രണ്ടാഴ്ചയോളം തായ്‍ലൻഡിലെ ഗുഹയിൽ അകപ്പെട്ട കുട്ടികളുടെയും അവരുടെ പരിശീലകന്റെയും വാർത്ത വേദനയോടെയാണ് ലോകം അറിഞ്ഞത്. മനധൈര്യംകൊണ്ടും ആത്മസമ്യമനംകൊണ്ടും ദുസ്സഹമായ സാഹചര്യങ്ങളിൽ നിന്ന് അവർ രക്ഷപ്പെട്ടത് അത്ഭുതമെന്ന് പറയാം. ഒരിക്കൽ കൂടി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ആ ബാലന്മാർ. ഫുട്ബോൾ ലോകത്തെ വമ്പന്മാരായ അർജന്റീനയിൽ പോയി അവിടുത്തെ പ്രമുഖ ക്ലബ്ബിനെ സമനിലയിൽ തളച്ചാണ് തായ് ബാലന്മാർ ഇപ്പോൾ വാർത്തയിൽ ഇടം നേടുന്നത്.

അർജന്റീനയിലെ പ്രമുഖ ക്ലബ്ബായ റിവർ പ്ലേറ്റിന്റെ അണ്ടർ 13 ടീമിനെയാണ് ‘വൈൾഡ് ബോഴ്സ് ‘സമനിലയിൽ കുരുക്കിയത്. 3 വീതം ഗോളുകളാണ് ഇരു ടീമുകളും നേടിയത്. 1978 ൽ അർജന്റീന ലോകകപ്പ് വിജയിച്ച അതേ ഗ്രൌണ്ടിലായിരുന്നു തായ് കുട്ടികളുടെ പ്രകടനം.

അർജന്റീനയിൽ നടക്കുന്ന യൂത്ത് ഒളിമ്പിക്സിന്റെ ഭാഗമായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പ്രത്യേക ക്ഷണിതാക്കളായാണ് അവർ അർജന്റീനയിൽ എത്തിയത്. യൂത്ത് ഒളിമ്പിക്സിന്റെ ഉദ്ഘാടനവേദിയിൽ കുട്ടികളെ ആദരിക്കുകയും ചെയ്തിരുന്നു. ഗാർഡ് ഓഫ് ഓണർ നൽകിയാണ് റിവർ പ്ലേറ്റ് വൈൾഡ് ബോഴ്സിനെ മൈതാനത്തേക്ക് എതിരേറ്റത്.

ജൂണ്‍ 23നാണ്‌ തായ്‌ലന്‍ഡിലെ കൗമാരഫുട്‌ബോള്‍ ടീമായ വൈല്‍ഡ്‌ ബോര്‍ അംഗങ്ങള്‍ വടക്കന്‍ തായ്‌ലന്‍ഡിലെ ചിയാങ്‌ റായ്‌ പ്രവിശ്യയിലെ ഗുഹയില്‍ കുടുങ്ങിയത്‌. ഫുട്‌ബോള്‍ പരിശീലനം നടത്തുന്നതിനിടെ മഴയില്‍നിന്ന്‌ രക്ഷപ്പെടാന്‍ ഗുഹയില്‍ കയറിയ അവര്‍ കനത്ത മഴയില്‍ ഗുഹാമുഖം അടഞ്ഞതോടെ ഉള്ളില്‍ കുടുങ്ങുകയായിരുന്നു. ഒമ്പതു ദിവസത്തിനു ശേഷമാണു ബ്രിട്ടീഷ്‌ “കേവ്‌ ഡൈവര്‍” സംഘം ഇവരെ കണ്ടെത്തിയത്‌. കാലാവസ്‌ഥ അനുകൂലമായശേഷം സാവധാനം രക്ഷപ്പെടുത്താനായിരുന്നു ആലോചന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook