ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ നിന്ന് രോഹിത് ശർമയെ ഒഴിവാക്കിയത് ഏറെ ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. രോഹിത്തിന്റെ ഫിറ്റ്‌നസാണ് ഓസ്‌ട്രേലിയൻ പര്യടനത്തിൽ നിന്നു ഒഴിച്ചുനിർത്താനുള്ള കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഐപിഎല്ലിനിടെ രോഹിത്തിനു പരുക്കേറ്റിരുന്നു. ഈ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഐപിഎല്ലിൽ മുംബെെ ഇന്ത്യൻസ് നായകനായ രോഹിത് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കളിച്ചില്ല.

രോഹിത് ഐപിഎല്ലിൽ നിന്ന് പുറത്തായോ ?
ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ നിന്ന് രോഹിത്തിനെ ഒഴിവാക്കി വാർത്ത പുറത്തുവന്നതിനു തൊട്ടുപിന്നാലെ ഹിറ്റ്‌മാൻ ഇനിയുള്ള ഐപിഎൽ മത്സരങ്ങൾ കളിക്കില്ലെന്ന റിപ്പോർട്ട് പുറത്തുവന്നു. പരുക്ക് മൂലമാണ് ഐപിഎൽ 13-ാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് രോഹിത് ശർമ പിന്മാറിയതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മുംബെെ ഇന്ത്യൻസോ രോഹിത് ശർമ നേരിട്ടോ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ഡിസംബറിൽ നടക്കുന്ന ഓസ്‌ട്രേലിയൻ പര്യടനത്തിനു കളിക്കാൻ സാധിക്കാത്ത രോഹിത് ശർമ എങ്ങനെയാണ് ഇനിയുള്ള ഐപിഎൽ മത്സരങ്ങളിൽ പാഡണിയുക എന്ന ചോദ്യവും അവശേഷിക്കുന്നു.
ചർച്ചകൾക്ക് തുടക്കമിട്ടത് മുംബെെ ഇന്ത്യൻസിന്റെ ട്വീറ്റ്
ഓസ്‌ട്രേലിയൻ പര്യടനത്തിൽ നിന്ന് രോഹിത്തിനെ ഒഴിവാക്കി, ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ രോഹിത് കളിക്കില്ല തുടങ്ങിയ വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് മുംബെെ ഇന്ത്യൻസിന്റെ ഒരു ട്വീറ്റ് വരുന്നത്.
രോഹിത് പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന ചിത്രമാണ് മുംബെെ പങ്കുവച്ചത്. രോഹിത്തിന്റെ പരിശീലന വീഡിയോയും മുംബെെ പങ്കുവച്ചിരുന്നു. ഇത് കായികലോകത്ത് ഏറെ ചർച്ചയായി. പരുക്കിനെ തുടർന്ന് ഡിസംബറിലെ മത്സരങ്ങളിൽ നിന്ന് ഒഴിവാക്കിയ രോഹിത് ഇപ്പോൾ പരിശീലനം നടത്തുന്ന വീഡിയോ ഏറെ ചോദ്യങ്ങൾ ഉന്നയിക്കുന്നു.
seconds of RO in full flow!#OneFamily #MumbaiIndians #MI #Dream11IPL @ImRo45 pic.twitter.com/65ajVQcEKc
— Mumbai Indians (@mipaltan) October 26, 2020
ഗവാസ്‌കറുടെ ചോദ്യം
സുനിൽ ഗവാസ്‌കറാണ് ചർച്ചകൾ ഇത്രയേറെ ചൂടുപിടിപ്പിച്ചത്. ബിസിസിഐക്കെതിരെ ഒളിയമ്പെയ്യുകയാണ് ഗവാസ്‌കർ ചെയ്‌തത്. രോഹിത്തിന് എന്ത് സംഭവിച്ചു എന്ന് വ്യക്തമാക്കണമെന്ന് ഗവാസ്‌കർ ആവശ്യപ്പെട്ടു.
“ഒന്നര മാസം കഴിഞ്ഞുള്ള ടെസ്റ്റ് മത്സരങ്ങളെ കുറിച്ചാണ് നമ്മൾ ഇപ്പോൾ സംസാരിക്കുന്നത്. ഒന്നരമാസം കഴിഞ്ഞുള്ള പരമ്പരയിൽ നിന്ന് രോഹിത്തിനെ ഒഴിവാക്കിയിരിക്കുന്നു. പരുക്കാണ് കാരണം. എന്നാൽ, രോഹിത് നെറ്റ്‌സിൽ പരിശീലിക്കുന്ന വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിരിക്കുന്നു. എന്ത് തരം പരുക്കാണ് രോഹിത്തിന് സംഭവിച്ചിട്ടുള്ളത്. സത്യസന്ധമായി പറഞ്ഞാൽ എനിക്ക് അറിയില്ല എന്തുതരം പരുക്കാണിതെന്ന്. എനിക്ക് തോന്നുന്നു ഇവിടെ ചില കാര്യങ്ങളിൽ സുതാര്യത കുറവുണ്ട്. രോഹിത്തുമായി എന്താണ് പ്രശ്‌നമെന്ന് അറിയാൻ എല്ലാവർക്കും അവകാശമുണ്ട്. ഇതിലെ സത്യസന്ധമായ വസ്‌തുത അറിയാൻ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർക്ക് അവകാശമുണ്ട്. കഴിഞ്ഞ രണ്ട് കളികളിലായി പരുക്ക് മൂലം പുറത്തിരിക്കുന്ന പഞ്ചാബ് ഓപ്പണർ മായങ്ക് അഗർവാൾ ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള മൂന്ന് ടീമിലുമുണ്ടല്ലോ !” ഗവാസ്‌കർ പറഞ്ഞു.
രോഹിത്തിന്റെ പരുക്ക്
കഴിഞ്ഞ ഞായറാഴ്‌ച പഞ്ചാബിനെതിരായ മത്സരത്തിലാണ് രോഹിത്തിന് പരുക്കേറ്റത്. തുടയുടെ പിൻഭാഗത്തുള്ള മാംശപേശികളിൽ ശക്തമായ വേദനയും നീരുമുണ്ട്. ഏറെ നാളത്തെ വിശ്രമത്തിനുശേഷമേ രോഹിത്തിന് ഇനി ക്രിക്കറ്റിലേക്ക് തിരിച്ചെത്താൻ സാധിക്കൂ.
Read Also: മുംബൈ ഇന്ത്യൻസിന് ഞെട്ടൽ, രോഹിത് ശർമ ഐപിഎല്ലിൽ നിന്ന് പുറത്ത് ?
രോഹിത്തിനെതിരായ പ്രസ്‌താവന, പുലിവാല് പിടിച്ച് വീരു
രോഹിത് ശർമയുടെ ഫിറ്റ്‌നസിനെ ‘വട പാവി’നോട് ഉപമിച്ച വിരേന്ദർ സേവാഗ് പുലിവാല് പിടിച്ചു. ഉത്തരവാദിത്തപ്പെട്ട ഒരു താരത്തിൽ നിന്ന് രോഹിത് ശർമയെ പരിഹസിച്ചുള്ള പരാമർശം വളരെ മോശമായിപ്പോയി എന്ന് ഹിറ്റ്‌മാൻ ആരാധകർ പറയുന്നു.
ചെന്നെെ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ രോഹിത് കളിച്ചിരുന്നില്ല. പകരം, സൗരഭ് തിവാരിയാണ് മുംബെെയ്ക്ക് വേണ്ടി ഓപ്പണറായത്. മത്സരശേഷം ഇൻസ്റ്റഗ്രാം വീഡിയോയിലാണ് സേവാഗ് രോഹിത്തിനെ പരിഹസിച്ചത്. “രോഹിത് കളിക്കുന്നില്ല. വട പാവിന് പരുക്ക് പറ്റിയപ്പോൾ അദ്ദേഹത്തിന്റെ സ്ഥാനം സമോസ പാവ് സ്വന്തമാക്കി. സൗരഭ് തിവാരിയെയാണ് ഞാൻ ഉദ്ദേശിച്ചത്,” സേവാഗ് പറഞ്ഞു.
ഈ പ്രസ്‌താവനയ്‌ക്കെതിരെ വലിയ വിമർശനങ്ങളാണ് ഇപ്പോൾ സേവാഗ് നേരിട്ടുകൊണ്ടിരിക്കുന്നത്.
ബയോയിൽ നിന്ന് ‘ഇന്ത്യൻ ക്രിക്കറ്റർ’ നീക്കം ചെയ്‌തു
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ തന്റെ ഔദ്യോഗിക അക്കൗണ്ടുകളിൽ നിന്ന് ‘ഇന്ത്യൻ ക്രിക്കറ്റർ’ എന്നുള്ള ബയോ രോഹിത് ശർമ നീക്കം ചെയ്‌തതായി ആരാധകർ പറയുന്നു.
എന്തുകൊണ്ടാണ് ബയോയിൽ തിരുത്തലെന്ന് ട്വിറ്ററിൽ നിരവധി പേർ ചോദ്യമുന്നയിച്ചു. ഓസീസ് പര്യടനത്തിനുള്ള ടീം പ്രഖ്യാപനത്തിനു പിന്നാലെയാണ് ബയോ എഡിറ്റ് ചെയ്‌തതെന്ന് ആരാധകർ പറയുന്നു. ബിസിസിഐയുമായി രോഹിത് എന്തെങ്കിലും പ്രശ്‌നത്തിലാണോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.