ആരാണ് കേമൻ? ലയണൽ മെസിയോ ക്രിസ്റ്റ്യാനാേ റൊണാൾഡോയോ? ഫുട്ബോൾ പ്രേമികൾക്കിടയിൽ വർഷങ്ങളായുള്ള ചൂടേറിയ ചർച്ചയാണിത്. ഇരു താരങ്ങളിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കുക ഏറെ പ്രയാസപ്പെട്ട കാര്യമാണ്. എന്നാൽ, ഈ ചോദ്യത്തിനുള്ള മറുപടി നൽകുകയാണ് ബ്രസീലിയൻ ഇതിഹാസ താരങ്ങളായ പെലെ, റൊണാൾഡോ, റൊണാൾഡീഞ്ഞ്യോ എന്നിവർ.
ക്രിസ്റ്റ്യാനോ റൊണാൾഡോ, മെസി എന്നിവരിൽ നിന്ന് മികച്ച താരത്തെ തിരഞ്ഞെടുക്കാൻ പറഞ്ഞപ്പോൾ പെലെയും റൊണാൾഡോയും റൊണാൾഡീഞ്ഞ്യോയും തിരഞ്ഞെടുത്തത് മെസിയെ! ബാഴ്സലോണയിൽ മെസിക്കൊപ്പം അധികം സമയം കളിക്കാൻ സാധിച്ചില്ല എന്നതിൽ വലിയ ദുഃഖമുണ്ടെന്നാണ് റൊണാൾഡീഞ്ഞ്യോ പറയുന്നത്. “മെസിക്കൊപ്പം കളിക്കാൻ ഞാൻ ഇനിയും ആഗ്രഹിക്കുന്നു. അദ്ദേഹത്തിനൊപ്പം കളിക്കാൻ എനിക്ക് അധികം സാധിച്ചിട്ടില്ല. ഒരു തവണ കൂടി മെസിക്കൊപ്പം കളിക്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. ചരിത്രത്തിൽ ഏറ്റവും മികച്ച താരമാണ് മെസി. അതിൽ ഒരു സംശയവും ഇല്ല. മെസി ചെയ്തതൊന്നും വേറെ ആരും ചെയ്തിട്ടില്ല. റൊണാൾഡോയും മികച്ച താരമാണ്. ഏറെ കഴിവുകളുള്ള താരം. പക്ഷേ, ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത് മെസിയുടെ ശെെലിയാണ്.” റൊണാൾഡീഞ്ഞ്യോ പറഞ്ഞു.
Read Also: ഭക്ഷണ ശീലങ്ങളിൽ മാറ്റം വരുത്തി പ്രതിരോധശേഷി വർധിപ്പിക്കൂ
മെസി ലോകോത്തര കളിക്കാരനാണെന്നാണ് റൊണാൾഡോ പറയുന്നത്. “ലോകോത്തര താരത്തിനും അപ്പുറമാണ് മെസിയുടെ കഴിവ്. റൊണാൾഡോയും അങ്ങനെ തന്നെ. പക്ഷേ, എനിക്ക് തോന്നുന്നു മെസിയാണ് കൂടുതൽ പൂർണതയുള്ള കളിക്കാരൻ. അതുല്യനായ കളിക്കാരനാണ്. അദ്ദേഹം കളിക്കളത്തിൽ ചെയ്തതെല്ലാം ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. മെസിയെ ഇഷ്ടപ്പെടുന്ന പോലെ മറ്റൊരു താരത്തെയും ഞാൻ ഇഷ്ടപ്പെടുന്നില്ല. എത്രയോ മഹത്തായ കാര്യങ്ങളാണ് മെസി ചെയ്തത്.” ബ്രസീൽ ഇതിഹാസം റൊണാൾഡോ പറഞ്ഞു.
മെസി തന്നെയാണ് തന്റെ ഇഷ്ടതാരമെന്ന് പെലെയും പറഞ്ഞു. വളരെ തന്ത്രങ്ങളുള്ള കളിക്കാരനാണ് മെസി. “അദ്ദേഹം നന്നായി അസിസ്റ്റുകൾ നൽകും, നന്നായി ഡ്രിബിൾ ചെയ്യും, പാസുകൾ നൽകും, ഗോളുകൾ നേടുകയും ചെയ്യും. ഞാനും മെസിയും ഒരേ ടീമിൽ കളിച്ചിരുന്നെങ്കിൽ എതിരാളികൾ ഞങ്ങൾ രണ്ട് പേരെയും ഏറെ ഭയപ്പെടേണ്ടി വന്നേനെ! ഇപ്പോൾ മെസിയാണ് ഏറ്റവും പൂർണതയുള്ള താരം.” പെലെ പറഞ്ഞു.