ഒരൊറ്റ മത്സരം കൊണ്ട് ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളുടെ മുഴുവൻ ഹൃദയത്തിൽ കയറികൂടിയിരിക്കുകയാണ് ദേവ്‌ദത്ത് പടിക്കൽ എന്ന ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് താരം. ഇന്നലെ നടന്ന ഐപിഎൽ 13-ാം സീസണിലെ ബാംഗ്ലൂർ-സൺറെെസേഴ്‌സ് ഹെെദരബാദ് മത്സരത്തിൽ അർധ സെഞ്ചുറി നേടിയതോടെ ദേവ്‌ദത്ത് സോഷ്യൽ മീഡിയയിൽ താരമായി. ഇന്ത്യയുടെ സൂപ്പർ താരങ്ങളായ യുവരാജ് സിങ്, വിരേന്ദർ സേവാഗ് എന്നിവരുടെ ശെെലിക്ക് സമാനമാണ് ദേവ്‌ദത്തിന്റെ ബാറ്റിങ് എന്നാണ് ട്വിറ്റർ ലോകം വിലയിരുത്തുന്നത്. ഷോട്ടുകളുടെ ശെെലി, ആക്രമണോത്സുകത, അനായാസേനയുള്ള സ്‌കോറിങ് എന്നിവയിൽ യുവരാജുമായും സേവാഗുമായും ദേവ്‌ദത്ത് പടിക്കലിനു സാമ്യമുണ്ടെന്നാണ് കായികലോകം പറയുന്നത്.
Read Also: ഉമേഷിനെ ‘ചെണ്ട’യാക്കി ട്രോളൻമാർ; ആർസിബി വിജയം ഞെട്ടിച്ചത്രെ!
മലപ്പുറം എടപ്പാളിലാണ് ദേവ്‌ദത്ത് ജനിച്ചത്. ഇന്ത്യയുടെ എക്കാലത്തെയും വിജയനായകൻ മഹേന്ദ്രസിങ് ധോണിയുടെ ജന്മദിനവും ദേവ് പടിക്കലിന്റെ ജന്മദിനവും ഒന്നാണ്. ഇരുവരും ജൂലെെ ഏഴിനാണ് ജനിച്ചത്, വർഷം മാത്രമാണ് വ്യത്യാസം. 1981 ജൂലെെ ഏഴിനു ജനിച്ച ധോണിക്ക് 19 വയസുള്ളപ്പോൾ 2000 ജൂലെെ ഏഴിനു ദേവ്‌ദത്ത് പടിക്കൽ എടപ്പാളിൽ ജനിച്ചു. ക്രിക്കറ്റിനൊപ്പം ഫുട്‌ബോളിനെയും സ്‌നേഹിച്ച ദേവ് മാഞ്ചസ്റ്റർ യുണെെറ്റഡ് ആരാധകൻ കൂടിയാണ്.
പിതാവിന്റെ ജോലിയുടെ ഭാഗമായാണ് ദേവ്‌ദത്തിന്റെ കുടുംബം ഹെെദരബാദിലേക്ക് ചേക്കേറുന്നത്. ചെറുപ്പം മുതൽ ക്രിക്കറ്റിനോട് ഏറെ താൽപര്യമുള്ള ആളായിരുന്നു ദേവ്. ഒൻപതാം വയസ് മുതലാണ് ക്രിക്കറ്റിനെ വളരെ കാര്യമായി കാണാൻ തുടങ്ങുന്നത്. ഇടംകെെയൻ ബാറ്റ്‌സ്‌മാനാണ് ദേവ്. ക്രിക്കറ്റിലെ കൂടുതൽ സാധ്യതകൾ ഉപയോഗപ്പെടുത്താൻ ദേവ്‌ദത്തും കുടുംബവും പിന്നീട് ബാംഗളൂരിലേക്ക് ചേക്കേറി.
കർണാടക അണ്ടർ 14 ക്രിക്കറ്റിൽ ദേവ് കളിച്ചിട്ടുണ്ട്. സയിദ് മുഷ്‌താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ 580 റൺസ് നേടിയതോടെ ദേവ് ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട പേരായി. 2019 ൽ ആയിരുന്നു ഈ പ്രകടനം. 64 ശരാശരിയിൽ 175 സ്ട്രൈക് റേറ്റോടെയായിരുന്നു ദേവ്‌ദത്തിന്റെ മിന്നുന്ന പ്രകടനം. കർണാടക പ്രീമിയർ ലീഗിൽ ബല്ലാരി ടസ്‌കേഴ്‌സിനു വേണ്ടി ദേവ്‌ദത്ത് കളിച്ചിട്ടുണ്ട്. ദേവ്‌ദത്ത് കെപിഎല്ലിൽ (കർണാടക പ്രീമിയർ ലീഗ്) 53 പന്തിൽ നിന്ന് 72 റൺസ് നേടിയിട്ടുണ്ട്. 2017 ൽ 17 വയസ് മാത്രമുള്ളപ്പോൾ ആയിരുന്നു ഇത്. ക്രിക്കറ്റിൽ രാഹുൽ ദ്രാവിഡിനെയാണ് ദേവ്‌ദത്തിന് ഏറെ ഇഷ്‌ടം.
Read Also: IPL 2020-SRH vs RCB: ജയത്തോടെ തുടങ്ങി കോഹ്‌ലിപ്പട; ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന്റെ ജയം 10 റൺസിന്
പാർഥിവ് പട്ടേലിനു പകരം നായകൻ കോഹ്‌ലി ഓപ്പണറായാണ് ദേവ്ദത്തിനെ ക്രീസിലേക്ക് അയച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനം ഐപിഎൽ വേദിയിലും ആവർത്തിച്ച ദേവ് തുടക്കം മുതൽ തന്നെ ബൗണ്ടറികൾ കണ്ടെത്തി. ഭുവനേശ്വർ കുമാറും സന്ദീപും അടങ്ങുന്ന പേസ് നിരയ്ക്കെതിരെ അക്രമിച്ച് കളിച്ച ദേവ് റാഷിദ് ഖാനെ നേരിടുമ്പോൾ അതീവ ശ്രദ്ധാലുവായിരുന്നു.
ബാംഗ്ലൂർ നിരയിലെ ടോപ്പ് സ്കോററായ ദേവ്ദത്ത് പടിക്കൽ എട്ട് തവണയാണ് ബൗണ്ടറി കണ്ടെത്തിയത്. 42 പന്തിൽ 56 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. നായകൻ വിരാട് കോഹ്‌ലിയുടെയടക്കം പ്രശംസ പിടിച്ചുപറ്റിയ താരം വരും മത്സരങ്ങളിലും ബാംഗ്ലൂർ മുൻനിരയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.