ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിനെ രാജ്യാന്തരതലത്തിൽ പ്രശസ്തി നേടിക്കൊടുത്ത ലേഡി സൂപ്പർസ്റ്റാറാണ് മിതാലി രാജ്. ഐസിസി വനിത ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യയെത്തിയത് നായിക മിതാലി രാജിന്റെ കരുത്തിലാണ്. ഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്റെങ്കിലും മിതാലിയുടെ നേതൃത്വത്തിലുളള ഇന്ത്യൻ ടീം മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. വനിത ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവുമായി മാറി മിതാലി രാജ്.

മിതാലി രാജിന്റെ പ്രകടനത്തെ ബോളിവുഡിലെ പല താരങ്ങളും അഭിനന്ദിച്ചിരുന്നു. കൂട്ടത്തിൽ ഷാരൂഖ് ഖാനും ഉണ്ടായിരുന്നു. ഷാരൂഖ് അവതരിപ്പിക്കുന്ന ടെലിവിഷൻ ഷോയിൽ അടുത്തിടെ അതിഥിയായി എത്തിയത് മിതാലി ആയിരുന്നു. മൽസരത്തിനിടയിൽ മിതാലിയുടെ പുസ്തകവായന ശീലത്തെക്കുറിച്ച് ഷാരൂഖ് ചോദിച്ചു. ഇതിനു മിതാലി നൽകിയ മറുപടി ഇങ്ങനെ:

”കളിക്കളത്തിൽ ആയിരിക്കുമ്പോൾ എല്ലാവരും ശ്രദ്ധിക്കുന്നത് നിങ്ങളെയായിരിക്കും, മുഴുവൻ ടീമിനും എങ്ങനെയെങ്കിലും കപ്പടിക്കണം എന്ന ചിന്തയാകും ഉണ്ടാവുക. അതിനാൽ തന്നെ കളിക്കളത്തിൽ എപ്പോഴും ശ്രദ്ധ വേണം. കളിക്കളത്തിൽ തന്നെക്കൊണ്ട് കഴിയുന്ന മെച്ചപ്പെട്ട പ്രകടനം നടത്താൻ ഞങ്ങളോരോരുത്തരും ശ്രമിക്കാറുണ്ട്. മൽസരത്തിന്റെ സമ്മർദ്ദം കുറയ്ക്കാനാണ് ഞാൻ പുസ്തകം വായിക്കുന്നത്. കളിക്കളത്തിൽ കൂടുതൽ ശ്രദ്ധ വയ്ക്കാനും ശാന്തതയോടെ പെരുമാറാനും നല്ല രീതിയിൽ പ്രകടനം കാഴ്ചവയ്ക്കാനും അതെന്നെ സഹായിക്കാറുണ്ട്”.

മിതാലിയെ എപ്പോഴും പ്രശംസകൾ കൊണ്ട് മൂടുന്ന ഷാരൂഖ് ഷോയ്ക്കിടയിലും അത് മറന്നില്ല. ഒരു ദിവസം ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ കോച്ചിന്റെ സ്ഥാനത്ത് മിതാലിയെ കാണാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ഷാരൂഖ് പറഞ്ഞു. ഇതിന് ഉടൻ തന്നെ മിതാലിയുടെ മറുപടിയെത്തി. ”അങ്ങനെ വന്നാൽ എന്നെക്കൊണ്ട് ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യും”.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ