ഐസിസി ലോകകപ്പ് മൽസരങ്ങൾക്കായി ഓസ്ട്രേലിയയിൽ ആയിരിക്കുന്ന സമയത്താണ് എം.എസ്.ധോണി അച്ഛനാകുന്നത്. ഓസ്ട്രേലിയയ്ക്ക് എതിരായ ആദ്യ മൽസരത്തിന് രണ്ടു ദിവസം ബാക്കിനിൽക്കേയായിരുന്നു തനിക്ക് കുഞ്ഞുണ്ടായെന്ന സന്തോഷ വിവരം ധോണി അറിഞ്ഞത്. പക്ഷേ എന്നിട്ടും ധോണി ഇന്ത്യയിലേക്ക് വന്നില്ല. പകരം ഓസ്ട്രേലിയയിൽ തുടരാൻ തീരുമാനിച്ചു. ധോണിയുടെ ഈ തീരുമാനത്തോട് ഇന്ത്യക്കാർക്ക് അന്ന് ഏറെ ബഹുമാനം തോന്നി.

കുഞ്ഞുണ്ടായപ്പോൾ അടുത്ത് ഉണ്ടാകാൻ സാധിക്കാതിരുന്നതിൽ നിരാശയുണ്ടോയെന്നു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു ധോണി മറുപടി പറഞ്ഞത്. ”എനിക്ക് ഒരു പെൺകുട്ടി പിറന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഇപ്പോൾ ഞാൻ രാജ്യത്തിനുവേണ്ടിയുളള എന്റെ കടമ നിറവേറ്റാനാണ് ഇവിടെ വന്നിരിക്കുന്നത്. മറ്റുളളതെല്ലാം അതിനുശേഷം മാത്രമാണ്” ധോണി പറഞ്ഞു.

2015 ഫെബ്രുവരി 6 നാണ് ധോണിയുടെ ഭാര്യ സാക്ഷി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ഈ സന്തോഷ വിവരം സാക്ഷിയാകട്ടെ ധോണിയെ അറിയിച്ചത് സുരേഷ് റെയ്ന വഴിയെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്. ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ദിലീപ് സർദേസായിയുടെ മകനും മാധ്യമപ്രവർത്തകനുമായ രാജ്ദീപ് സർദേസായിയുടെ പുറത്തിറങ്ങിയ പുതിയ പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്.

”2015 ൽ ലോകകപ്പ് മൽസരങ്ങൾക്കായി ധോണി ഓസ്ട്രേലിയയിൽ എത്തുമ്പോൾ അദ്ദേഹത്തിന്റെ കൈയ്യിൽ ഫോൺ ഇല്ലായിരുന്നു. കുഞ്ഞുണ്ടായ വിവരം സാക്ഷി സുരേഷ് റെയ്നയുടെ ഫോണിലേക്ക് മെസേജ് അയയ്ക്കുകയായിരുന്നു. റെയ്നയാണ് ധോണിയോട് ഈ സന്തോഷ വിവരം അറിയിച്ചത്.”

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ