ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിനുമായുള്ള ദാമ്പത്യ ജീവിതത്തെക്കുറിച്ചും മക്കളെക്കുറിച്ചും മനസ് തുറന്ന് ഭാര്യ പ്രിതി അശ്വിൻ. മുൻ ടെന്നിസ് താരം സാനിയ മിർസ, ക്രിക്കറ്റ് താരം വേദ കൃഷ്ണ മൂർത്തി, കൊമേഡിയൻ ദാനിഷ് സെയ്ത് എന്നിവർ അവതാരകരായ പരിപാടിയിൽ അതിഥിയായെത്തിയപ്പോഴാണ് അശ്വിനെക്കുറിച്ചുള്ള കാര്യങ്ങൾ പ്രിതി പറഞ്ഞത്.
ആരാണ് ആദ്യം വഴക്കിടുന്നതെന്ന ചോദ്യത്തിന് അശ്വിൻ എന്നായിരുന്നു പ്രിതി നൽകിയ മറുപടി. വഴക്കിടുമെങ്കിലും പെട്ടെന്ന് തന്നെ അശ്വിൻ ക്ഷണ ചോദിക്കാറുണ്ടെന്നും പ്രീതി പറഞ്ഞു. രണ്ടുപേരിൽ ആരാണ് തയ്യാറാകാൻ കൂടുതൽ സമയം എടുക്കുന്നത്? എന്നായിരുന്നു അടുത്ത ചോദ്യം. “അശ്വിൻ റെഡിയാകാൻ തുടങ്ങിയാൽ വളരെ വേഗത്തിൽ കഴിയും. പക്ഷേ, അങ്ങനെ പെട്ടെന്ന് തുടങ്ങാറില്ല. പക്ഷേ, ഞങ്ങൾ രണ്ടുപേരും സമയനിഷ്ഠ പാലിക്കുന്നവരാണ്, ” അവൾ മറുപടി പറഞ്ഞു.
മക്കളുടെ അടുത്ത് താൻ വളരെ കർക്കശക്കാരിയാണെന്ന് പ്രിതി വെളിപ്പെടുത്തി.ആധ്യ, അഖീറ എന്നീ രണ്ടു പെൺമക്കളാണ് അശ്വിൻ-പ്രിതി ദമ്പതിമാർക്കുള്ളത്. താനില്ലാതെ മക്കൾ ഉറങ്ങുമോ എന്ന് ഡാനിഷ് ചോദിച്ചപ്പോൾ ”ഇപ്പോൾ, കുഴപ്പമില്ല. അതൊരു പ്രക്രിയയാണ്. ഇപ്പോൾ അവർ അശ്വിനെ മിസ് ചെയ്യുന്നു, മുമ്പ് അവർ അവനെ പോലും മിസ് ചെയ്തിരുന്നില്ല. സാധാരണ സ്കൂൾ ദിവസങ്ങളിൽ, അവർ വൈകുന്നേരം 7:30-7:45 ന് കിടക്കും, രാവിലെ 6 മണിക്ക് ഉണരും” പ്രിതി മറുപടി നൽകി.
ചെറുപ്പത്തിൽ താനും അശ്വിനും ഒരുമിച്ചാണ് സ്കൂളിൽ പോയിരുന്നതെന്നും പ്രിതി പറഞ്ഞു. ”ഞങ്ങൾ വളർന്നു, മുതിർന്നവരായപ്പോൾ വീണ്ടും കണ്ടുമുട്ടി. ഞാൻ ഒരു ഇവന്റ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. അശ്വിന് എന്നോട് വല്ലാത്ത ഇഷ്ടം ഉണ്ടായിരുന്നു, അത് സ്കൂൾ മുഴുവനും അറിയാമായിരുന്നു. ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ വയ്ക്കാൻ അദ്ദേഹം സ്‌കൂളുകൾ മാറ്റി. പക്ഷേ, ഞങ്ങൾ തമ്മിലുള്ള ബന്ധം തുടർന്നു. ഏഴാം ക്ലാസ് മുതൽ ഞങ്ങൾക്ക് പരസ്പരം അറിയാം,” പ്രിതി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.