സിഡ്നി: ക്രിക്കറ്റ് ഓസ്ട്രേലിയ്ക്കെതിരായ സന്നാഹ മത്സരത്തിലെ രസകരമായ കാഴ്ചകളിലൊന്നായിരുന്നു ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ബോളര്‍ ആയി മാറിയത്. ബോളിങ്ങും തനിക്ക് വഴങ്ങുമെന്ന് കാണിച്ചു തന്ന വിരാട് വിക്കറ്റും വീഴ്ത്തിയിരുന്നു. ആരാധകരെ ഒരേ സമയം അത്ഭുതപ്പെടുത്തുകയും ചിരിപ്പിക്കുകയും ചെയ്ത നിമിഷമായിരുന്നു കോഹ്ലിയുടെ ബോളിങ്. വിക്കറ്റ് നേട്ടം കോഹ്ലിയെ പോലും ചിരിപ്പിച്ചു. എന്നാല്‍ കോഹ്ലി സ്വയം പന്തെടുക്കാനുള്ള തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രധാന സ്പിന്‍ ബോളര്‍ ആര്.അശ്വിന്.
മത്സരശേഷം സംസാരിക്കവെയായിരുന്നു അശ്വിന്റെ രസകരമായ പ്രതികരണം.”പന്ത് കൃത്യമായി എവിടെ എറിയണമെന്ന് ബോളര്‍മാരെ പഠിപ്പിക്കുകയായിരുന്നു. (ചിരിക്കുന്നു) സത്യത്തില്‍ ബോളര്‍മാര്‍ ക്ഷീണിക്കുന്നത് കണ്ടതോടെയാണ് വിരാട് സ്വയം പന്തെറിയാന്‍ തീരുമാനിച്ചത്. അത് ഉപകരിക്കുകയും ചെയ്തു. മാത്രവുമല്ല കളിയില്‍ രസകരമായൊരു നിമിഷവുമായി മാറി” അശ്വിന് പറഞ്ഞു.
ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമായ ഹാരി നെയില്സനിന്റെ വിക്കറ്റാണ് കോഹ്ലി വീഴ്ത്തിയത്. ഉമേഷ് യാദവിന്റെ ക്യാച്ചിലൂടെയാണ് ഹാരി പുറത്തായത്. വിക്കറ്റ് വീണപ്പോള്‍ കോഹ്ലിക്ക് അത് വിശ്വസിക്കാനായില്ല. വാ പൊത്തി കോഹ്ലി കുറേ നേരം ചിരിച്ചു. അതിനുശേഷം വിക്കറ്റ് ആഘോഷിച്ചു.
രാജ്യാന്തര ഏകദിനത്തില്‍ കോഹ്ലിയുടെ പേരില്‍ എട്ടു വിക്കറ്റുകളാണുളളത്. 2016 ല്‍ വിന്‍ഡീസിനെതിരായ ടി ട്വന്റി മത്സരത്തിലായിരുന്നു കോഹ്ലിയുടെ അവസാന വിക്കറ്റ് നേട്ടം.
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഡിസംബര്‍ 6ന് ഓവലില്‍ നടക്കും. രണ്ടാം ടെസ്റ്റ് ഡിസംബര്‍ 14ന് പെര്‍ത്തിലാണ്. ഡിസംബര്‍ 26ന് മെല്‍ബണില്‍ മൂന്നാം ടെസ്റ്റും, പുതുവര്‍ഷത്തില്‍ ജനുവരി മൂന്നിന് ഡിഡ്നിയില്‍ അവസാന മത്സരവും അരങ്ങേറും. അതിന് ശേഷം മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ഏകദിന പരമ്പരയും ഇന്ത്യ ഓസ്ട്രേലിയയില്‍ കളിക്കും.
Just for laughs @ashwinravi99 talks about @imVkohli who had a bowl at the SCG today. pic.twitter.com/FcTZAyGqgr
— BCCI (@BCCI) November 30, 2018