മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും ദിനേശ് കാര്‍ത്തിക്കിനെ ഒഴിവാക്കി പകരം ഋഷഭ് പന്തിനെ ടീമിലെടുത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. റൊട്ടേഷന്‍ പോളിസിയുടേയും വര്‍ക്ക് ലോഡ് മാനേജ്മെന്റിന്റേയും ഭാഗമായാണ് പന്തിനെ ടീമിലെടുത്തതെന്നാണ് പ്രസാദ് പറയുന്നത്.
ഓസ്‌ട്രേിലയയിലേയും ന്യൂസിലന്‍ഡിലേയും ഏകദിന പരമ്പരകള്‍ക്കു ശേഷമാണ് പന്ത് ടീമിലേക്ക് മടങ്ങിയെത്തുന്നത്. കാര്‍ത്തിക്കിനെ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഏകദിന ടീമിലിടം ലഭിച്ചില്ല.
”ഇതിന് മുമ്പ് നമുക്ക് ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും പരമ്പരകളുണ്ടായിരുന്നു. നാല് ടെസ്റ്റ് കളിച്ചതു കൊണ്ടാണ് പന്തിന് വിശ്രമം നല്‍കി കാര്‍ത്തിക്കിനെ ടീമിലെടുത്തത്” പ്രസാദ് പറഞ്ഞു. ”പിന്നീട് പന്ത് ഇംഗ്ലണ്ട് ലയണ്‍സിനെതിരെ കളിച്ചു, അതും നന്നായി. ശേഷം ടി20യില്‍ കളിച്ചു. അവന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും മുമ്പ് കുറച്ച് ഏകദിനത്തിലും കളിപ്പിക്കണമെന്ന് കരുതുകയായിരുന്നു” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ ഒരു ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ ടീമില്‍ വേണമെന്നതും പന്തിനെ തിരഞ്ഞെടുക്കാന്‍ കാരണമായതായി അദ്ദേഹം പറയുന്നു. പന്തിന് ഏറ്റവും അനുയോജ്യമായ പൊസിഷന്‍ കണ്ടെത്തി നല്‍കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.