കൊച്ചി: സ്വന്തം രാജ്യത്തിനായി രാജ്യാന്തര വേദിയിൽ ഒരു തവണയെങ്കിലും കളിക്കുകയെന്നത് ഏതൊരു ക്രിക്കറ്റ് താരത്തെ സംബന്ധിച്ചിടത്തോളവും വലിയ സ്വപ്നമാണ്. ഇപ്പോൾ ആ സ്വപ്ന നേട്ടത്തിന് അരികിലാണ് മലയാളി താരം സന്ദീപ് വാര്യർ. ഇന്ത്യൻ പേസ് ഡിപ്പാർട്മെന്റിൽ തലമുറ മാറ്റത്തിന് സമയമായി എന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ വാക്കുകൾ സന്ദീപ് ഉൾപ്പടെയുള്ള യുവതാരങ്ങളുടെ പ്രതീക്ഷകളും അവസരങ്ങളും സജീവമാക്കുകയാണ്. എന്നാൽ അത്തരത്തിലുള്ള പ്രതീക്ഷകളുടെ അമിത ഭാരമില്ലാതെയാണ് കഴിഞ്ഞ കുറച്ച് നാളുകളായി താൻ ക്രിക്കറ്റ് കളിക്കുന്നതെന്ന് സന്ദീപ് വാര്യർ പറയുന്നു.

ടിനു യോഹന്നാനും ശ്രീശാന്തിനും ശേഷം ഇന്ത്യൻ ടെസ്റ്റ് കുപ്പായത്തിൽ രാജ്യാന്തര മത്സരം കളിക്കുന്ന താരമാകാനൊരുങ്ങുകയാണ് ഈ തൃശൂരുകാരൻ. നിലവിൽ ഇന്ത്യ എ ടീമിലും കേരള ടീമിലും സ്ഥിരസാന്നിദ്ധ്യമായ സന്ദീപ് വാര്യർ സ്ഥിരതയാർന്ന പ്രകടനത്തോടെയാണ് ശ്രദ്ധ നേടുന്നത്. ഇഷാന്ത് ശർമ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവരാണ് നിലവിൽ ഇന്ത്യൻ പേസ് ഡിപ്പാർട്മെന്റിനെ നയിക്കുന്നത്. എന്നാൽ 33ലേക്ക് കടക്കുന്ന ഉമേഷ് യാദവിനും 32ലേക്ക് കടക്കുന്ന ഇഷാന്ത് ശർമയ്ക്കും ഇനി അധികം നാൾ ഇന്ത്യൻ കുപ്പായത്തിൽ തുടരാനാകില്ലെന്ന സൂചന നായകൻ വിരാട് കോഹ്‌ലി നൽകിയിരുന്നു. അമിത ജോലി ഭാരമാണ് മുഹമ്മദ് ഷമിയുടെ കാര്യത്തിൽ ഇന്ത്യയെ വലയ്ക്കുന്ന പ്രശ്നം. കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിക്കുന്ന പേസ് ഡിപ്പാർട്മെന്റിൽ നിന്ന് ഇവർ പുറത്തേക്ക് പോകുമ്പോൾ ആ വിടവ് നികത്താൻ ഇന്ത്യൻ ബെഞ്ചിൽ അവസരം കാത്തിരിക്കുന്ന മൂന്നോ നാലോ താരങ്ങളിൽ ഒരാൾ സന്ദീപാണ്.

Also Read: ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമാകാൻ അഞ്ച് പേസർമാർ; പട്ടികയിൽ രണ്ട് മലയാളികളും

രഞ്ജി ട്രോഫി 2012-13 സീസണിൽ കേരള ടീമിൽ അരങ്ങേറ്റം കുറിച്ച സന്ദീപ് ആ വർഷം തന്നെ അഞ്ച് മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റുകളുമായി തിളങ്ങി. കഴിഞ്ഞ 2018-19 സീസണിൽ 44 വിക്കറ്റുകളുമായി ഗ്രൂപ്പ് ഘട്ടത്തിൽ വിക്കറ്റ് വേട്ടക്കാരിൽ ഒന്നമനായ സന്ദീപ് ഐപിഎല്ലിലും ഇതിനോടകം തന്റെ സ്ഥാനമുറപ്പിച്ചുകഴിഞ്ഞ താരമാണ്. ഏറ്റവും ഒടുവിൽ ന്യൂസിലൻഡ് എയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ എ ടീമിലിടം നേടിയ സന്ദീപ് രണ്ട് മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റുമായി രാജ്യാന്തര വേദിയിലും മികവ് തെളിയിച്ചു.

ഈ പ്രകടനങ്ങളെല്ലാം തന്നെയാണ് സന്ദീപിന്റെ സാധ്യതകൾ സജീവമാക്കുന്നത്. പന്തുകൾ അനായാസം സ്വിങ് ചെയ്യാൻ സാധിക്കുന്ന താരമാണ് സന്ദീപ്. ഒപ്പം പുതിയ ബോളിൽ ഡിപ് കണ്ടെത്താനും സന്ദീപിന് അനായാസം സാധിക്കും. രാജ്യന്തര നിലവാരത്തിൽ പന്തെറിയുന്ന സന്ദീപ് എന്തുകൊണ്ടും ഇന്ത്യൻ ടെസ്റ്റ് ടീമിലിടം പിടിക്കേണ്ട താരമാണ്.

എന്നാൽ അത്തരത്തിലുള്ള പ്രതീക്ഷകളൊന്നുമില്ലാതെയാണ് താനിപ്പോ ക്രിക്കറ്റ് കളിക്കുന്നതെന്നാണ് സന്ദീപ് പറയുന്നത്. ” കഴിഞ്ഞ രണ്ട് കൊല്ലത്തോളമായി ഞാൻ ക്രിക്കറ്റ് കളിക്കുന്നത് യതൊരു പ്രതീക്ഷകളുന്നുമില്ലാതെയാണ് കളിക്കുന്നത്. എന്നിൽ പ്രതീക്ഷ വയ്ക്കാതെ ടീമിന് വേണ്ടി ആ സമയം എന്ത് ചെയ്യാനാകുമെന്നാണ് ചിന്തിക്കുന്നത്. അതാണ് എന്റെ പ്രകടനങ്ങളെ സഹായിക്കുന്നതും. ഫിറ്റ്നസ്, സ്കിൽ എന്നിങ്ങനെ എന്റേതായ പ്രക്രിയകൾക്ക് മാത്രമാണ് പ്രാധാന്യം നൽകുന്നത്. അല്ലാതെ മികച്ച കളിയിലൂടെ ഇന്ത്യൻ ടെസ്റ്റ് ക്യാപ്പ് കിട്ടുമെന്ന പ്രതീക്ഷ എന്റെ കാര്യത്തിൽ പ്രാവർത്തികമാകുമോയെന്ന് സംശയമുണ്ട്,” സന്ദീപ് വാര്യർ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.

തന്റെ മികച്ച പെർഫോമെൻസെല്ലാം അത്തരത്തിൽ പ്രതീക്ഷകളില്ലാതെ കളിക്കുമ്പോഴാണെന്നും സന്ദീപ് പറയുന്നു. എവിടെ കളിച്ചാലും തന്റെ മികച്ച പെർഫോമൻസ് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ന്യൂസിലൻഡ് എയ്ക്കെതിരായ പരമ്പരയിലും കഴിഞ്ഞ കുറച്ച് നാളുകളായി താൻ ചെയ്തുവരുന്ന പ്രക്രിയയുടെ തുടർച്ച മാത്രമായിരുന്നു തന്റെ പ്രകടനമെന്നും സന്ദീപ് കൂട്ടിച്ചേർത്തു.

Also Read: പ്രായം പരിധി കടക്കുന്നു; ബോളിങ് നിരയിൽ അടിമുടി മാറ്റത്തിനൊരുങ്ങി ഇന്ത്യ

“ഐപിഎല്ലിലേക്ക് എത്തുമ്പോൾ തനിക്ക് പുതിയതായി ഒന്നും ചെയ്യാനില്ല. ഇതുവരെ ചെയ്തത് തുടരാനല്ലാതെ ഒരു മാജിക് ബോളെറിയാനൊന്നും പറ്റില്ല. ഐപിഎൽ പോലൊരു വേദിയാണെങ്കിലും നമ്മുടെ കഴിവിന്റെ പരമാവധി ചെയ്യാനെ സാധിക്കൂ. ഒപ്പം പരിശീലകർ പറയുന്ന മേഖലകൾ കൂടുതൽ മെച്ചപ്പെടുത്താനും. അതുകൊണ്ട് തന്നെ നമ്മുടെ സ്ട്രെങ്ത് എന്താണോ അതിൽ കൂടുതൽ ഫോക്കസ് ചെയ്യുക എന്നതാണ് പ്രധാനം, ” സന്ദീപ് പറഞ്ഞു.

സന്ദീപ് വാര്യർ ഇന്ത്യൻ ടീമിലെത്തുന്നതിൽ മറിച്ചൊരു അഭിപ്രായം ആർക്കുമുണ്ടാകില്ല. മുൻ കേരള താരവും സഹപരിശീലകനും ക്രിക്കറ്റ് നിരീക്ഷകനുമായ സോണി ചെറുവത്തൂരും ഇത് അടിവരയിടുന്നു. കഴിഞ്ഞ രണ്ട് സീസണുകളിലും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന സന്ദീപ് വാര്യർ എന്തുകൊണ്ടും ഇന്ത്യൻ ടീമിലിടം നേടാവുന്ന താരമാണെന്നാണ് സോണി പറയുന്നത്.

” മികച്ച പേസുള്ള താരമാണ് സന്ദീപ് വാര്യർ, ഒപ്പം ഇന്ത്യൻ ബോളേഴ്സിൽ കാണാത്തൊരു ഡിപ് അദ്ദേഹത്തിലുണ്ട്. രാജ്യാന്തര ക്രിക്കറ്റിൽ നേരത്തെ ഷെയ്പ്പ് ചെയ്യുന്ന ഔട്ട് സ്വിങ്ങിനേക്കാൾ കുറച്ചുകൂടെ അകത്തേക്ക് വന്നിട്ട് പുറത്തേക്കു പോകുന്ന പന്തുകൾ ഏറെ ഗുണം ചെയ്യുന്നവയാണ്. അങ്ങനെ പന്തെറിയാൻ സന്ദീപിന് സാധിക്കും, ” സോണി ചെറുവത്തൂർ പറയുന്നു.

കേരളത്തിൽ നിന്ന് ഏതെങ്കിലും താരം ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ യോഗ്യനാണെങ്കിൽ അത് സന്ദീപ് വര്യറാണെന്നും സോണി പറയുന്നു. കഠിനാദ്ധ്വാനിയാണ് സന്ദീപ്. മത്സരം തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ അതിനുള്ള ഒരുക്കം ആരംഭിക്കുന്ന താരമാണ്. കേരള ടീമിൽ വളരെ പ്രൊഫഷനലായി ഇത്തരം കാര്യങ്ങൾ ചെയ്യുന്ന താരം സന്ദീപാണ്. പുതിയ കാര്യങ്ങൾ പഠിക്കാൻ താൽപ്പര്യം കാണിക്കുന്നയാൾ കൂടിയാണ് സന്ദീപ്. ആഭ്യന്തര ക്രിക്കറ്റിനേക്കാൾ മികച്ച രീതിയിൽ രാജ്യാന്തര ക്രിക്കറ്റിൽ തിളങ്ങാൻ സന്ദീപിന് സാധിക്കുമെന്നും സോണി കൂട്ടിച്ചേർത്തു.

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിർത്തിയ താരങ്ങളിലൊരാളാണ് സന്ദീപ് വാര്യർ. 58 മത്സരങ്ങൾ പുറത്തിരുന്ന ശേഷം ഐപിഎൽ വേദിയിൽ കിട്ടിയ അവസരവും നന്നായി ഉപയോഗിച്ച സന്ദീപിന് ഈ സീസണിൽ തിളങ്ങാനായാൽ ദേശീയ ടീമിലേക്കുള്ള വിളിക്ക് അധികം കാത്തിരിക്കേണ്ടിവരില്ല. ഏഴിന് ആരംഭിക്കുന്ന ഐപിഎൽ ക്യാമ്പിന് മുന്നോടിയായി മികച്ച ഒരുക്കമാണ് സന്ദീപ് നടത്തിയിരിക്കുന്നത്. വൈകാതെ തന്നെ ഒരു മലയാളി താരം ഇന്ത്യൻ ടെസ്റ്റ് കുപ്പായത്തിൽ രാജ്യാന്തര മത്സരം കളിക്കുമെന്ന് പ്രതീക്ഷിക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook