ബ്രിസ്‌ബെയ്ന്‍: ഓസീസ് പര്യടനം ആരംഭിക്കും മുമ്പ് മുന്‍കൂര്‍ ജാമ്യമെടുത്ത് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. വിദേശ പര്യടനത്തില്‍ എല്ലാ ടീമുകളുടേതും മോശം പ്രകടനമാണെന്നും അങ്ങനെയിരിക്കെ ഇന്ത്യയെ മാത്രം കുറ്റപ്പെടു്ത്തുന്നത് ശരിയല്ലെന്നുമായിരുന്നു ശാസ്ത്രിയുടെ പ്രസ്താവന. നേരത്തെ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഓവര്‍സീസ് പ്രകടന റെക്കോര്‍ഡുള്ള ടീമാണ് ഇപ്പോഴത്തേതെന്ന് ശാസ്ത്രി പറഞ്ഞിരുന്നു.

പക്ഷെ, 2018ല്‍ വിദേശത്തു കളിച്ച രണ്ട് ടെസ്റ്റ് പരമ്പരകള്‍ ഇന്ത്യ തോറ്റിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ്റ് പരമ്പര 2-1നും ഇംഗ്ലണ്ടില്‍ നടന്ന പരമ്പര 4-1നുമാണ് ഇന്ത്യ തോറ്റത്. ശാസ്ത്രിയുടെ അന്നത്തെ പ്രസ്താവനയ്‌ക്കെതിരെ ഇതിഹാസ താരം സൗരവ്വ് ഗാംഗുലിയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

‘തെറ്റുകളില്‍നിന്ന് പഠിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വിദേശത്ത് മറ്റു ടീമുകളുടെ റെക്കോര്‍ഡ് പരിശോധിച്ചാലും ആരുടെയും പ്രകടനം അത്ര മെച്ചമല്ല എന്നു കാണാം. 1990കളിലും ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലും ഓസ്‌ട്രേലിയന്‍ ടീം ഭേദപ്പെട്ട ചില പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയും ചില സമയത്ത് വിദേശത്ത് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ഇവര്‍ രണ്ടുമല്ലാതെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വിദേശത്ത് മികച്ച റെക്കോര്‍ഡുള്ള ടീമിനെ കാണിക്കാമോ? എന്നിട്ടും ഇന്ത്യയെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ എന്തു കാര്യം?’ എന്ന് ശാസ്ത്രി ചോദിച്ചു.

സമീപകാലത്ത് തങ്ങളുടെ പ്രതാപകാലത്തിന്റെ നിഴലായി മാറിയിരിക്കുകയാണ് ഓസ്‌ട്രേലിയ. എന്നാല്‍ അവരെ എഴുതിതള്ളുന്നതിനോട് ശാസ്ത്രിയ്ക്ക് എതിര്‍പ്പാണ്. ‘ഒരിക്കല്‍ നിങ്ങള്‍ മികച്ചവനായിരുന്നെങ്കില്‍, അതിന്റെ അലയൊലികള്‍ തീര്‍ച്ചയായും എന്നുമുണ്ടാകും. ഒരു ടീമും സ്വന്തം നാട്ടില്‍ ദുര്‍ബലരാണെന്ന് ഞാന്‍ കരുതുന്നില്ല’ ശാസ്ത്രി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ