ബുധനാഴ്ച്ച, സ്വന്തം തട്ടകമായ അലിയന്‍സ് അറീനയില്‍ നടന്ന ചാമ്പ്യൻസ്  ലീഗിന്റെ ആദ്യ പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക് , റയല്‍ മാഡ്രിഡിനോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയം ഏറ്റുവാങ്ങി.
കളിയില്‍ രണ്ടു ഗോള്‍ നേടി ബയേണ്‍ ആരാധകാരെ നിശബ്ദരാക്കിയ, സൂപ്പർതാം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ് റയലിന്റെ വിജയശില്പി. രണ്ടാം പകുതിയില്‍ റൊണാള്‍ഡോ തൊടുത്തുവിട്ട രണ്ടു ഗോളുകളാണ് ബയേണിനു അനിവാര്യമായിരുന്ന ഹോം ഗ്രൗണ്ടിലെ വിജയം ഇല്ലാതാക്കുകയും റയലിനെ വിജയത്തിലേയ്ക്കു നയിച്ചതും.

ജര്‍മന്‍ ഫുട്ബാളിലെ അതികായരായ ആതിഥേയര്‍ക്ക് തങ്ങളുടെ സ്ഥിരം കളിമികവ് പുറത്തെടുക്കാന്‍ സാധിച്ചില്ല എന്ന് മാത്രമല്ല. കുറച്ചധികം പിഴവുകൾ വരുത്തുകയും ചെയ്തു.

സ്വന്തം തട്ടകത്തിൽ  ബയേൺ മ്യൂണിക്  വരുത്തിയ പ്രധാന പിഴവുകള്‍ ഇതാണ് :

 കളഞ്ഞുകുളിച്ച പെനാല്‍റ്റി

ഇരുപത്തിയഞ്ചാം മിനിറ്റിൽ ചിലിയന്‍ മധ്യനിര കളിക്കാരന്‍ ആര്‍ത്രോ വിദാലിന്‍റെ ശരവേഗത്തിലുള്ള ഹെഡര്‍ നല്‍കിയ മുന്‍‌തൂക്കം നിലനിര്‍ത്താന്‍ ബയേണിനു സാധിച്ചില്ല. മികച്ച പല സാധ്യതകളും ലക്ഷ്യസ്ഥാനത്ത്  എത്തിക്കുന്നതില്‍ ബയേണ്‍ മുന്നേറ്റനിര പിഴച്ചു എന്ന് തന്നെ വേണം പറയാന്‍.

ആദ്യ ഗോള്‍ നേടിക്കൊണ്ട് ടീമിനു അപ്രമാദിത്വം നേടിക്കൊടുത്ത വിദാല്‍ അതേസമയം ആദ്യ പകുതിയില്‍ തന്നെ രണ്ടു നല്ല അവസരങ്ങള്‍ ഗോള്‍ ആക്കുന്നതില്‍ പരാജയപ്പെട്ടൂ. ആദ്യം, വലത് വിങ്ങില്‍ നിന്നും വന്ന ആര്യന്‍ റോബന്റെ ക്രോസ് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതില്‍ വിദാല്‍ പിഴച്ചു. രണ്ടാമത്, കളിയെ അതിഥികള്‍ക്ക് അടിയറവുവെച്ച പ്രധാനപ്പെട്ട പെനാല്‍റ്റി.

ലെഫ്റ്റ് വിങ്ങില്‍ നിന്നും ശരവേഗത്തില്‍ ബോക്സിലേക്ക് ഇരച്ചുകയറിയ ഫ്രാങ്ക് റിബറി പോസ്റ്റ്‌ ലക്ഷ്യമാക്കിയൊരു ഷോട്ട് തുടുത്തുവിടുന്നു.  റയല്‍ പ്രതിരോധ നിരക്കാരന്‍ കാര്‍വജാലിന്റെ കയ്യില്‍ തട്ടിയ പന്ത് ബയേണിനു പെനാല്‍റ്റി സമ്മാനിക്കുകയായിരുന്നു. എന്നാല്‍ പെനാല്‍റ്റിയെടുത്ത വിദാല്‍ പന്തിനെ അലക്ഷ്യമായി പോസ്റ്റിനു മുകളിലെ അടിച്ചുകളഞ്ഞു..

പത്തുപേരായി ചുരുങ്ങിയ ബയേണ്‍
പ്രതിരോധനിരയില്‍ കളിക്കുന്ന ഒരാള്‍ക്കും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത പിഴവായിരുന്നു ഹാവി മാര്‍ട്ടിനസിന്‍റേത്. മൂന്നു മിനുട്ടിനുള്ളില്‍ രണ്ടു മഞ്ഞ കാര്‍ഡ് ! റൊണാള്‍ഡോയെ ഫൗള്‍ ചെയ്തതിനു റെഡ് കാര്‍ഡ് നേടി പുറത്തായ ഹാവി മാര്‍ട്ടിനസ് ബയേണിനെ തള്ളിവിട്ടത് ലോകഫുട്ബാളിലെ ഏറ്റവും ശക്തമായ അക്രമ നിരയുടെ മുന്നിലേക്കാണ്. പത്തുപേരായി ചുരുങ്ങിയ ബയേണ്‍ നിരയെ സിദാന്‍റെ കുട്ടികള്‍ വളരെ അനായാസമായാണ് പിന്നീട് നേരിട്ടത്.

മാര്‍ക്കോ അസെന്‍സിയോ
ക്രിസ്ത്യാനോ റൊണാള്‍ഡോ എന്ന സൂപ്പർ താരത്തിനു ആവശ്യമായ പാസ്സുകള്‍ നല്‍കികൊണ്ട് റയലിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചത് മാര്‍ക്കോ അസെന്‍സിയോ എന്ന ഇരുപത്തിരണ്ടുകാരനായ സ്പാനിഷ് താരമാണ്. അനുഭവസ്ഥനായ ക്രിസ്ത്യൻ ബേലിനു പകരക്കാരനായി അസെന്‍സിയോ എന്ന യുവരക്തത്തെ സിദാന്‍ കളിക്കളത്തിലേക്ക് ഇറക്കുമ്പോള്‍ ഏതൊരു റയല്‍ ആരാധകനും തെല്ലു സംശയിക്കാതിരുന്നു കാണില്ല. അതും ഇസ്കോയേയും അല്‍വാരോ മോരാട്ടോയേയും തഴഞ്ഞുകൊണ്ട് !
സിദാനു പിഴച്ചില്ല എന്ന് തെളിയിക്കുന്നതായിരുന്നു അസെന്‍സിയോയുടെ പ്രകടനം. അക്രമോണുത്സുകനായ ഈ മധ്യനിരക്കാരന്‍റെ പാസുകള്‍ക്ക് അത്രയ്ക്ക് കണിശതയായിരുന്നു. ആവശ്യമുള്ള സാഹചര്യത്തില്‍ പ്രതിരോധത്തിലും മികവുകാട്ടിയ അസെന്‍സിയോ തന്നെയായിരുന്നു സ്പാനിഷ് സംഘത്തിനു വിജയം നല്‍കുന്നതിലെ സുപ്രധാന ശക്തി.

തങ്ങളുടെ തട്ടകത്തില്‍ നടക്കുന്ന ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തില്‍ കാര്യങ്ങള്‍ എളുപ്പമാക്കിയാതിന്റെ ആത്മവിശ്വാസത്തിലാവും റയല്‍ പട. കപ്പില്‍ കുറഞ്ഞൊരു ലക്ഷ്യം നിലവിലെ ചാമ്പ്യന്‍മാര്‍ക്കില്ല.

അലിയന്‍സ് അറീനയിലെ പിഴവുകളില്‍ നിന്നും പഠിച്ചുകൊണ്ട് അടുത്ത കളിയില്‍ ശക്തമായി തിരിച്ചടിക്കാന്‍ തന്നെയാവും സിദാന്‍റെ ഗുരു കൂടിയായ ബയേണ്‍ പരിശീലകന്‍ കാര്‍ലോ ആന്‍സെലോറ്റി ലക്ഷ്യം വെക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ