ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റും വിജയിച്ചതിന്റെ സന്തോഷത്തിലാണ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി. മൂന്നു ടെസ്റ്റുകൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലാണ്. രണ്ടാം ടെസ്റ്റ് വിജയത്തിനുപിന്നാലെ കോഹ്‌ലിയെ കാണാൻ ഒരു അതിഥിയെത്തി. റെസ്‌ലിങ് പോരാളിയായ ദ ഗ്രേറ്റ് ഖലി. ഇരുവരും ഒന്നിച്ചുളള ചിത്രം കോഹ്‌ലി ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്. ഖലിയെ കണ്ടതിന്റെ സന്തോഷവും കോഹ്‌ലി പങ്കുവച്ചിട്ടുണ്ട്.

രവീന്ദ്ര ജഡേജയുടെ തകർപ്പൻ ബോളിങ് പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്കു വിജയം നേടിക്കൊടുത്തത്. ജഡേജയുടെ അ‍ഞ്ചു വിക്കറ്റ് നേട്ടത്തിലൂടെ ഇന്ത്യ ലങ്കയെ ഇന്നിങ്സിനും 53 റൺസിനും തകർത്തു. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ തുടർച്ചയായ എട്ടാം പരമ്പര വിജയമാണിത്. ശ്രീലങ്കയിൽ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് വിജയമാണിത്.

അവസാന ടെസ്റ്റ് ശനിയാഴ്ച പല്ലേകെലെയിൽ ആരംഭിക്കും. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ച രവീന്ദ്ര ജഡേജയ്ക്കു മൂന്നാം ടെസ്റ്റിൽ കളിക്കാനാകില്ല. കരുണരത്നെ ക്രീസിൽ നിൽക്കെ ജഡേജ പന്ത് മനഃപൂർവം ബാറ്റ്സ്മാനുനേരെ അപകടകരമായ രീതിയിൽ വലിച്ചെറിഞ്ഞതോടെയാണു വിലക്കു വീണത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ