ഇന്ത്യൻ ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എംഎസ് ധോണിയുടെ പകരക്കാരനെ കണ്ടെത്തുക എന്ന വലിയ ദൗത്യമാണ് സെലക്ടർമാർക്ക് മുന്നിൽ ഇപ്പോഴുള്ളത്. പ്രധാനമായും രണ്ട് താരങ്ങളെയാണ് നിലവിൽ നീലപ്പടയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഒന്ന് റിഷഭ് പന്ത്, രണ്ട് മലയാളി താരം സഞ്ജു സാംസൺ. സഞ്ജുവിനേക്കാൾ കൂടുതൽ അവസരം പന്തിന് ലഭിച്ചു കഴിഞ്ഞു. ലോകകപ്പ് ടീമിലുൾപ്പടെ ഇടംപിടിച്ചെങ്കിലും വൈറ്റ് ബോൾ ക്രിക്കറ്റിൽ തിളങ്ങാൻ താരത്തിന് ഇതുവരെ സാധിച്ചില്ലായെന്നതാണ് യാഥാർത്ഥ്യം. ഇതോടെ കെഎൽ രാഹുൽ വിക്കറ്റ് കീപ്പറുടെ അധികറോളുകൂടെ ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടായി.

എന്നാൽ സഞ്ജുവിന്റെ കാര്യത്തിലേക്ക് വന്നാൽ പന്തിന് ലഭിച്ച തരത്തിലുള്ള അവസരങ്ങളൊന്നും സഞ്ജുവിന് ലഭിച്ചട്ടില്ല. ആഭ്യന്തര ക്രിക്കറ്റിൽ മിന്നും പ്രകടനം പുറത്തെടുക്കുമ്പോഴും രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള വാതിൽ മാത്രം അടഞ്ഞുകിടന്നു. സഞ്ജുവിനേക്കാൾ കൂടുതൽ അവസരം പന്തിന് ലഭിക്കാൻ കാരണം അദ്ദേഹം ഒരു ഇടംകയ്യൻ ബാറ്റ്സ്മാൻ ആയതുകൊണ്ടാണെന്നാണ് സഞ്ജുവിന്റെ പരിശീലകൻ ബിജു ജോർജ് പറയുന്നത്.

Also Read: ധോണിയേക്കാൾ ഒരുപടി താഴെയാണ് പോണ്ടിങ്; മികച്ച നായകനെ തിരഞ്ഞെടുത്ത് ഷാഹിദ് അഫ്രീദി

“സഞ്ജുവുമായി അടുപ്പമുള്ള ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങൾ എന്നോട് ചോദിച്ചാൽ, അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കുമായിരുന്നുവെന്ന് ഞാൻ പറയും. ഇന്ത്യൻ ടീമിന്റെ കാഴ്ചപ്പാട് നോക്കുകയാണെങ്കിൽ – എന്തുകൊണ്ടാണ് അവർ റിഷഭ് പന്തിന് ഇത്രയധികം അവസരങ്ങൾ നൽകുന്നത്? ഒന്ന്, അദ്ദേഹമൊരു ഇടംകയ്യൻ ബാറ്റ്സ്മാനാണ്. രണ്ട്, ടീമിന്റെ തന്ത്രങ്ങൾ. ടീമിൽ ഏറ്റവും അനുയോജ്യരായത് ആരാണെന്ന് ചീഫ് സെലക്ടർ തീരുമാനിക്കണം – പന്ത് അല്ലെങ്കിൽ സഞ്ജു? ഒരാൾക്ക് മാത്രം അവസരം നൽകുന്നതിന് വേണ്ടിയാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് കരുതുന്നില്ല,” ബിജു ജോർജ് പറഞ്ഞു.

Also Read: കുഞ്ഞതിഥിയെ വരവേറ്റ് ഹാർദിക് പാണ്ഡ്യയും നടാഷയും

അതേസമയം അടുത്ത മൂന്ന് വർഷത്തേക്ക് തീരുമാനിച്ചിരിക്കുന്ന ഐസിസി മെഗ ഷെഡ്യൂളിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ പന്തിനും സഞ്ജുവിനും ആവശ്യത്തിന് അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. അതിനിടയിൽ ഇരുവർക്കും അവരുടെ കഴിവുകൾ മെച്ചപ്പെടുത്താനും സമയം ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook