കൊച്ചി: ഇന്ത്യന്‍ ഫുട്ബാളിന്റെ ആരവമായി മാറിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ പുതിയ സീസണു പന്തുരുളാന്‍ ഏതാനും നാളുകള്‍ മാത്രം ബാക്കി. ഏറെ പുതുമകളുമായാണ് ഈ വര്‍ഷത്തെ ഐഎസ്എല്‍ മത്സരങ്ങള്‍ അരങ്ങേറുന്നത്. മുന്‍ സീസണുകള്‍ ശീലിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിനു സമാനമായ കളി ഫോര്‍മാറ്റുകളില്‍ നിന്നും മാറി ഏത് അന്താരാഷ്ട്ര ലീഗിനോട് കിടപിടിക്കാവുന്ന ഒരു ഫോര്‍മാറ്റിലേക്ക് രൂപാന്തരപ്പെടുകയാണ് ഈ സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ അംഗീകാരം നേടിയെടുത്തതിനുശേഷമുള്ള ആദ്യ ഐഎസ്എല്ലില്‍ പത്ത് ടീമുകള്‍ മാറ്റുരക്കുമ്പോള്‍. മികച്ച വിദേശ താരങ്ങളെ കൂടി തങ്ങളുടെ ടീമുകളിലേക്ക് എത്തിക്കാന്‍ കടുത്ത മത്സരമാണ് ഓരോ ക്ലബ്ബുകളും കാഴ്ചവെച്ചത്. ഐഎസ്എല്ലിന്‍റെ ഈ സീസണില്‍ ബൂട്ടണിയുന്ന ഏറ്റവും വിലപിടിപ്പുള്ള പത്തു വിദേശതാരങ്ങള്‍ ആരൊക്കെയെന്നു പരിശോധിക്കാം.

#10 എമില്യാനോ അല്‍ഫാറോ

കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്ക് വേണ്ടി തിളങ്ങിയ ഈ ഉറൂഗ്വന്‍ താരം ഇത്തവണയെത്തുന്നത് പൂനെ സിറ്റിയുടെ ജെഴ്സിയിലാകും. ആറുലക്ഷത്തി മുപ്പത്തിനായിരം യൂറോ ചെലവിട്ട് ഇന്ത്യയിലേക്ക് എത്തിച്ച ഈ സെന്‍റര്‍ ഫോര്‍വേര്‍ഡ്‌ ഒരു ലിവര്‍പൂള്‍ അക്കാഡമി കണ്ടെത്തലാണ്. കഴിഞ്ഞ ഐഎസ്എല്‍ സീസണു ശേഷം ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ മാനേജറായുള്ള യുഎഇ ക്ലബ്ബായ അല്‍ ഫുജൈറയ്ക്ക് വേണ്ടി കളിക്കുകയായിരുന്നു അലഫാറോ. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പതിമൂന്നു കളികളില്‍ നിന്നും അഞ്ചു ഗോളുകള്‍ നേടിയ അല്‍ഫാറോ ഏതു പ്രതിരോധക്കോട്ടയും തകര്‍ക്കാനുള്ള മാന്ത്രികത കാലിലൊതുക്കിയാണ് ഐഎസ്എല്ലിലേക്ക് വീണ്ടും എത്തുന്നത്.

#9 മാര്‍സലീനോ

പൂനെ സിറ്റിയിലെത്തിയ ഈ ബ്രസീലിയന്‍ താരം മികച്ചൊരു അറ്റാകിങ്ങ് മിഡ്ഫീല്‍ഡറാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ കഴിഞ്ഞ സീസണില്‍ ഡല്‍ഹി ഡൈനാമോസിനു വേണ്ടി കളിച്ച പതിനഞ്ചു കളികളില്‍ നിന്നും പത്ത് ഗോളുകള്‍ നേടുകയും നാല് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തതാണ് മാര്‍സലീനോയെ ഇന്ത്യയില്‍ തുടരാവുന്ന ഒരു കരാറിലേക്ക് എത്തിച്ചത്. ആറു ലക്ഷത്തിയെഴുപത്തിയഞ്ചായിരം യൂറോയാണ് ഈ മുപ്പതുകാരന്‍റെ മാര്‍കറ്റ്‌ വില.

#8 പൊളീനിയോ ഡയസ്


മിഡ്ഫീല്‍ഡിലും ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലും ഒരുപോലെ തിളങ്ങാനാവുന്ന ഈ ബ്രസീലിയന്‍ താരത്തിന്‍റെ വില ആറു ലക്ഷത്തിയെഴുപത്തിയഞ്ചായിരം യൂറോയാണ്. അവസാന സീസണില്‍ ഇറ്റാലിയന്‍ ലീഗില്‍ അതലെറ്റികോ പരാനെന്‍സെയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞ ഈ ഇരുപത്തിയോമ്പതുകാരന്‍ സ്വന്തം പേരില്‍ രണ്ടു ഗോളുകളും നേടിയിട്ടുണ്ട്.

#7 ജൈമി ഹവിലാന്‍


കഴിഞ്ഞ ഐഎസ്എല്ലില്‍ എടികെയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞ ഈ വിങ്ങര്‍ പതിനാറു കളികളില്‍ നാലു ഗോളുകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. വലെന്‍സിയാ ഗെറ്റാഫെ തുടങ്ങിയ ലാ ലിഗ ക്ലബ്ബുകളിലായി ഏറെ കാലം ചെലവിട്ട ഈ സ്പാനിഷ് വിങ്ങര്‍ ഇത്തവണ ചെന്നൈയിന്‍ എഫ്സിയിലേക്കാണ് ചേക്കേറിയിരിക്കുന്നത്. ആറുലക്ഷത്തി എഴുപത്തിയഞ്ചായിരം യൂറോയാണ്. ഹവിലാന്‍റെ വില.

#6 മാര്‍സിഞ്ഞോ


അറ്റാകിങ് മിഡ്ഫീല്‍ഡിലും ഇരുവിങ്ങുകളിലും കളിച്ച അനുഭവവുമായി ഇന്ത്യയിലേക്ക് എത്തുന്ന ഈ മുപ്പത്തിയോന്നുകാരനെ സ്വന്തമാക്കിയിരിക്കുന്നത് നോര്‍ത്ത് ഈസ്റ്റ് എഫ്സിയാണ്. ടര്‍ക്കിഷ് രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ഗാസിയന്‍റെപ്സ്പോറില്‍ നിന്നും ഏഴു ലക്ഷത്തി ഇരുപത്തിനായിരം രൂപയ്ക്കാണ് നോര്‍ത്ത് ഈസ്റ്റ് എഫ്സി ഈ താരത്തെ സ്വന്തമാക്കിയിരിക്കുന്നത്.

#5 ഗ്രിഗോറി നെല്‍സണ്‍:


ചെന്നൈയിന്‍ എഫ്സിയിലേക്ക് എത്തിയിരിക്കുന്ന ഈ ഡച്ചുകാരന്‍ മികച്ചൊരു വിങ്ങറാണ്. എട്ടുലക്ഷത്തി പതിനായിയം യൂറോയ്ക്കാണ് 2016 സീസണില്‍ ബള്‍ഗേറിയന്‍ ക്ലബ്ബായ ബോട്ടെവ് പ്ലോഡിവിനു വേണ്ടി പതിനഞ്ചു കളികളില്‍ നിന്നും നാലു ഗോളുകള്‍ അടിക്കുകയും രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത ഈ ഇരുപത്തിയോമ്പതുകാരനെ ചെന്നൈയിന്‍ എഫ്സി സ്വന്തമാക്കുന്നത്.

#4 ആഡില്‍സണ്‍ ഗൊയാനോ

ഈ ബ്രസീലിയന്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ഇന്ത്യയിലേക്ക് എത്തുന്നത് നോര്‍ത്ത് ഈസ്റ്റ് എഫ്സിക്കു വേണ്ടി ബൂട്ടണിയാനാണ്. ഒമ്പതുലക്ഷം യൂറോയ്ക്ക് നോര്‍ത്ത് ഈസ്റ്റ് ക്ലബ്ബ് സ്വന്തമാക്കിയ ഈ ഇരുപത്തിയോമ്പത് കാരന്‍ ഏറെ വര്‍ഷത്തെ ബ്രസീലിയന്‍ അനുഭവവുമായാണ് ഇന്ത്യന്‍ മണ്ണിലേക്ക് എത്തുന്നത്. തികഞ്ഞ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ ഗൊയാനോ ഗോളുകള്‍ കണ്ടെത്തുന്നതിലും മിടുക്കനാണ്. മികച്ച ഹെഡ്ഡര്‍ ഗോളുകള്‍ കണ്ടെത്തുന്ന ഗൊയാനോ ക്ലബ്ബിന്‍റെ മധ്യനിരയിലെ ചരടുവലികള്‍ക്ക് എന്ന് തന്നെയാവും നോര്‍ത്ത് ഈസ്റ്റ് പ്രതീക്ഷ.

#3 മികു ഫെഡോര്‍

സ്കോട്ടിഷ് ചാമ്പ്യന്‍ പട്ടവും സ്കോട്ടിഷ് കപ്പും നേടിയിട്ടുള്ള ഈ വെനെസ്വേലന്‍ താരത്തെ സ്വന്തമാക്കിയിരിക്കുന്നത് ഐഎസ്എല്ലില്‍ അരങ്ങേറ്റം കുറിക്കുന്ന ബെംഗളൂരു എഫ്സി ആണ്. എഎഫ്സി കപ്പ്‌ വിജയം കൂടി ലക്‌ഷ്യം വെച്ചുകൊണ്ട് ബെംഗളൂരു സ്വന്തമാക്കിയ ഈ സെന്‍റര്‍ ഫോര്‍വേഡിന്‍റെ വില ഒമ്പത് ലക്ഷം യൂറോയാണ്. വലെന്‍സിയാ, ഗെറ്റാഫെ, സലമന്‍സ തുടങ്ങിയ സ്പാനിഷ് ക്ലബ്ബുകളിലും സ്കോട്ടിഷ് ക്ലബ്ബായ സെല്റ്റിക് എഫ്സിയിലും മികവ തെളിയിച്ച ഈ മുപ്പത്തിരണ്ടുകാരന്‍റെ അനുഭവസമ്പത്ത് സുനില്‍ ഛേത്രിയും ഉദാന്ത സിങ്ങും ഡാനിയേല്‍ ലാലംപൂയയും അടങ്ങുന്ന ബെംഗളൂരു അക്രമനിരയ്ക്ക് കൂടുതല്‍ കരുത്തേകും.

 

#2 റോബി കീന്‍

ഇന്‍റര്‍ മിലാന്‍, ലീഡ്സ്, സ്പര്‍സ്, ലിവര്‍പൂള്‍, സെല്‍റ്റിക്, തുടങ്ങിയ ക്ലബ്ബുകളിലായി നീണ്ട ഇരുപതു വര്‍ഷത്തെ ഫുട്ബോള്‍ അനുഭവങ്ങളുമായാണ് റോബി കീന്‍ എന്ന സെന്‍റര്‍ ഫോര്‍വേര്‍ഡ് എറ്റികെയിലെത്തുന്നത്. മുപ്പത്തിയേഴുകാരനായ ഈ അയര്‍ലണ്ടുകാരന്‍റെ അനുഭവസമ്പത്ത് മുതലെടുക്കാനാവും എറ്റികെ ലക്‌ഷ്യം. ഒമ്പത് ലക്ഷം യൂറോയാണ് റോബി കീനിന്‍റെ മാര്‍കറ്റ്‌ വില.

 

#1 ദിമിറ്റര്‍ ബെര്‍ബെറ്റോവ്


കേരളാ ബ്ലാസ്റ്റേഴ്സിലെത്തിയ ഈ മാഞ്ചസ്റ്റര്‍ ഇതിഹാസത്തെ ഐഎസ്എല്ലിലെ ഏറ്റവും വിലപ്പിടിപ്പുള്ള താരമാക്കുന്നത് അദ്ദേഹത്തിന്‍റെ അനുഭവസമ്പത്താണ്‌. ഏഴു തവണ ബള്‍ഗേറിയന്‍ ഫുട്ബോളര്‍ ഓഫ് ദി ഇയര്‍ ആയിട്ടുള്ള, ഒന്നിലേറെ തവണ ഇംഗ്ലീഷ് കപ്പും ലീഗും സൂപ്പര്‍ കപും നേടിയിട്ടുണ്ട്. ബയെര്‍ ലെവര്‍കൂസന്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടെന്‍ഹാം ഹോട്ട്സ്പര്‍, ഫുള്‍ഹാം, മൊണാക്കോ എഎസ് തുടങ്ങിയ ക്ലബ്ബുകള്‍ക്കായി ഗോള്‍ നേടിയിട്ടുള്ള ഈ മുപ്പത്തിയാറുകാരന്‍റെ മാര്‍ക്കറ്റ് തുക ഒമ്പത് ലക്ഷം യൂറോയാണ്. സര്‍ അലക്സ് ഫെര്‍ഗൂസന്‍റെ മാഞ്ചസ്റ്റര്‍ കാലഘട്ടത്തിലും ഫുള്‍ഹാമിലും റെനെ മ്യൂലെന്‍സ്റ്റീനു കീഴില്‍ പരിശീലിച്ചിട്ടുള്ള ബെര്‍ബ ഗ്രീക്ക് ക്ലബ്ബായ തെസ്സലോനികിയില്‍ നിന്നുമാണ്. സെന്‍റര്‍ സ്ട്രൈക്കറും സെകണ്ടറി സ്ട്രൈക്കറുമായി തിളങ്ങിയിട്ടുള്ള ബെര്‍ബറ്റോവ് ബ്ലാസ്റ്റേഴ്സില്‍ സെകണ്ടറി സ്ട്രൈക്കര്‍ ആവും എന്നാണ് കണക്കുകൂട്ടല്‍. പന്ത് ഏറെ നേരം കാലില്‍ ഒതുക്കുന്നതിലെ സാമര്‍ത്ഥ്യവും സാങ്കേതിക തികവും അനുഭവ സമ്പത്തുമൊക്കെയാണ് ബെര്‍ബറ്റോവിനെ ഈ സീസണ്‍ ഐഎസ്എല്ലിലെ ഏറ്റവും വിലപിടിപ്പുള്ള താരമാക്കുന്നത്.

Read More : കേരളാ ഫുട്ബോളിന് താങ്ങാവാന്‍ താങ്ബോയി- ബ്ലാസ്റ്റേഴ്സ് കോച്ച് സംസാരിക്കുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook