നു ഞങ്ങള്‍ പരസ്പരം പറഞ്ഞിരുന്നത്” ഛേത്രി കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook