/indian-express-malayalam/media/media_files/uploads/2019/01/dhoni.jpg)
മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് രവി ശാസ്ത്രി. ധോണിക്കെതിരെ പറയുന്നതില്‍ പകുതി പേര്‍ക്കും സ്വന്തം ഷൂവിന്റെ ലെയ്‌സ് കെട്ടാന്‍ പോലും അറിയില്ലെന്നായിരുന്നു ശാസ്ത്രി പറഞ്ഞത്.
''ധോണിയെക്കുറിച്ച് അഭിപ്രായം പറയുന്ന പകുതി പേര്‍ക്കും ഷൂലെയ്‌സ് കെട്ടാന്‍ പോലും അറിയില്ല. അദ്ദേഹം രാജ്യത്തിനായി നേടിത്തന്നത് എന്തെല്ലാമാണെന്ന് നോക്കൂ. അവന്‍ പോകുന്നത് കാണാന്‍ എന്തിനാണ് തിരക്കു കൂട്ടുന്നത്? ചിലപ്പോള്‍, അവര്‍ക്ക് വേറെ വിഷയം ഒന്നും കിട്ടാത്തത് കൊണ്ടാണ്. അവനും അവനെ അറിയുന്ന എല്ലാവര്‍ക്കും അറിയാന്‍ അവന്‍ വേഗം പോകുമെന്ന്. നടക്കുമ്പോള്‍ നടക്കട്ടെ. വെറുതെ അഭിപ്രായം പറയുന്നത് അപമാനിക്കലാണ്. 15 വര്‍ഷം ഇന്ത്യയ്ക്കുവേണ്ടി കളിച്ചയാള്‍ക്ക് അറിയില്ലേ എന്താണ് ചെയ്യേണ്ടതെന്ന്'' ശാസ്ത്രി പറഞ്ഞു.
''ടെസ്റ്റില്‍നിന്നു വിരമിച്ചപ്പോള്‍ എന്താണ് അവന്‍ പറഞ്ഞത്? വിക്കറ്റ് കീപ്പിങ് ഗ്ലൗ കൈമാറാനുള്ള എല്ലാ യോഗ്യതയും സാഹയ്ക്ക് ഉണ്ടെന്നല്ലേ. അവന്‍ ശരിയായിരുന്നു. ടീമിലേക്ക് വരുമ്പോള്‍ അവന്‍ എന്നും ഒരു തണലായിരുന്നു. അഭിപ്രായങ്ങള്‍ തുറന്നുപറയും. റാഞ്ചിയിലെ ഡ്രസിങ് റൂമിലേക്ക് വന്നത് ഷഹ്ബാസ് നദീമിനോട് സംസാരിക്കാനായിരുന്നു. സ്വന്തം നാട്ടില്‍ അരങ്ങേറുന്ന ഒരാള്‍ക്ക് അത് എന്തുമാത്രം പ്രചോദനമായിരിക്കും. നമുക്ക് ഇങ്ങനെ പറയാം, എപ്പോള്‍ വിരമിക്കണമെന്നത് തീരുമാനം എടുക്കാനുള്ള അവകാശം ധോണി നേടിയിട്ടുണ്ട്. ഈ സംവാദം നിര്‍ത്താം'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബിസിസിഐയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സൗരവ് ഗാംഗുലിയെ നാച്വറല്‍ ലീഡര്‍ എന്നാണ് ശാസ്ത്രി വിശേഷിപ്പിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ശരിയായ ദിശയിലാണ് പോകുന്നത് എന്നതിന്റെ സൂചനയാണ് ഗാംഗുലിയുടെ നിയമനമെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.