ക്രിക്കറ്റിൽ രസകരമായ പല സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരത്തിലൊരു സംഭവമാണ് ഹോങ് കോങ് ടി20 ബ്ലിറ്റ്സിലായിരുന്നു വിക്കറ്റ് കീപ്പറും ബോളറും തമ്മിലുണ്ടായത്. എളുപ്പം ചെയ്യാമായിരുന്ന സ്റ്റംപിങ് വിക്കറ്റ് കീപ്പർ വിട്ടു കളഞ്ഞതിനെ നോട്ടം കൊണ്ടാണ് ബോളർ മറുപടി നൽകിയത്.

ഹോങ് കോങ് ഐലൻഡ് യുണൈറ്റഡിന്റെ വിക്കറ്റ് കീപ്പർ സീഷൻ അലിയാണ് എളുപ്പത്തിൽ ചെയ്യാനാവുമായിരുന്ന സ്റ്റംപിങ് വിട്ടു കളഞ്ഞത്. മൽസരത്തിന്റെ 7-ാം ഓവറിലായിരുന്നു ഈ അവസരം വിട്ടു കളഞ്ഞത്. സിറ്റി കട്ടെക്ക് ടീമിന്റെ അൻഷുമാൻ റാത് സ്പിന്നർ ഇഷാൻ ഖാന്റെ ബോൾ സിക്സറിന് പറത്തിയെങ്കിലും മിസായി ചെന്നുവീണത് വിക്കറ്റ് കീപ്പറുടെ കൈകളിലായിരുന്നു.

ക്രീസിന് പുറത്തിറങ്ങിയാണ് ബാറ്റ്സ്മാൻ സിക്സറിന് ബാറ്റ് ഉയർത്തിയത്. പക്ഷേ വിക്കറ്റ് കീപ്പർ അലിയുടെ കൈകളിൽനിന്നും ബോൾ വഴുതി പോയിക്കൊണ്ടിരുന്നു. മൂന്നു തവണ ബോൾ സ്റ്റംപിൽ തട്ടാൻ അലി നോക്കിയെങ്കിലും നടന്നില്ല. ഒടുവിൽ സ്റ്റംപിൽ തട്ടി. പക്ഷേ ബോളിനു പകരം കൈകൊണ്ടാണെന്ന് മാത്രം.

സ്റ്റംപിങ് വിട്ടുകളഞ്ഞ അലിയെ നോട്ടം കൊണ്ടാണ് ബോളർ ഇഷാൻ കൊന്നത്. ബാറ്റ്സ്മാൻ റാത്ത് 35 റൺസ് നേടിയാണ് കളംവിട്ടത്. ഒരിക്കൽ വിക്കറ്റിന്റെ വക്കിൽനിന്നും രക്ഷപ്പെട്ട റാത്തിനെ 11-ാം ഓവറിൽ ബോളർ ഇഷാൻ തന്നെയാണ് പവലിയനിലേക്ക് മടക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ