ഇംഗ്ലണ്ടിൽ നടന്ന 2019ലെ ഏകദിന ലോകകപ്പിൽ ഇന്ത്യൻ കുതിപ്പ് സെമിയിൽ അവസാനിച്ചു. ലോകകപ്പിന് മുമ്പും ശേഷവും ഇന്ത്യൻ ടീമിലെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന് അമ്പാട്ടി റായിഡു എന്തുക്കൊണ്ട് ടീമിൽ നിന്ന് തഴയപ്പെട്ടു എന്നതാണ്. രാജ്യാന്തര ക്രിക്കറ്റിൽ പ്രത്യേകിച്ച് ഏകദിനത്തിൽ ഇന്ത്യയുടെ നീലകുപ്പായത്തിൽ മികച്ച പിക്ച്ചറുള്ള റായിഡുവിനെ ഒഴിവാക്കി പകരം യുവതാരവും പുതുമുഖവുമായ വിജയ് ശങ്കറിനാണ് സെലക്ടർമാർ അവസരം നൽകിയത്. ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഈ തീരുമാനം കാരണമാവുകയും ചെയ്തിരുന്നു.
ലോകകപ്പിൽ സെമി വരെയെത്തിയെങ്കിലും മധ്യനിരയിലെ പരാജയം വലിയ രീതിയിൽ തന്നെ വിമർശിക്കപ്പെട്ടു. മികച്ച മധ്യനിരയെ വാർത്തെടുക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചില്ലെന്ന് മാത്രമല്ല പരിചയ സമ്പന്നരായ റായിഡുവിനെ പോലെയുള്ള താരങ്ങളെ മാറ്റിനിർത്തി യുവതാരങ്ങൾക്ക് ലോകകപ്പ് പോലെയൊരു വേദിയിൽ അവസരം നൽകിയതിനെയും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ പഴിച്ചു. വിജയ് ശങ്കറിനെ ടീമിലെടുക്കാൻ കാരണം താരത്തിന്റെ 3D പൊട്ടൻഷ്യലാണെന്ന് സെലക്ടർമാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ എന്തുക്കൊണ്ട് റായിഡുവിനെ ഒഴിവാക്കിയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ സെലക്ടർ ഗഗൻ ഖോഡ.
Also Read: കോഹ്ലിയാണ് വരാനുള്ളതെങ്കിൽ നിങ്ങൾക്ക് 10 പന്ത് പോലും പാഴാക്കാനാവില്ല: സഞ്ജു സാംസൺ
ലോകകപ്പ് പോലെയൊരു വേദിയിൽ റായിഡുവിൽ അത്ര ആത്മവിശ്വാസമില്ലായിരുന്നുവെന്നാണ് സെലക്ടർ ഗഗൻ ഖോഡ പറയുന്നത്. തന്നെയല്ല താരം അദ്ദേഹത്തിന്റെ മികച്ച സമയങ്ങളിലും ആയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്‌പോർട്സ്കീഡയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
Also Read: എന്ന് വിരമിക്കും? സഞ്ജയ് മഞ്ജരേക്കര്‍ക്ക് മറുപടി നല്‍കി ധോണി
“അമ്പാട്ടി റായിഡു പരിചയസമ്പന്നനാണ്. എന്നാൽ ലോകകപ്പ് മുന്നിൽകണ്ട് അദ്ദേഹത്തെ ഒരു വർഷത്തോളം നിരീക്ഷിച്ചു. അദ്ദേഹത്തിന് വലിയ മെച്ചപ്പെടലൊന്നും ഉള്ളതായി തോന്നുന്നില്ല. ലോകകപ്പിലേക്ക് പോകുന്ന ആത്മവിശ്വാസ നില അവിടെ ഉണ്ടായിരുന്നില്ല.” ഗഗൻ ഖോഡ വ്യക്തമാക്കി.
Also Read: മനസ് മടുത്തപ്പോൾ അത് ചെയ്തു; ധോണിക്കെതിരെ മനഃപുർവ്വം ബീമർ എറിഞ്ഞെന്ന വെളിപ്പെടുത്തലുമായി അക്തർ
വിജയ് ശങ്കറിന് പരുക്കേറ്റതോടെ റായിഡുവിന് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും മറ്റൊരു യുവതാരം റിഷഭ് പന്താണ് ടീമിലെത്തിയതും. ഇതും വിമർശനങ്ങളുടെ ആക്കം കൂട്ടി. രണ്ടാം വിക്കറ്റ് കീപ്പറായി ദിനേശ് കാർത്തിക് ടീമിലുള്ളപ്പോൾ തന്നെയാണ് പന്തിന് അവസരം ലഭിച്ചത്.
അതേസമയം ടീമിൽ പിഴവുകളൊന്നുമുള്ളതായി ഒരിക്കലും തോന്നിയിട്ടില്ലെന്ന് ഖോഡ പറഞ്ഞു. “നമ്മൾ ഒരിടത്ത് പോലും ദുർബലരായിരുന്നെന്ന് ഞാൻ കരുതുന്നില്ല. ഉണ്ടായത് ഒരു മോശം ദിവസം മാത്രമാണ്. ഒരു ദിവസം മത്സരം നടന്നില്ല, അടുത്ത ദിവസം അത് നടക്കുകയും എല്ലാം പൂർത്തിയാവുകയും ചെയ്തു,” ഖോഡ പറഞ്ഞു.