ധോണിയുടെ നേരെ ഒരിക്കൽ ഒച്ചയെടുക്കേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഇന്ത്യയുടെ മുൻ പരിശീലകൻ രവിശാസ്ത്രി. ഫുട്‍ബോൾ ആരാധകനായ ധോണി അത് കളിക്കുന്നത് തടയാൻ വേണ്ടിയാണ് ഒച്ചയെടുത്തത് എന്ന് ശാസ്ത്രി പറയുന്നു. ധോണിയുടെ ഫുട്‍ബോൾ സ്നേഹത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ശാസ്ത്രി ഇക്കാര്യം പറഞ്ഞത്.
ഏഷ്യാ കപ്പ് ഫൈനലിന് മുമ്പ്, വിക്കറ്റ് കീപ്പറായ ധോണിക്ക് പരുക്ക് ഏൽക്കുന്നത് ഒഴിവാക്കാനായാണ്, ഫുട്ബോൾ കളിക്കുന്നത് വിലക്കുകയും ഒച്ചയെടുത്തതെന്നും ശാസ്ത്രി പറഞ്ഞു.
“അവൻ ഫുട്ബോളിനെ സ്നേഹിക്കുന്നു. അവൻ കളിക്കുന്ന തീവ്രത കാരണം അത് ഭയപ്പെടുത്തുന്നു, നിങ്ങൾ പുറത്ത് നിന്ന് കാണുമ്പോൾ പരുക്കേൽക്കില്ലെന്ന് തോന്നും. ഏഷ്യാ കപ്പ് ഫൈനലിന് മുമ്പ് മഞ്ഞുവീഴുന്നുണ്ടായിരുന്നു, ടോസിന് അഞ്ച് മിനിറ്റ് മുമ്പ് അവൻ സ്കിഡ് ചെയ്ത് വീണത് ഞാൻ ഓർക്കുന്നു,” സ്റ്റാർ സ്പോർട്സിൽ ശാസ്ത്രി പറഞ്ഞു.
“എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും അങ്ങനെ ഒച്ചയെടുത്തിട്ടില്ല, കളി നിർത്താൻ ഞാൻ പറഞ്ഞു! കാരണം പാക്കിസ്ഥാനെതിരായ കളിയിൽ ഒരു പ്രധാന കളിക്കാരനെ നഷ്ടപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, അഞ്ച് മിനിറ്റിന് ശേഷമാണ് ടോസ്. എന്നാലും ഫുട്‍ബോളിൽ നിന്ന് അവനെ മാറ്റൽ അസാധ്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: അത് ടീമിന്റെ തീരുമാനമായിരുന്നു; അശ്വിന്റെ ‘റിട്ടയേർഡ് ഔട്ടി’നെ കുറിച്ച് സഞ്ജു