ഓസ്ട്രേലിയൻ പര്യടനത്തിനുളള അവസാനവട്ട ഒരുക്കത്തിലാണ് ഇന്ത്യൻ ടീം. മൂന്നു ടി20യും നാലു ടെസ്റ്റും മൂന്നു ഏകദിനങ്ങളുമാണ് ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലുളളത്. ഡിസംബർ ആറിനാണ് ടെസ്റ്റ് പരമ്പര തുടങ്ങുക.

ഓസ്ട്രേലിയയിലെത്തുന്ന ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര സ്വന്തമാക്കാനുളള മികച്ച അവസരമാണ് ഇതെന്ന് പറയുകയാണ് മുൻ ഓസ്ട്രേലിയൻ താരം ഡീൻ ജോൺസ്. ഇത്തവണയും ഇന്ത്യ പരാജയപ്പെട്ടാൽ തന്നെ അത് അദ്ഭുതപ്പെടുത്തുമെന്നും 57 കാരനായ ജോൺസ് പറയുന്നു. കഴിഞ്ഞ തവണ ഓസ്ട്രേലിയയിൽ എത്തിയപ്പോൾ ഇന്ത്യ ടെസ്റ്റ് പരമ്പര 2-0 ന് പരാജയപ്പെട്ടിരുന്നു. 2016 ൽ ഇന്ത്യൻ ടീം ഓസ്ട്രേലിയയിൽ എത്തിയപ്പോൾ അഞ്ചു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 4-1ന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാൽ ടി20 3-0ന് ഇന്ത്യ നേടുകയും ചെയ്തു

”അശ്വിൻ ടീമിനുവേണ്ടി മികച്ച പ്രകടനം നടത്തുമെന്ന് ഞാൻ കരുതുന്നു. കഴിഞ്ഞ തവണ ഇന്ത്യ ഇവിടെ എത്തിയപ്പോൾ അശ്വിന്റേത് മികച്ച പ്രകടനമായിരുന്നു. അശ്വിനും കുൽദീപും ചേർന്നുളള കൂട്ടുകെട്ടായിരിക്കും ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയുടെ വിജയം നിർണയിക്കുക. ഇന്ത്യയ്ക്ക് ഇത് മികച്ച അവസരമാണ്. ഓസ്ട്രേലിയയിൽ ഇന്ത്യയ്ക്ക് ഒരിക്കലും ടെസ്റ്റ് പരമ്പര സ്വന്തമാക്കാനായിട്ടില്ല. ഇത്തവണയും പരാജയപ്പെട്ടാൽ ഞാൻ ശരിക്കും അദ്ഭുതപ്പെടും,” ഡീൻ ജോൺസ് പറഞ്ഞു.

ഓസ്ട്രേലിയൻ താരങ്ങളായി പീറ്റർ ഹാൻഡ്സ്‌കോബും ആരോൺ ഫിഞ്ചുമായിരിക്കും അശ്വിൻ-കുൽദീപ് സഖ്യത്തിന് വെല്ലുവിളി ഉയർത്തുകയെന്നും ഓസ്ട്രേലിയയ്ക്കായി 42 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുളള ജോൺസ് പറഞ്ഞു.

ഓസ്ട്രേലിയൻ പര്യടനത്തിനുളള ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), മുരളി വിജയ്, കെ.എൽ.രാഹുൽ, പൃഥ്വി ഷാ, പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, രോഹിത് ശർമ്മ, റിഷഭ് പന്ത്, പാർത്ഥിവ് പട്ടേൽ, ആർ.അശ്വിൻ, ആർ.ജഡേജ, കുൽദീപ് യാദവ്, ഷമി, ഇഷാന്ത്, ഉമേഷ് യാദവ്, ബുമ്ര, ഭുവനേശ്വർ കുമാർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook