മുംബൈ: കഴിഞ്ഞ കുറച്ച് നാളുകളായി മോശം ഫോമില്‍ നിന്നും കരകയറാനാകാതെ വലയുന്ന താരമാണ് കെ.എല്‍.രാഹുല്‍. അവസരങ്ങള്‍ ഒരുപാട് ലഭിച്ചെങ്കിലും തന്റെ പ്രതിഭക്കൊത്ത് ഉയരാന്‍ രാഹുലിന് ആയില്ല. ആരാധകര്‍ വരെ താരത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നിടത്തു വരെ കാര്യങ്ങളെത്തി. പിന്നാലെ കോഫി വിത്ത് കരണ്‍ വിവാദവുമായതോടെ രാഹുലിന് ടീമിന് പുറത്തേക്ക് പോകേണ്ടി വന്നു.

അതുകൊണ്ടു തന്നെ ഓസീസിനെതിരായ ഏകദിന-ടി20 പരമ്പരകള്‍ക്കുള്ള ടീമിലേക്ക് കെ.എല്‍.രാഹുലിനെ തിരിച്ചു വിളിച്ചത് അത്ര ദഹിച്ചിട്ടില്ല ആരാധകര്‍ക്ക്. ക്രിക്കറ്റ് പണ്ഡിതരും നെറ്റി ചുളിച്ചു. ആ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുകയാണ് മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ്.

ഇംഗ്ലണ്ട് ലയണ്‍സിനെതിരായ മത്സരത്തിലൂടെ ഫോമിലേക്ക് തിരികെ വരാനുള്ള സൂചനകള്‍ രാഹുല്‍ നല്‍കിയിരുന്നു. ലോകകപ്പിനായുള്ള തേര്‍ഡ് ഓപ്പണറായാണ് രാഹുലിനെ പരിഗണിക്കുന്നത്. അതു മുന്നില്‍ കണ്ടാണ് താരത്തിന് അവസരം നല്‍കിയതെന്ന് പ്രസാദ് പറയുന്നു.

”ലോകകപ്പ് പോലൊരു മേജര്‍ ടൂര്‍ണമെന്റില്‍ ഒരു മൂന്നാം ഓപ്പണറില്ലാതെ കളിക്കാനാകില്ല. അതുകൊണ്ടാണ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന-ടി20 പരമ്പരകള്‍ക്കുള്ള ടീമുകളിലേക്ക് രാഹുലിനെ തിരഞ്ഞെടുത്തത്. അവന്‍ ഫോമിലെത്തേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്” പ്രസാദ് പറഞ്ഞു.

സമീപകാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട റോളുകളിലൊന്നാണ് മൂന്നാം ഓപ്പണറുടേത്. ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ ഈ റോളിലേക്ക് തിരഞ്ഞെടുത്തത് ദിനേശ് കാര്‍ത്തിക്കിന്റെ പേരാണ്. ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ അഭിപ്രായത്തില്‍ ഈ റോളിന് അനുയോജ്യന്‍ യുവതാരം ഋഷഭ് പന്താണ്.

”ഇടങ്കയ്യന്‍ എന്ന നിലയിലാണ് പന്തിന് അവസരം കൊടുത്തത്. അവന് ഏറ്റവും യോജിക്കുന്ന പൊസിഷന്‍ കണ്ടെത്തി നല്‍കും. ഒരു ഇടങ്കയ്യന്‍ ടീമിലുണ്ടെങ്കില്‍ നല്ലതാണ്” എന്നാണ് പന്തിനെ ടീമിലെടുത്തതിനെ കുറിച്ച് പ്രസാദിന് പറയാനുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook