ന്യൂഡല്‍ഹി: വിന്‍ഡീസിനെതിരായ അവസാന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമിലേക്ക് തന്നെ പരിഗണിക്കാത്തതിനെതിരേ ഇന്ത്യന്‍ താരം കേദാര്‍ ജാദവ് പരസ്യമായി രംഗത്തെത്തി. ദേവ്ധര്‍ ട്രോഫിയില്‍ ഇന്ത്യ എയ്ക്കായി നന്നായി കളിച്ചിട്ടും എന്തുകൊണ്ട് തന്നെ ടീമിലെടുത്തില്ലെന്നാണ് കേദാര്‍ ചോദിക്കുന്നത്.
ഏഷ്യാകപ്പ് ഫൈനലിനിടെ പരിക്കേറ്റാണ് കേദാര്‍ ടീമില്‍ നിന്നും പുറത്താകുന്നത്. മികച്ച പ്രകടനത്തിന് പിന്നാലെയാണ് താരത്തെ പരുക്ക് പിടിമുറുക്കിയത്. ടീമില്‍ നിന്ന് ഒഴിവാക്കിയത് അറിയിച്ചിട്ടില്ലെന്നും പറഞ്ഞ ജാദവ് എന്തുകൊണ്ട് ടീമിലെടുത്തില്ല എന്നതിന്റെ കാരണമറിയണമെന്നും വ്യക്തമാക്കി. തന്നെ ഒഴിവാക്കി എന്ത് പദ്ധതിയാണ് ടീം ആലോചിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെ കേദാറിന് മറുപടിയുമായി മുഖ്യ പരിശീലകന്‍ എംഎസ്‌കെ പ്രസാദ് രംഗത്തെത്തി.
മുന്‍കാല പരിക്കുകള്‍ കാരണമാണ് ജാദവിനെ ടീമിലേക്ക് പരിഗണിക്കാതിരുന്നതെന്നാണ് മുഖ്യ സെലക്ടര്‍ എം.എസ്.കെ പ്രസാദ് പ്രതികരിച്ചത്. ജാദവിന്റെ പരിക്കുകളെ കുറിച്ച് ആശങ്കയുണ്ട്. പരിക്കുമാറി തിരിച്ചെത്തിയ ശേഷം ജാദവ് വീണ്ടും പരിക്കിന്റെ പിടിയിലായ സംഭവങ്ങളുണ്ട്. ഏഷ്യാ കപ്പിലും ഇതുപോലെ തന്നെയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ടീമിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ താരങ്ങള്‍ മനസിലാക്കണമെന്നും ദേശീയ ടീമിലേക്ക് മടങ്ങിയെത്തുന്നതിന് മുന്‍പ് കൂടുതല്‍ ആഭ്യന്തര മത്സരങ്ങള്‍ കളിച്ച് ഫോമും ഫിറ്റ്‌നസും തെളിയിക്കണമെന്നും പ്രസാദ് പറഞ്ഞു. നേരത്തെ മുരളി വിജയും കരുണ്‍ നായരും സമാനമായ രീതിയില്‍ തങ്ങളെ തീരുമാനം അറിയിച്ചില്ലെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു.