ന്യൂഡൽഹി: ലോകക്രിക്കറ്റിൽ ഇന്ന് വിരാട് കോഹ്‌ലിയെക്കാൾ മികച്ചൊരു ബാറ്റ്സ്‌മാനുണ്ടോ? സംശയമാണ്. സ്ഥിരതയോടെയുളള ബാറ്റിങ് പ്രകടനത്തിലൂടെ ലോകക്രിക്കറ്റിൽ തന്നെ ഒന്നാം നമ്പർ ബാറ്റ്സ്‌മാനായി മാറിയിരിക്കുകയാണ് കോഹ്‌ലി.

കൂറ്റനടികൾ പറക്കാത്ത ബാറ്റല്ല കോഹ്‌ലിയുടേത്. വെടിക്കെട്ട് ബാറ്റിങ് പ്രകടനം അദ്ദേഹത്തിന്റെ ശൈലിയുടെ ഭാഗമാണ്. എന്നാൽ ഒറ്റ റൺസ് പോലും വിട്ടുകളയുന്നയാളുമല്ല അദ്ദേഹം. വിക്കറ്റുകൾക്കിടയിൽ ഓടുന്നതിലും അദ്ദേഹം മടികാണിക്കാറില്ല.

ബാറ്റ്സ്‌മാനെ സംബന്ധിച്ച് വിക്കറ്റിനിടയിൽ അധിക റൺസിന് വേണ്ടി ഓടുക എന്നത് ആത്മഹത്യാപരമാണ്. കഷ്ടിച്ച് രക്ഷപ്പെടുന്ന പല സാഹചര്യങ്ങൾ ഒഴിവാക്കിയാൽ മിക്കവാറും പവലിയനിലേക്ക് മടങ്ങേണ്ടി വരാറുണ്ട്.

എന്നാൽ റൺസ് നേടാൻ താൻ എന്തിനും തയ്യാറാണെന്ന് പറയുകയാണ് വിരാട് കോഹ്‌ലി. ഒരോവറിൽ ആറ് പന്തിലും ക്രീസിലേക്ക് ഡൈവ് ചെയ്യണമെങ്കിൽ താൻ അതിനും തയ്യാറാണെന്നാണ് കോഹ്‌ലി പറഞ്ഞത്. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“എന്റെ ചുമതല റൺസ് നേടുകയാണ്. അതിനാണ് ഞാനീ ടീമിൽ ഉൾപ്പെട്ടത്. എതിന് സാധ്യമായത് എന്തും ചെയ്യണം.  ഓവറിൽ ആറ് വട്ടം ഡൈവ് ചെയ്യണോ, അതിനും തയ്യാർ. കഴിഞ്ഞ പത്ത് വർഷമായി ടീമിനൊപ്പം ഉളളതും ഇക്കാരണത്താലാണ്.” കോഹ്‌ലി പറഞ്ഞു.

വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ 37-ാം സെഞ്ചുറി നേടിയ കോഹ്‌ലി, 10000 റൺസ് എന്ന കരിയർ നേട്ടവും കുറിച്ചിരുന്നു. വെറും 205 ഇന്നിങ്സിൽ നിന്നാണ് കോഹ്‌ലി ഈ നേട്ടത്തിലേക്ക് എത്തിയത്. ഈ നേട്ടം കരസ്ഥമാക്കുന്ന 13-ാമത്തെ ബാറ്റ്സ്‌മാനും അഞ്ചാമത്തെ ഇന്ത്യൻ താരവുമാണ് കോഹ്‌ലി. ഏറ്റവും കുറവ് ഇന്നിങ്സിൽ നിന്ന് ഈ നേട്ടം കൊയ്തതും കോഹ്‌ലിയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ