ബിസിസിഐയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സൗരവ്വ് ഗാംഗുലിയെ തേടി ആ ചോദ്യം എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ചൂടേറിയ ചര്‍ച്ചയായ ‘ധോണി എപ്പോള്‍ വിരമിക്കും?’ എന്ന ചോദ്യം. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ടതിന് ശേഷം മാത്രമേ അഭിപ്രായം പറയൂ എന്നാണ് ഗംഗുലി പറയുന്നത്.
ഏകദിന ലോകകപ്പിന് പിന്നാലെ ക്രിക്കറ്റില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് എംഎസ് ധോണി. താരം ഉടനെ വിരമക്കില്‍ പ്രഖ്യാപിക്കുമെന്ന് ലോകകപ്പ് കഴിഞ്ഞ ഉടനെ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും താരമോ ബിസിസിഐ അധികൃതരും പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.
”ഒക്ടോബര്‍ 24 ന് സെലക്ടര്‍മാരെ കാണും. എന്താണ് അവര്‍ ചിന്തിക്കുന്നത് എന്നറിഞ്ഞതിന് ശേഷമായിരിക്കും എന്റെ അഭിപ്രായം പറയുക. എന്താണ് ധോണിയ്ക്ക് വേണ്ടതെന്നും എന്താണ് അവന് വേണ്ടാത്തതെന്നും അവനോട് തന്നെ സംസാരിക്കണം” ഗാംഗുലി വ്യക്തമാക്കി. ‘ഞാന്‍ ഇടപെടാത്ത വിഷയമായതില്‍ വ്യക്തമായൊരു ചിത്രം ഇപ്പോള്‍ നല്‍കാനാകില്ല” ദാദ പറഞ്ഞു.
Read More: ‘എനിക്കും വികാരങ്ങളുണ്ട്, ദേഷ്യവും സങ്കടവുമുണ്ട്’; ലോകകപ്പിന് ശേഷം ആദ്യമായി മനസ് തുറന്ന് ധോണി
ഞായറാഴ്ച മുംബൈയില്‍ ചേര്‍ന്ന യോഗത്തിലാണ് ബിസിസിഐ അംഗങ്ങള്‍ എതിരില്ലാതെ ഗാംഗുലിയുടെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. ആഭ്യന്തര ക്രിക്കറ്റ് നിരീക്ഷിക്കുന്നതിനാണ് തന്റെ പ്രഥമ പരിഗണനയെന്നും രഞ്ജി ട്രോഫിയിലേക്കാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്നും ഗംഗുലി പറഞ്ഞു.
‘ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാരെ നിരീക്ഷിക്കുക എന്നതായിരിക്കും എന്റെ പ്രഥമ പരിഗണന. ഞാന്‍ നേരത്തേ കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സിനോട് ഇത് നേരത്തേ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അവര്‍ ശ്രദ്ധിച്ചില്ല. രഞ്ജി ട്രോഫി ക്രിക്കറ്റായിരിക്കും എന്റെ ശ്രദ്ധാ കേന്ദ്രം. ക്രിക്കറ്റ് താരങ്ങളുടെ സാമ്പത്തിക താത്പര്യങ്ങളില്‍ ശ്രദ്ധ കൊടുക്കണം,” അദ്ദേഹം പറഞ്ഞു.