കറാച്ചി: ഇന്ത്യയ്‌ക്കു പുറത്തും ഏറെ ആരാധകരുള്ള താരമാണ് മുൻ ഇന്ത്യൻ നായകനും ഇപ്പോഴത്തെ ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി. മറ്റ് ടീം താരങ്ങൾ പോലും ഗാംഗുലിയെ പുകഴ്‌ത്തി രംഗത്തെത്താറുണ്ട്. ഇപ്പോൾ ഗാംഗുലി ഏറ്റവും മികച്ച ക്രിക്കറ്ററാണെന്ന് പറഞ്ഞിരിക്കുന്നത് മുൻ പാക് താരമായ ഡാനിഷ് കനേരിയയാണ്. വാതുവയ്‌പ്പിനെ തുടർന്ന് പാക് ടീമിൽ നിന്ന് ആജീവനാന്ത വിലക്ക് നേരിട്ടുകൊണ്ടിരിക്കുന്ന താരമാണ് കനേരിയ.

ഗാംഗുലി ഐസിസി അധ്യക്ഷനാകണമെന്ന് കനേരിയ ആവശ്യപ്പെട്ടു. ഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഗാംഗുലി എത്തിയാൽ തന്റെ വിലക്കിനെതിരെ അപ്പീൽ നൽകുമെന്നും കനേരിയ പറഞ്ഞു. “ഐസിസി അധ്യക്ഷസ്ഥാനത്തേക്ക് ഏറ്റവും ഉചിതമായ ആളാണ് ഗാംഗുലി. അദ്ദേഹം ഐസിസി അധ്യക്ഷനായാൽ എന്റെ ആജീവനാന്ത വിലക്കിനെതിരെ ഞാൻ അപ്പീൽ നൽകും. കാര്യങ്ങൾ മനസിലാക്കാൻ പ്രാപ്‌തിയുള്ള വ്യക്തിയാണ് ഗാംഗുലി. ഗാംഗുലി അധ്യക്ഷസ്ഥാനത്തുണ്ടെങ്കിൽ സാധ്യമായ രീതിയിലെല്ലാം ഐസിസി എന്നെ സഹായിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഗാംഗുലി വളരെ മികച്ചൊരു താരമാണ്. ഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉയർത്തികാണിക്കാവുന്ന വ്യക്തിത്വം. ഏറ്റവും മികച്ചൊരു ക്രിക്കറ്ററാണ് ഗാംഗുലി. അദ്ദേഹത്തേക്കാൾ മികച്ചൊരു ആളെ ഐസിസി അധ്യക്ഷസ്ഥാനത്തേക്ക് കണ്ടെത്താൻ സാധിക്കില്ല.” ഇന്ത്യ ടിവിക്ക് നൽകിയ അഭിമുഖത്തിൽ കനേരിയ പറഞ്ഞു.

Read Also: ധർമ്മജന്റെ അന്നം മുട്ടിക്കല്ലേ; രമേഷ് പിഷാരടിയോട് ആരാധകർ

ടെസ്റ്റ് ക്രിക്കറ്റിൽ പാക്കിസ്ഥാനു വേണ്ടി 261 വിക്കറ്റുകൾ നേടിയ താരമാണ് കനേരിയ. വസീം അക്രം, വഖാർ യൂനസ്, ഇമ്രാൻ ഖാൻ എന്നിവർക്ക് മാത്രമേ ഇതിൽ കൂടുതൽ വിക്കറ്റുകൾ നേടാൻ സാധിച്ചിട്ടുള്ളൂ. 2012 ലാണ് കനേരിയ വാതുവയ്‌പ് ആരോപണത്തിൽ അകപ്പെടുന്നത്. ആരോപണങ്ങളെല്ലാം കനേരിയ നിഷേധിച്ചിരുന്നു. പിന്നീട് 2018 ൽ കനേരിയയെ കുറ്റക്കാരനായി കണ്ടെത്തി ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.

നേരത്തെ ദക്ഷിണാഫ്രിക്കൻ മുൻ നായകൻ ഗ്രെയിം സ്‌മിത്തും ഗാംഗുലി ഐസിസി അധ്യക്ഷനാകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook