ന്യൂഡല്‍ഹി: നായകസ്ഥാനത്ത് നിന്ന് വിരാട് കോഹ്ലിയെ നീക്കുന്നതായുള്ള ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രിക്കറ്റ് ഇന്ത്യയുടെ (ബിസിസിഐ) ഔദ്യോഗിക സ്ഥിരീകരണം കേവലം ഒറ്റ വരിയില്‍ അവസാനിച്ചു. രോഹിത് ശര്‍മയെ ഏകദിന, ട്വന്റി 20 ടീമുകളുടെ നായകനായും പ്രഖ്യാപിച്ചു. ടെസ്റ്റില്‍ ഉപനായക സ്ഥാനത്തേക്കും രോഹിത് എത്തിയെന്നതും ശ്രദ്ധേയമാണ്.
ഇക്കാര്യം കുറച്ചു കാലമായി പരിഗണനയിലുള്ളതായിരുന്നതും എന്നാല്‍ അന്തിമ തീരുമാനം സെലക്ടര്‍ എടുക്കുന്നതിനാലാണ് വൈകിയതെന്നും ബിസിസിഐ ഉന്നത വ്യത്തങ്ങള്‍ അറിയിച്ചു. ”വൈറ്റ് ബോള്‍, റെഡ് ബോള്‍ ക്രിക്കറ്റുകള്‍ തമ്മില്‍ ബിസിസിഐക്ക് വ്യക്തമായ ധാരണ ആവശ്യമായിരുന്നു. ആശയക്കുഴപ്പം ഒഴിവാക്കുന്നതിന് ഫോര്‍മാറ്റുകളുടെ നേതൃത്വത്തില്‍ മാറ്റമുണ്ടാകണമെന്നായിരുന്നു ബിസിസിഐയുടെ കാഴ്ചപ്പാട്. അതിനാലാണ് രോഹിതിനെ ഏകദിന ക്യാപ്റ്റനായി നിയമിച്ചത്,” ബിസിസിഐ വൃത്തങ്ങള്‍ ഇന്ത്യന്‍ എക്സപ്രസിനോട് പറഞ്ഞു.
ജോലിഭാരം ചൂണ്ടിക്കാണിച്ചായിരുന്നു കോഹ്ലി ട്വന്റി 20 നായസ്ഥാനം ഒഴിഞ്ഞത്. എന്നാല്‍ ഏകദിന നേതൃമാറ്റം ബിസിസിഐ തീരുമാനമായി കണക്കാക്കപ്പെടുന്നു. മൂന്ന് മാസം മുന്‍പ് ട്വന്റി 20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമ്പോൾ ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയെ നയിക്കാനുള്ള ആഗ്രഹം കോഹ്ലി പ്രകടിപ്പിച്ചിരുന്നു.
”ജോലിഭാരം മനസിലാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്, കഴിഞ്ഞ എട്ട്, ഒന്‍പത് വർഷമായി മൂന്ന് ഫോർമാറ്റുകളും കളിക്കുകയും കഴിഞ്ഞ അഞ്ച്, ആറ് വർഷമായി നായകനാകുകയും ചെയ്ത എന്റെ ജോലിഭാരം വലുതാണ്. ടെസ്റ്റ്, ഏകദിനങ്ങളില്‍ ഇന്ത്യയെ നയിക്കുന്നതിന് എനിക്ക് തയാറെടുക്കേണ്ടതുണ്ട്,” കോഹ്ലി സെപ്റ്റംബറിൽ പറഞ്ഞു.
എന്നാല്‍ ട്വന്റി 20 ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ പുറത്തായതോടെ ബിസിസിഐയും കോഹ്ലിയും രണ്ട് തട്ടിലാവുകയായിരുന്നു. ഭിന്നത പ്രകടിപ്പിക്കാനുള്ള ആദ്യത്തെ അവസരത്തില്‍ തന്നെ അവരത് വ്യക്തമാക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ രോഹിത് ഉപനായക സ്ഥാനത്തുമെത്തി. ഒപ്പം താരത്തെ ഏകദിന ക്യാപ്റ്റനായും ബിസിസിഐ പ്രഖ്യാപിച്ചു.
തീരുമാനത്തെക്കുറിച്ച് കോഹ്ലിയെ നേരത്തെ അറിയിച്ചിരുന്നില്ലെന്നാണ് മനസിലാക്കുന്നത്. ഇത് കീഴ്വഴക്കളെ അട്ടിമറിച്ച ഒന്നായിരുന്നു. ട്വന്റി 20 ക്യാപ്റ്റൻ സ്ഥാനത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, ബോർഡ് സെക്രട്ടറി ജയ് ഷാ എന്നിവരുമായി കോഹ്ലി ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകസ്ഥാനം ഉപേക്ഷിച്ചതും കോഹ്ലിയുടെ വ്യക്തിപരമായ തീരുമാനമായിരുന്നു.
കോഹ്ലിയുടെ സ്ഥാനത്തിന് ഉറപ്പു നഷ്ടപ്പെട്ടതിന്റെ ആദ്യ സൂചനകളായിരുന്നു മുന്‍ നായകന് എം.എസ്.ധോണിയെ ട്വന്റി 20 ലോകകപ്പില്‍ ടീമിന്റെ ഉപദേശകനായി നിയമിച്ചത്. ഐസിസി ടൂര്‍ണമെന്റുകള്‍ കോഹ്ലിക്ക് വിജയിക്കാന്‍ കഴിയാതെ പോകുന്നത് ബിസിസിഐയുടെ പ്രധാന ആശങ്കകളില്‍ ഒന്നാണ്. ട്വന്റി 20 ലോകകപ്പ് കോഹ്ലിയുടെ നായക സ്ഥാനം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതില്‍ നിര്‍ണായകമായിട്ടാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ലോകകപ്പ് ആരംഭിക്കും മുന്‍പ് തന്നെ കോഹ്ലി നായക പദവി ഒഴിഞ്ഞു. 2023 ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കെ നായകസ്ഥാനം ഒഴിയാന്‍ കോഹ്ലി തയാറായിരുന്നില്ല. എന്നാല്‍ ബിസിസിഐ ശക്തമായ തീരുമാനം എടുക്കുകയായിരുന്നു.
ചരിത്രവും താരങ്ങള്‍ക്ക് ഒപ്പമല്ല
ഇന്ത്യന്‍ ക്രിക്കറ്റില്‍ നായകസ്ഥാനം സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ ഒരിക്കലും താരങ്ങള്‍ക്ക് ഒപ്പമായിരുന്നില്ല. 1983 ലോകകപ്പ് നേടിയതിന് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ കപില്‍ ദേവിന് നായകസ്ഥാനം നഷ്ടമായി. 1985 ലോക ചാമ്പ്യന്‍ഷിപ്പ് നേടിയതിന് പിന്നാലെ സുനില്‍ ഗവാസ്കറും പടിയിറങ്ങി. പരിതാപകരമായ അവസ്ഥയായിരുന്നു ഗാംഗുലിയുടെ പുറത്താകലിന് പിന്നില്‍. മൂന്ന് സുപ്രധാന കിരീടങ്ങള്‍ കൈവശമുണ്ടായിരുന്ന ധോണിയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. പുതിയ നായകനെ ആവശ്യമായി വന്നപ്പോള്‍ സെലക്ടര്‍മാര്‍ തന്നെ ധോണിക്ക് സൂചനകള്‍ നല്‍കിയിരുന്നു.
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായകന്മാരില് ഒരാളാണ് കോഹ്ലി. 95 ഏകദിന മത്സരങ്ങളില്‍ 65 എണ്ണവും വിജയിച്ചു. വിജയശതമാനം 70 ശതമാനത്തിന് മുകളിലാണ്. 45 ട്വന്റി 20 മത്സരങ്ങളില്‍ 25 എണ്ണത്തിലും വിജയം. ട്വന്റി 20, ഏകദിന ക്രിക്കറ്റില്‍ രോഹിത് ശര്‍മ ഏറെ നാളായി ടീമിന്റെ ഉപനായകനാണ്. 10 ഏകദിനത്തിലും 19 ട്വന്റി 20 യിലും ടീമിനെ രോഹിത് നയിച്ചിട്ടുണ്ട്. സ്ഥിരം നായകനായുള്ള ആദ്യ പരമ്പരയില്‍ ന്യൂസിലന്‍ഡിനെതിരെ സമ്പൂര്‍ണ ജയം സ്വന്തമാക്കാന്‍ രോഹിതിന് കഴിഞ്ഞു.
2017 ലാണ് ധോണിയില്‍ നിന്ന് കോഹ്ലിയിലേക്ക് നായകസ്ഥാനം എത്തിയത്. എന്നാല്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ കോഹ്ലിയുടെ ടീമിന് കിരീടം നേടാന്‍ കഴിഞ്ഞു. 2017 ഐസിസി ചാമ്പ്യന്‍സ് ട്രോഫി, 2021 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എന്നിവയുടെ ഫൈനലില്‍ എത്തിയെങ്കിലും ദയനീയ പരാജയം ഏറ്റുവാങ്ങിയായിരുന്നു മടക്കം.
നിലവിലെ ഫോമും കോഹ്ലിക്ക് അനുകൂലമായിരുന്നില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി 12 ഏകദിനം കളിച്ച കോഹ്ലിക്ക് 560 റണ്‍സാണ് നേടാനായത്. ഒരു സെഞ്ചുറി പോലും താരത്തിന് കുറിക്കാനായില്ല. 46.66 ആണ് കഴിഞ്ഞ രണ്ട് വര്‍ഷത്തെ ബാറ്റിങ് ശരാശരി. കോഹ്ലിയുടെ യഥാര്‍ത്ഥ ബാറ്റിങ് ശരാശരി 59.07 ആണ് എന്നത് ഫോമിലെ അന്തരം എടുത്തു കാണിക്കുന്നു. ടെസ്റ്റിലും താരം ബാറ്റിങ്ങില്‍ ശോഭിക്കുന്നില്ല. രണ്ട് വര്‍ഷത്തിനിടെ 13 മത്സരങ്ങളിലാണ് കളിച്ചത്. 599 റണ്‍സാണ് നേട്ടം. ശരാശരി 26.04. മോശം ഫോമിലും അന്നത്തെ പരിശീലകന് രവി ശാസ്ത്രി കോഹ്ലിയെ പിന്തുണച്ചിരുന്നു.
Also Read: Ashes 2021: മുന്നില്‍ നിന്ന് നയിച്ച് വാര്‍ണര്‍; ഓസ്ട്രേലിയക്ക് ലീഡ്