scorecardresearch
Latest News

‘ബോക്‌സിങ്ങിനെ കുറിച്ച് അറിയില്ലെങ്കില്‍ മിണ്ടരുത്’; അഭിനവ് ബിന്ദ്രയോട് മേരി കോം

‘ആരാണ് നിഖത് സറീന്‍, എനിക്ക് അവരെ അറിയില്ല’ എന്നായിരുന്നു ഒളിമ്പിക് മെഡല്‍ ജേതാവിന്റെ പ്രതികരണം

‘ബോക്‌സിങ്ങിനെ കുറിച്ച് അറിയില്ലെങ്കില്‍ മിണ്ടരുത്’; അഭിനവ് ബിന്ദ്രയോട് മേരി കോം

ടോക്കിയോ ഒളിമ്പിക്‌സ് യോഗത്യയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ തിരഞ്ഞെടുക്കും മുന്‍പ് മേരി കോമിനെതിരെ ട്രെയല്‍ അനുവദിക്കണമെന്ന യുവതാരം നിഖത് സറീന്‍ ആവശ്യപ്പെട്ട സംഭവത്തില്‍ ഇതിഹാസ താരം മേരി കോം. ‘ആരാണ് നിഖത് സറീന്‍, എനിക്ക് അവരെ അറിയില്ല’ എന്നായിരുന്നു ഒളിമ്പിക് മെഡല്‍ ജേതാവിന്റെ പ്രതികരണം.

”ഞാന്‍ ശരിയ്ക്കും അമ്പരന്നിരിക്കുകയാണ്. ഞാന്‍ എട്ട് ലോക ചാംപ്യന്‍ഷിപ്പ് മെഡലുകള്‍ നേടിയിട്ടുണ്ട്. അതില്‍ ആറും സ്വര്‍ണമാണ്. ആരെയാണ് വേണ്ടതെന്ന് ബോക്‌സിങ് ഫെഡറേഷന്‍ തീരുമാനിക്കട്ടെ. അവള്‍ക്കെങ്ങനെയാണ് ഇതുപോലെ കരയാനാകുന്നത്? ഇന്ത്യന്‍ ടീമിലേക്ക് എത്താന്‍ ഇങ്ങനെ ചെയ്യുന്നത് ശരിയല്ല. ഇത് ശരിയല്ല” മേരി കോം പറഞ്ഞു.

ലോക ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണവും വെള്ളിയും നേടുന്നവര്‍ക്ക് യോഗ്യതയ്ക്കായി മത്സരിക്കാമെന്നായിരുന്നു ഫെഡറേഷന്റെ നേരത്തത്തെ തീരുമാനം. എന്നാല്‍ പിന്നീടത് വെങ്കലം നേടിയവര്‍ക്കും ആകാമെന്നാക്കി മാറ്റി. ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ മേരി കോമിനെ ഉള്‍പ്പെടുത്താനായിരുന്നു നീക്കം.

ഈ തീരുമാനമാണ് ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ നിഖത് സറീനെ ചൊടിപ്പിച്ചത്. മേരി കോമിന്റെ അതേ വെയ്റ്റ് ക്യാറ്റഗറിയില്‍ വരുന്നതിനാല്‍ സറീന് തന്റെ കഴിവ് തെളിയിക്കാനുള്ള അവസരം നഷ്ടമായിരുന്നു. നേരത്തെ മേരി കോമിനെതിരായ നിഖത്തിന്റെ മത്സരം ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു.

അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി ഇന്ത്യയുടെ ഏക ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര രംഗത്തെത്തിയിരുന്നു. മേരി കോമിനെതിരെ നിഖത്തിന് മത്സരിക്കാന്‍ അവസരം നല്‍കണമെന്നായിരുന്നു ബിന്ദ്ര പറഞ്ഞത്. അതിന് ശേഷം മാത്രമേ ഒളിമ്പിക് യോഗ്യതയ്ക്കുള്ള സ്‌ക്വാഡിനെ തീരുമാനിക്കാന്‍ പാടുള്ളുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

”എനിക്കറിയാം ആരാണ് ഇതിനെല്ലാം പിന്നിലെന്ന്. എനിക്ക് ബിന്ദ്രയോട് പറയാനുള്ളത്, നിങ്ങള്‍ക്ക് ബോക്‌സിങ്ങിനെ കുറിച്ച് ഒന്നും അറിയില്ല. അതുകൊണ്ട് ഷൂട്ടിങ്ങില്‍ മാത്രം ശ്രദ്ധിക്കുക. ഒരു പതിറ്റാണ്ടിലധികമായി ഞാന്‍ ബോക്‌സിങ് ചെയ്യുന്നു. ഞാന്‍ തുടര്‍ന്നും ഞാന്‍ ട്രയല്‍സില്‍ പങ്കെടുക്കണമോ? എന്റെ റെക്കോര്‍ഡുകളും മെഡലുകളും എനിക്കായി സംസാരിക്കില്ലേ” എന്നായിരുന്നു ബിന്ദ്രയ്ക്ക് മേരിയുടെ മറുപടി. നേരത്തെ ഇന്ത്യന്‍ ഓപ്പണില്‍ മേരി കോം സറീനെ പരാജയപ്പെട്ടിരുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Who is she i dont know her mc mary kom on nikhat zareen and abhinav bindra308113