ക്രിക്കറ്റ് കളി കണി കാണാൻ പോലും ആരുമില്ലാത്ത നാടാണ് ചൈന, പക്ഷേ, ക്രിക്കറ്റിൽ കുറച്ചു ചൈനാമാൻമാരുണ്ട്. ആരാണീ ചൈനാമാൻ എന്ന് അത്ഭുതപ്പെടുന്നവർക്ക് ആ അറിവ് പകർന്നു നൽകിയത് ക്രിക്കറ്റ് ഇതിഹാസമായ ലിറ്റിൽമാസ്റ്ററാണ്.ക്രിക്കറ്റില്‍ ലെഗ് ബ്രേക്ക്, ഓഫ് ബ്രേക്ക്, സീം, എന്നീ ബൗളിംഗ് രീതികള്‍ പലര്‍ക്കും സുപരിചിതമാണ്. ബാറ്റിങ്ങിലെ പോലെ തന്നെ ബൗളിംഗിലും ഇടങ്കൈയ്യന്‍മാര്‍ എണ്ണത്തില്‍ കുറവാണ്.
അതില്‍ തന്നെ വളരെ വിരളമാണ് ഇടങ്കൈയ്യന്‍ ലെഗ്‌ബ്രേക്ക് ബൗളര്‍മാര്‍. പ്രത്യേക ബൗളിംഗ് ആക്ഷനുള്ള ഇവരെ ചൈനാമാന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇവര്‍ക്കെങ്ങനെ ഈ പേര് ലഭിച്ചു എന്നത് പലര്‍ക്കും അറിയാത്ത വസ്തുതയാണ്. ഒടുവില്‍ സാക്ഷാല്‍ സുനില്‍ ഗവാസ്‌കര്‍ തന്നെയാണ് ഇത് വിശദമാക്കിയത്.ധര്‍മ്മശാലയില്‍ നടക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ നാലാം ടെസ്റ്റിനിടെയാണ് കമന്റേറ്റര്‍കൂടിയായ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ചൈനാമാന്‍ എന്ന പേരിന് പിന്നിലെ രസകരമായ കഥ വിശദീകരിച്ചത്. ഇന്ന് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച കുല്‍ദീപ് യാദവ് എന്ന ഇടങ്കൈയന്‍ ചൈനാമാന്റെ ബൗളിംഗ് ആക്ഷന്‍ നിരീക്ഷിക്കുമ്പോഴായിരുന്നു ഇത്.
“ചൈനീസ് വംശജനായ എഡിയ അച്ചോങാണ് ( എല്ലിസ് അച്ചോങ്ങെന്നാണ് ഇദ്ദേഹത്തിന്റെ പേര് ക്രിക്കറ്റ് സംബന്ധിച്ച രേഖകളിലുളളത്.)ആദ്യമായി ഇത്തരത്തില്‍ പന്തെറിഞ്ഞത്. അന്നുണ്ടായിരുന്ന ബൗളിംഗ് രീതികളില്‍ നിന്നും തീര്‍ത്തും വത്യസ്ഥമായിരുന്നു ആ ബൗളിംഗ് ആക്ഷന്‍. ആദ്യമായി ഈ രീതിയില്‍ പന്തെറിഞ്ഞത് ചൈനീസ് വംശജനായതിനാലാണ് ഇടങ്കൈയന്‍ ലെഗ് സ്പിന്നര്‍മാര്‍ക്ക് ചൈനാമാന്‍ എന്ന പേര് ലഭിച്ചതെ”ന്നാണ് സുനില്‍ ഗവാസ്‌കര്‍ വിശദമാക്കുന്നത്.
ഗവാസ്‌കറുടെ നിരീക്ഷണം ക്രിക്ക് ഇന്‍ഫോയും, വിക്കീ പീഡിയയും ശരിവെക്കുന്നു. ക്രിക്ക്ഇന്‍ഫോയുടെ ‘ലെഗ്ഗീ ഇന്‍ ദ മിറര്‍’ എന്ന കുറിപ്പില്‍ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങളുണ്ട്.
1933 ല്‍ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന ഇംഗ്ലണ്ട് വെസ്റ്റിന്‍ഡീസ് ടെസ്റ്റിനിടെയാണ് ചൈനാമാന്‍ എന്ന പദം ആദ്യമായി ഉപയോഗിച്ചത്. മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് താരമായിരുന്ന എല്ലിസ് അച്ചോങ്ങ് എന്ന ചൈനീസ് വംശജന്‍ എറിഞ്ഞ റിസ്റ്റ് സ്പിന്‍ പന്ത് ഓഫ് സൈഡില്‍ നിന്ന് ലെഗ് സ്റ്റംമ്പിലേക്ക് കുത്തിത്തിരിഞ്ഞു. അപ്രതീക്ഷിതമായി കുത്തിത്തിരിഞ്ഞ പന്തിന്റെ ഗതി മനസ്സിലാക്കാന്‍ കഴിയാതെ വാള്‍ട്ടര്‍ റോബിന്‍സ് എന്ന ബാറ്റ്‌സ്മാന്‍ പുറത്താവുകയും ചെയ്തു. പവിലയനിലേക്ക് തിരിച്ച് നടക്കവെ ‘Fancy being done by a bloody Chinaman’ (അപ്രതീക്ഷിതം, അത്ഭുതം അതും ഒരു ചൈനാക്കാരന് മുന്നില്‍) എന്നാണ് ആ പന്തിനെ വിശേഷിപ്പിച്ചത്. ഇതില്‍ നിന്നാണ് ചൈനാമാന്‍ എന്ന പദപ്രയോഗം തന്നെ ഉണ്ടായതെന്നാണ് കരുതപ്പെടുന്നത്. ടെസ്റ്റ് ക്രിക്കറ്റ് കളിച്ച ആദ്യ ചൈനീസ് വംശജനനെന്ന ഖ്യാതിയും എല്ലിസ് അച്ചോങ്ങിനാണ്.