ന്യൂഡൽഹി: അണ്ടർ 17 ലോകകപ്പിന്റെ ഗ്രൂപ്പ് തലത്തിലെ മൂന്ന് മത്സരങ്ങളും തോറ്റ് പുറത്തായതിൽ മലയാളി താരം കെപി രാഹുലിന് അടക്കാനാവാത്ത ദു:ഖം. ലോകകപ്പ് മറക്കാനാവാത്ത അനുഭവമാണെന്ന് പറഞ്ഞ കെപി രാഹുൽ, കൊളംബിയക്കെതിരായ മത്സരം വിജയിക്കാൻ സാധിക്കാതിരുന്നത് എന്നും മനസിലുണ്ടാകുമെന്നും പറഞ്ഞു.
“കൊളംബിയക്കെതിരെ മത്സരം തോൽക്കില്ലായിരുന്നു. ഞാനടിച്ച ഷോട്ട് ക്രോസ് ബാറിൽ തട്ടി പുറത്തേക്ക് പോയില്ലായിരുന്നെങ്കിൽ ജയിച്ചേനെയെന്ന് എല്ലാവരും പറയുന്നു. അത് മറക്കാനാവാത്ത ദു:ഖമാണ്. ഇനി ഞാൻ മരിക്കുവോളം അതെന്റെ കൂടെ കാണും.” രാഹുൽ ഡൽഹിയിൽ പ്രതികരിച്ചു.
കൊളംബിയക്കെതിരായ മത്സരത്തിൽ രാഹുൽ ഇടംകാൽ കൊണ്ട് തൊടുത്ത ഷോട്ട് ക്രോസ് ബാറിന്റെ ഇടത് മൂലയിൽ തട്ടി പുറത്തേക്ക് പോയിരുന്നു.
ഭാവിയില്‍ കൂടുതല്‍ മത്സരങ്ങളിലൂടെ പ്രകടനം മെച്ചപ്പെടുത്തുമെന്നും ഘാനക്കെതിരായ മത്സരശേഷം രാഹുല്‍ പറഞ്ഞു. “എന്നെ കൊണ്ട് സാധിക്കുന്നതിന്റെ പരമാവധി ഞാൻ ടീമിന് നൽകിയിട്ടുണ്ട്. എനിക്കത്രയേ പറ്റൂ. ഒരു കളി പോലും ജയിക്കാനാകാത്തതിൽ നല്ല വിഷമമുണ്ട്. ഭാവിയിൽ കൂടുതൽ മത്സരങ്ങളിലൂടെ പ്രകടനം മെച്ചപ്പെടുത്തും”, രാഹുൽ പറഞ്ഞു.
ഇന്ത്യൻ സംഘത്തിൽ ലോകകപ്പ് കളിച്ചഏക മലയാളിയാണ് കെപി രാഹുൽ. തൃശ്ശൂർ സ്വദേശിയായ രാഹുൽ മധ്യനിര താരമാണ്. ഇന്നലെ ഘാനയ്ക്ക് എതിരെ 4-0 ന്റെ തോൽവി വഴങ്ങിയ ഇന്ത്യ പ്രീ ക്വാർട്ടർ പ്രവേശനം ലഭിക്കാതെ പുറത്തായിരുന്നു.