ദുബായ്: ഏഷ്യ കപ്പിൽ ഹോങ്കോങ്ങിനെയും പാക്കിസ്ഥാനെയും തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം ഇന്ന് ബംഗ്ലാദേശിനെ നേരിടാനൊരുങ്ങുന്നത്. ശ്രീലങ്കയോട് ജയിച്ച ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനോട് തോൽവി സമ്മതിച്ചിരുന്നു. ഈ തോൽവിയുടെ ക്ഷീണം ഇന്ത്യയെ തോൽപ്പിച്ച് തീർക്കാനാണ് ബംഗ്ലാ കടുവകളുടെ ശ്രമം.
അഫ്ഗാനിസ്ഥാനോട് തോറ്റെങ്കിലും ബംഗ്ലാ കടുവകളെ എഴുതി തളളാനാവില്ല. ഇന്ത്യയ്ക്ക് ബംഗ്ലാദേശ് കടുത്ത വെല്ലുവിളി ഉയർത്തുന്നവരാണ്. രോഹിത് ശർമ്മയുടെ നായകത്വത്തിൽ ഇന്ത്യൻ ടീം ശക്തമാണെങ്കിലും വിരാട് കോഹ്ലിയുടെ അസാന്നിധ്യം ടീമിനെ ചെറുതായി അലട്ടുന്നുണ്ട്.
ഏഷ്യ കപ്പിൽ ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്നതും കോഹ്ലിയുടെ അസാന്നിധ്യത്തെ കുറിച്ചാണ്. ബംഗ്ലാദേശ് ക്യാപ്റ്റനോടും കോഹ്ലിയെക്കുറിച്ചുളള ഇതേ ചോദ്യം ഉയർന്നു. ഇതിന് ബംഗ്ലാദേശ് ക്യാപ്റ്റൻ മഷ്റഫി മൊര്ത്താസയുടെ മറുപടി ഇങ്ങനെ: ”എന്തുകൊണ്ടാണ് വിരാട് കോഹ്ലിയുടെ അസാന്നിധ്യത്തെക്കുറിച്ച് മാത്രം സംസാരിക്കുന്നത്. ഞങ്ങളുടെ കൂട്ടത്തിൽ തമീം ഇക്ബാലും ഇല്ല. അദ്ദേഹം ഞങ്ങളുടെ താരമാണ്. എപ്പോഴും അദ്ദേഹം ടീമിന് വേണ്ടി മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭാവം മറ്റുളള ടീമുകൾക്ക് നേട്ടമാണ്. അതേസമയം, ഞങ്ങളുടെ ടീമിലെ മറ്റുളള താരങ്ങൾക്ക് അതൊരു അവസരം കൂടിയാണ് നൽകുന്നത്.”
Read: എഷ്യൻകപ്പിൽ ഇനി സൂപ്പർ 4 പോരാട്ടങ്ങൾ; ആദ്യ മത്സരം ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ
”ഒരു താരമല്ല കളിയെ മുന്നോട്ടുകൊണ്ടുപോകുന്നത്. മൈതാനത്താണ് കഴിവ് തെളിയിക്കേണ്ടത്. ഞങ്ങൾ ചില പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. അത് മൈതാനത്ത് നടപ്പിലാക്കുന്നതിനൊപ്പം മികച്ച പ്രകടനം കൂടി ടീമിന് പുറത്തെടുക്കാനായാൽ ഞങ്ങൾ ജയിക്കും”, മഷ്റഫി മൊര്ത്താസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
”ഇന്ത്യ-പാക്കിസ്ഥാൻ മൽസരം നടക്കുമ്പോൾ അമിതമായി ഹൈപ്പ് ഉണ്ടാവാറുണ്ട്. ഞങ്ങൾ ഇന്ത്യയുമായി കളിക്കുമ്പോഴും ഇതുണ്ടാകാറുണ്ട്. ഇന്ത്യയ്ക്കെതിരെ ഒരുപാട് മൽസരങ്ങൾ ഞങ്ങൾക്ക് കളിക്കാനായിട്ടില്ല. കഴിഞ്ഞ വർഷം ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ ഇന്ത്യയായിരുന്നു ഞങ്ങളുടെ എതിരാളികൾ. ആഭ്യന്തര പരന്പരയിൽ ഇന്ത്യയെ ഞങ്ങൾ തോൽപ്പിച്ചിട്ടുണ്ട്. ഇന്ത്യയെയാണോ അതോ മറ്റേതെങ്കിലും ടീമിനെയാണോ ഞങ്ങൾ നേരിടുന്നതെന്നത് ഒരു വിഷയമല്ല, എല്ലാ ടീമിനെയും തോൽപ്പിച്ച് ജയം നേടുകയാണ് ഞങ്ങളുടെ ലക്ഷ്യം”, മഷ്റഫി മൊര്ത്താസ് പറഞ്ഞു.
ഇന്ത്യൻ സമയം വൈകിട്ട് അഞ്ച് മണിക്ക് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സൂപ്പർ ഫോറിലെ ആദ്യ മത്സരം. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും അയൽക്കാരായ ബംഗ്ലാദേശും തമ്മിലാണ് ആദ്യ മത്സരം.