ലയണല്‍ മെസിയോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ഒന്നുമല്ല ഇന്ന് ഫുട്ബോള്‍ ആരാധകരുടെ ചര്‍ച്ചാ വിഷയം. അത് ഈജിപ്തില്‍ നിന്നുമുള്ള ഒരു ‘രാജാവാണ്’. മിസ്റിലെ രാജാവായ മുഹമ്മദ് സലാഹ്. ലിവര്‍പൂളിന് വേണ്ടി ഗോളുകള്‍ അടിച്ചു കൂട്ടുന്ന സലാഹ് റെക്കോര്‍ഡുകള്‍ തകര്‍ത്തു മുന്നേറുകയാണ്. സമീപകാല ലോക ഫുട്ബോള്‍ ചരിത്രത്തില്‍ സലാഹിന് തുല്യം മറ്റൊരു താരമില്ലെന്നാണ് കായിക ലോകം വിലയിരുത്തുന്നത്.
ഗോളടിക്കാനുള്ള അസാമാന്യ മികവും പന്തടക്കത്തിലെ പാടവുമാണ് സലാഹിനെ ലിവര്പൂളിലെത്തിക്കുന്നത്. ഇറ്റലിയിലെ കരുത്തരായ എഎസ് റോമയില്‍ നിന്നുമാണ് സലാഹ് ആന്‍ഫീല്‍ഡിലെത്തുന്നത്. റോമയ്ക്കായും മിന്നും പ്രകടനം കാഴ്ച്ചവച്ച താരമായിരുന്നു സലാഹ്. ഇത്ര പ്രതിഭാധനനായ താരത്തെ എന്തുകൊണ്ട് വിട്ടു കൊടുത്തു എന്ന് വെളിപ്പെടുത്തുകയാണ് റോമയുടെ സ്പോര്‍ട്ടിങ് ഡയറക്ടര്‍ മോന്ചി.
സലാഹിനെ വില്‍ക്കുകയല്ലാതെ തങ്ങള്‍ക്ക് മറ്റ് മാർഗമില്ലായിരുന്നു എന്നാണ് മോന്ചി പറയുന്നത്. കഴിഞ്ഞ ദിവസം റോമയെ തന്നെ തകര്‍ത്തു കൊണ്ടാണ് സലാഹ് തന്റെ റെക്കോര്‍ഡ് കുതിപ്പ് കൊഴുപ്പിച്ചത്. സലാഹിന്റെ പ്രകടനം കണ്ട ലിവര്‍പൂള്‍ ലെജന്‍ഡ് സ്റ്റീവന്‍ ജെറാള്‍ഡ് ഇന്ന് ലോകത്തുള്ള ഏറ്റവും മികച്ച താരമായാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ലിവര്‍പൂള്‍ ജയിക്കുമ്പോള്‍ അതില്‍ രണ്ടെണ്ണം സലാഹിന്റെയായിരുന്നു.
കഴിഞ്ഞ വര്‍ഷം 36.9 മില്യണ്‍ പൗണ്ടിനായിരുന്നു സലാഹിനെ റോമ ലിവര്‍പൂളിന് നല്‍കുന്നത്. പക്ഷെ അതല്ലാതെ തങ്ങള്‍ക്ക് വേറെ മാർഗമില്ലായിരുന്നുവെന്ന് മോന്ചി പറയുന്നു. യുവേഫയുടെ സാമ്പത്തിക നിയമങ്ങള്‍ക്ക് അനുസരിക്കുക എന്ന ബാധ്യതയാണ് സലാഹിന്റെ വില്‍പ്പനയിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറയുന്നു.
”ഞങ്ങള്‍ക്ക് വില്‍ക്കണമായിരുന്നു. സലാഹിനെ ജൂണ്‍ 30 ന് മുമ്പ് വില്‍ക്കുക എന്നല്ലാതെ മറ്റൊരു മാര്‍ഗ്ഗമുണ്ടായിരുന്നില്ല. അല്ലായിരുന്നുവെങ്കില്‍ ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍ കളിക്കാന്‍ പോലും ഞങ്ങള്‍ക്ക് സാധിക്കില്ലായിരുന്നു. യുവേഫ ഞങ്ങളുടെ സാമ്പത്തിക നീക്കങ്ങളെ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടായിരുന്നു,” മോന്ചി പറയുന്നു.
താന്‍ സെവിയ്യയില്‍ നിന്നും റോമയിലെത്തിയ സമയത്തായിരുന്നു സലാഹിന്റെ ട്രാന്‍സ്ഫറെന്നും പറഞ്ഞ മോന്ചി, സലാഹിന് ടീം വിടാന്‍ താല്പര്യമുണ്ടായിരുന്നുവെന്നും പക്ഷെ താരത്തെ നിലനിര്‍ത്താന്‍ ടീമിന് ആഗ്രഹമുണ്ടായിരുന്നതായും പറയുന്നു. നെയ്മറിന്റേയും കൗട്ടീഞ്ഞോയുടേയും ഡെംബലേയുടേയും ട്രാന്‍സ്ഫറുകള്‍ നടന്നിരുന്ന സമയമായിരുന്നുവെന്നും അതുകൊണ്ട് 50 മില്യണ്‍ പൗണ്ടിനടുത്തുള്ള തുകയ്ക്ക് മാത്രമാണ് സലാഹിനെ വില്ക്കാന് കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഞായറാഴ്ച സലാഹിനെ പിഎഫ്എ പ്ലെയര്‍ ഏഫ് ദ ഇയറായി തിരഞ്ഞെടുത്തു. ബാലണ്‍ ഡി ഓര് അടക്കമുള്ള പ്രമുഖ പുരസ്കാരം സലാഹിനെ തേടിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലിവര്‍പൂളിന്റെ എക്കാലത്തേയും മികച്ച ഗോള്‍ സ്കോററാകാന്‍ വെറും നാലു ഗോളുകള്‍ മാത്രം മതി സലാഹിന്.