scorecardresearch

കേരളാ ബ്ലാസ്റ്റര്‍സിലെത്തിയ പുതിയതാരങ്ങള്‍ ആരൊക്കെ ?

ഡ്രാഫ്റ്റ് വഴി കേരളാ ബ്ലാസ്റ്റര്‍സിലേക്കെത്തിയ പതിമൂന്ന് താരങ്ങള്‍ ആരൊക്കെയാണ് എന്ന് പരിശോധിക്കാം

കേരളാ ബ്ലാസ്റ്റര്‍സിലെത്തിയ പുതിയതാരങ്ങള്‍ ആരൊക്കെ ?

കൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്കെല്ലാം കുറഞ്ഞത് പതിനഞ്ചോ, കൂടിയത് പതിനെട്ടോ ഇന്ത്യന്‍ കളിക്കാരെ നിലനിര്‍ത്താം. ഇതില്‍ 21 വയസ്സിനു താഴെയുള്ള രണ്ടു കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തണം എന്നത് കര്‍ശനമാണ്. എല്ലാ ടീമുകള്‍ക്കും 2016ലെ സ്ക്വാഡിലുള്ള രണ്ടു മുതിര്‍ന്ന കളിക്കാരെയും മൂന്ന് അണ്ടര്‍ 21 കളിക്കാരെയും വേണമെങ്കില്‍ നിലനിര്‍ത്താവുന്നതാണ്. ഇത്തരത്തില്‍ മൊത്തം 3 കളിക്കാരെയാണ് കേരളാ ബ്ലാസ്റ്റര്‍സ് ഡ്രാഫ്റ്റിനു വിട്ടുകൊടുക്കാതെ നിലനിര്‍ത്തിയിരിക്കുന്നത്.  മുതിര്‍ന്ന താരങ്ങളായ  സികെ വിനീത്, സന്ദേശ് ജിംഘന്‍ എന്നിവരെയും ഇരുപതുവയസ്സുകാരനായ മുന്നേറ്റനിരതാരം  പ്രശാന്ത് കറുത്തടത്ത്കുനി എന്നിവരെയാണ് ബ്ലാസ്റ്റര്‍സ് നിലനിര്‍ത്തിയത്.

 

ടീമില്‍ നിലനിര്‍ത്തിയിരിക്കുന്ന കളിക്കാരുടെ എണ്ണം നോക്കിയാണ് ക്ലബ്ബുകള്‍ക്ക് കളിക്കാരെ ലേലം വിളിച്ച് എടുക്കുവാനുള്ള അവസരം നല്‍കിയത്. ഒരു താരത്തെയും നിലനിര്‍ത്താത്ത ഡല്‍ഹി ഡൈനാമോസിനും പുതിയ ടീമായ ജംഷഡ്പൂര്‍ എഫ്സിക്കും ഡ്രാഫ്റ്റിന്‍റെ ആദ്യ റൗണ്ടില്‍ ഇടം പിടിക്കുമ്പോള്‍ രണ്ടുപേരെ മാത്രം നിലനിര്‍ത്തിയിട്ടുള്ള എഫ്സി പുണെ സിറ്റി രണ്ടാം റൗണ്ടിലാണ് ഡ്രാഫ്റ്റില്‍ പ്രവേശിച്ചത്. അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത, ബെംഗളൂരു എഫ്സി, എഫ്സി ഗോവ, കേരളാബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി എഫ്സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി എന്നിവര്‍ മൂന്നാം റൗണ്ടിലും നാലുപേരെ നിലനിര്‍ത്തിയ ചെന്നൈയിന്‍ എഫ്സി നാലാം റൗണ്ടിലും ആയിരുന്നു ഡ്രാഫ്റ്റില്‍ പ്രവേശിച്ചത്. അത്തരത്തില്‍ ഓരോ റൗണ്ടിലും കേരളാ ബ്ലാസ്റ്റര്‍സ് തിരഞ്ഞെടുത്ത താരങ്ങള്‍ ആരൊക്കെ എന്ന് പരിശോധിക്കാം

 

റൗണ്ട് 3- റിനോ ആന്‍റോ
മോഹന്‍ ബഗാന്‍, ബെംഗളൂരു എഫ്സി എന്നീ ക്ലബ്ബുകളില്‍ കളിച്ചിട്ടുള്ള ഈ ഇരുപതൊമ്പതുകാരന്‍ ടാറ്റ ഫുട്ബോള്‍ അക്കാദമിയുടെ ഉത്പന്നമാണ്. പ്രതിരോധനിരയില്‍ കരുത്തനായ റിനോയുടെ മികച്ച സ്ഥാനം റൈറ്റ് ബാക്ക് ആണ്. ഇരു വിങ്ങിലും കളിക്കാന്‍ പ്രാപ്തനായ റിനോ ഇന്ത്യയിലിന്നുള്ള ഏറ്റവും മികച്ച അറ്റാകിങ് പുള്‍ബാക് ആണ്. റിനോ തുടുത്തു വിടുന്ന ക്രോസുകള്‍ എത്ര കടുത്ത പ്രതിരോധത്തെയും തുളച്ചു കയറാന്‍ പ്രാപ്തമാണ്. വേഗതയും അവസരങ്ങള്‍ ഉണ്ടാക്കുന്നതിലെ മിടുക്കും റിനോ ആന്‍റോയെ ടീമിലെ സ്ഥിരസാന്നിദ്ധ്യമാകും.

Read More : കപ്പില്‍ കുറഞ്ഞൊന്നും മുന്നിലില്ല; ടീമില്‍ പ്രതീക്ഷയര്‍പ്പിച്ച് റിനോ ആന്‍റോ
റൗണ്ട്4- ലാല്‍റുവത്തര 

ഇന്ത്യന്‍ ഫുട്ബോളിന് ഏറ്റവും കൂടുതല്‍ കളിക്കാരെ സംഭാവന ചെയ്യുന്ന മിസോറാമില്‍ നിന്നും ഇന്ത്യാ അണ്ടര്‍ 23ന്‍റെ നായകസ്ഥാനം വരെ എത്തിയിരിക്കുന്നു ലാല്‍റുവത്തര. ലെഫ്റ്റ് ബാക് ആണ് ലാല്‍റുവാത്തരയുടെ മികച്ച സ്ഥാനം. കഴിഞ്ഞ ഐലീഗ് സീസണില്‍ ഐസ്വാള്‍ എഫ്സിയ്ക്കു വേണ്ടി ബൂട്ടണിഞ്ഞ ലാല്‍റുവത്തര. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ത്തിയ ബ്രസീലിയന്‍ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസിനു കീഴില്‍ പരിശീലിക്കാന്‍ സാധിച്ചിട്ടുള്ള ഈ ഇരുപത്തിരണ്ടുകാരനില്‍ ബ്ലാസ്റ്റര്‍സിന് ഏറെ പ്രതീക്ഷവെച്ചുപുലര്‍ത്താവുന്നതാണ്.

 

റൗണ്ട്5- മിലാന്‍ സിങ്

2010-11സീസണില്‍ പൈലന്‍ ആറോസിലൂടെ ഐ ലീഗില്‍ അരങ്ങേറിയ മിലാന്‍ സിങിന്. കേരളാബ്ലാസ്റ്റര്‍സിന്‍റെ മധ്യനിരയിലെ ചരടുകള്‍ വലികളില്‍ വലിയ പങ്കുവഹിക്കേണ്ടി വരും. ഷില്ലോങ്ങ് ലജോങ്ങ് എഫ്സി, ഡിഎസ്കെ ശിവാജിയന്‍സ് എന്നീ ക്ലബ്ബുകല്‍ക്കായി ഐ ലീഗ് കളിച്ചിട്ടുള്ള മിലാന്‍. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഡല്‍ഹി ഡൈനാമോസ് എന്നീ ക്ലബ്ബുകള്‍ക്കായി ഐഎസ്എല്ലിലും ബൂട്ടണിഞ്ഞിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ഹിക്കായി രണ്ടുഗോള്‍ നേടാനും ഈ ഇരുപത്തിയഞ്ചുകാരനു സാധിച്ചു. കേരളാ ബ്ലാസ്റ്റര്‍സിന്‍റെ മധ്യനിരയില്‍ മിലാന്‍ ഒരു മുതല്‍കൂട്ടാവും.

 

റൗണ്ട് 6- അരാത്ത ഇസൂമി
ജപ്പാനില്‍ ജനിച്ച ആരാത്ത ഇസൂമി എന്ന ഇന്ത്യന്‍ വംശജന്‍ നീണ്ട പതിനേഴു വര്‍ഷത്തെ അനുഭവസമ്പത്തുമായാണ് കേരളാബ്ലാസ്റ്റര്‍സില്‍ എത്തുന്നത്. സിംഗപൂര്‍ ലീഗ്, ജപ്പാന്‍ ഫുട്ബോള്‍ ലീഗ് എന്നിവയ്ക്ക് ശേഷം 2006ലാണ് ഈസ്റ്റ് ബംഗാളിലൂടെ ആരാത്ത ഇന്ത്യന്‍ ഫുട്ബോളില്‍ അരങ്ങേറ്റം കുറിക്കുന്നത്. മധ്യനിരയിലെ ഏത് സ്ഥാനത്തും കളിക്കാനാവുന്ന അരാത്തയ്ക്ക്. കൂടുതല്‍ സമയം പന്ത് കാലില്‍ കരുതുവാനുള്ള സാങ്കേതിക മികവും. കളിയുടെ ഗതി നിയന്ത്രിക്കുവാനുള്ള അനുഭവസമ്പത്തുമുണ്ട്. വേഗതയും ഷോട്ടിലെ കൃത്യതയും ആരാത്തയെ അക്രമസ്വഭാവമുള്ള ഒരു ഫുട്ബോളര്‍ ആക്കുന്ന ഘടകമാണ്. ബ്ലാസ്റ്റര്‍സിന്‍റെ ആദ്യ പതിനൊന്നില്‍ ഇടംനേടാന്‍ എന്തുകൊണ്ടും അനുയോജ്യനാണ് അരാത്ത

Read More : ‘ചങ്കേ, കടന്നു വാടാ..!’ റിനോയെ ആവേശപൂർവം ബ്ലാസ്റ്റേഴ്സിലേക്ക് സ്വാഗതം ചെയ്ത് സികെ വിനീത്

റൗണ്ട് 7- സുഭാശിഷ് റോയ് ചൗദരി

ടാറ്റ ഫുട്ബാള്‍ അക്കാദമി ഉത്പന്നമായ ഈ കല്‍ക്കത്തക്കാരന്‍ ഈസ്റ്റ് ബംഗാളിലൂടെയാണ് പ്രൊഫഷണല്‍ ഫുട്ബോളില്‍ അരങ്ങേറുന്നത്. ഈസ്റ്റ് ബംഗാള്‍, മഹീന്ദ്ര, ഡമ്പോ, അത്ലെറ്റികോ ഡി കൊല്‍കത്ത, എന്നീ ടീമുകള്‍ക്കായ് സുഭാശിഷ് ഗ്ലൗസണിഞ്ഞിട്ടുണ്ട്. മുപ്പതുകാരനായ സുഭാശിഷ് കേരളാ ബ്ലാസ്റ്റര്‍ സിന്‍റെ രണ്ടാം ഗോള്‍ കീപ്പര്‍ ആവാനാണ് സാധ്യത.
റൗണ്ട് 8- ജാകിചന്ദ് സിങ്
റോയല്‍ വഹിങ്ഡോയിലൂടെ പ്രൊഫഷണല്‍ ഫുട്ബോളില്‍ അരങ്ങേറിയ ജാകിചന്ദ് പുനൈ സിറ്റി എഫ്സി, സാല്‍ഗോക്കര്‍, മുംബൈ സിറ്റി, ഈസ്റ്റ് ബംഗാള്‍ എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ജാക്കി എന്ന് വിളിപ്പേരുള്ള ഈ ഇരുപത്തിയഞ്ചുകാരനെ ഫുട്ബോള്‍ ലോകത്ത് അടയാളപ്പെടുന്ന പ്രധാനഘടകം വേഗതയാണ്. മധ്യനിരയിലോ മുന്നേറ്റനിരയിലോവായി ഇരു വിങ്ങുകളിലും കളിക്കാന്‍ കേമനാണ് ജാക്കി.
റൗണ്ട് 9- സിയാം ഹന്‍ഘല്‍

മധ്യനിരയില്‍ കളിക്കാവുന്ന സിയാം ഹന്‍ഘല്‍ പൈലന്‍ ആറോസ്, ഡിഎസ്കെ ശിവാജിയന്‍സ്, ബെംഗളൂരു എഫ്സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ചെന്നൈയിന്‍ എഫ്സി, മുംബൈ എഫ്സി എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്.

Read More : ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; വേര്‍ഷന്‍ 2.0

റൗണ്ട് 10- ലാല്‍തകിമ
ഇരുപതുവയസ്സുകാരനായ ലാല്‍തകിമ ഐ ലീഗ് ചാമ്പ്യന്‍മാരായ ഐസ്വാള്‍ എഫ്സിയുടെ പ്രതിരോധ നിരയില്‍ ഉണ്ടായിരുന്നു. നാല് കളികളിലായി ഒരു ഗോള്‍ നേടാനും ലാല്‍തകിമയ്ക്ക് സാധിച്ചു. ആദ്യ ഇലവലിന്‍ കടുത്ത മത്സരമാണ് ഈ മിസോറാംകാരനെ കാത്തിരിക്കുന്നത്.

 

റൗണ്ട് 11- പ്രീതം കുമാര്‍ സിങ്

ആള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ എലീറ്റ് അക്കാദമിയുടെ ഉത്പന്നമായ പ്രീതം കുമാറിനു തന്‍റെ കരുത്ത് തെളിയിക്കാമെങ്കില്‍ പ്രതിരോധ നിരയില്‍ ഇടം ലഭിച്ചേക്കും. ഇന്ത്യ അണ്ടര്‍ 19 ടീമിലും ഈ ഇരുപത്തൊന്നുകാരന്‍ കളിച്ചിട്ടുണ്ട്.

 

റൗണ്ട്12-സാമുവല്‍ ശദപ്

ഇരുപത്തഞ്ചുകാരനായ സാമുവല്‍ ശദപ് ഷില്ലോങ്ങ് ലജോങ്ങ് എഫ്സിയില്‍ നിന്നാണ് കേരളാബ്ലാസ്റ്റര്‍സിലേക്ക് എത്തുന്നത്. സാമുവല്‍ ശദപിന്‍റെ മികച്ച സ്ഥാനം റൈറ്റ് ബാക്ക് ആണ്.

 

റൗണ്ട് 13- ലോകന്‍ മെയ്ട്ടെയി

റോയല്‍ വഹീങ്ഡോ, റിയല്‍ കശ്മീര്‍ എഫ്സി എന്നീ ടീമുകളില്‍ കളിച്ചിട്ടുള്ള ലോകെന്‍ മധ്യനിര താരമാണ്. ആദ്യ പതിനൊന്നില്‍ ഇടം നേടണം എങ്കില്‍ കടുത്ത മത്സരത്തെയാണ് ഈ ഇരുപതുകാരന്‍ അഭിമുഖീകരിക്കേണ്ടി വരിക.

 

റൗണ്ട് 14- കരണ്‍ അതുല്‍

2013ല്‍ ബെംഗളൂരു എഫ്സിയുടെ ആദ്യ ഐലീഗ് ടീമില്‍ ഇടംപിടിച്ച കരുണ്‍ അതുല്‍ സ്ട്രൈക്കര്‍ ആയാണ് അറിയപ്പെടുന്നത്. ടാറ്റ അക്കാദമിയുടെ ഉത്പന്നമായ കരുണിനു ഇതുവരെ തിളക്കമാര്‍ന്നൊരു പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല. കേരളാ ബ്ലാസ്റ്റര്‍സിന്‍റെ ആദ്യ പതിനൊന്നില്‍ ഇടം നേടുക എന്നത് ഈ ഇരുപത്തിയഞ്ചുകാരനെ സംബന്ധിച്ച് കടുത്ത പരീക്ഷണമാവും.

 

റൗണ്ട് 15- അജിത്‌ ശിവന്‍

മൂവാറ്റുപുഴ നിര്‍മ്മല കൊളേജിന്‍റെയും ഇടുക്കി ജില്ലാ അണ്ടര്‍ 22 ടീമിന്‍റെയും ഭാഗമായിരുന്ന അജിത്‌ ശിവന് ഇത് സ്വപ്നസാഫല്യമാണ്. കേരളാബ്ലാസ്റ്റര്‍സിലൂടെ ആദ്യമായി പ്രൊഫഷണല്‍ ഫുട്ബോളില്‍ അരങ്ങേറുകയാണ് ഈ ഇടുക്കിക്കാരന്‍. റിലയന്‍സ് ഫൗണ്ടേഷന്‍ യൂത്ത് സ്പോര്‍ട്സിലൂടെ മികവു തെളിയിച്ച അജിത്തിനെ കേരളാബ്ലാസ്റ്റര്‍സു സ്വന്തമാക്കുന്നത് പതിനഞ്ചാം റൗണ്ടിലാണ്. ഈ ഇരുപതു വയസ്സുകാരനു സ്വന്തം നാട്ടില്‍ മികച്ചൊരു അരങ്ങേറ്റം കുറിക്കാന്‍ അവസരമൊരുക്കുമോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എന്ന് കാത്തിരുന്നറിയാം.

Read More : ഹൈറേഞ്ചിൽ നിന്ന് ബ്ലാസ്റ്റേഴ്‌സിലേക്ക്; മഞ്ഞപ്പടയുടെ താരമാകാൻ അജിത്തും

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Who are the new kerala blasters players