ഇന്ത്യന്‍ ടീമില്‍ നിന്നും വിരമിച്ച ക്രിക്കറ്റ് താരം ആശിഷ് നെഹ്റയുടെ മികച്ച പ്രകടനം ഏതെന്ന് ചോദിച്ചാല്‍ ഒരുപാട് ഉണ്ടാകും എടുത്ത് പറയാന്‍. 2003ല്‍ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റ് നേട്ടം ഇതില്‍ ശ്രദ്ധേയമാണ്. 2003 ഫെബ്രുവരി 26ന് ദര്‍ബനില്‍ നടന്ന മത്സരത്തിലും നെഹ്റ വിലയേറിയ പ്രകടനമാണ് കാഴ്ച്ച വെച്ചിരുന്നത്.

മത്സരത്തിനിടെ ക്ഷീണവും ചര്‍ദ്ദിയും കാരണം നെഹ്റ വീണുപോയി. ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പറായിരുന്ന പാര്‍ഥിവ് പട്ടേല്‍ നെഹ്റയ്ക്ക് തന്റെ പഴം നല്‍കിയതിന് ശേഷം മത്സരം പുനരാരംഭിച്ചു. 52 റണ്‍സിന് രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെട്ട് നിന്നിരുന്ന ഇംഗ്ലണ്ട് പിന്നീട് അങ്ങോട്ട് തകരുന്ന കാഴ്ച്ചയാണ് കണ്ടത്. 17ാം ഓവറില്‍ 52ന് 4 എന്ന നിലയിലാണ് നെഹ്റയുടെ ഓവര്‍ അവസാനിച്ചത്. 6 വിക്കറ്റ് നെഹ്റ നേടിയപ്പോള്‍ ഇംഗ്ലണ്ട് 168 റണ്‍സിന് അടിയറവ് പറഞ്ഞു.

ബുധനാഴ്ച ന്യൂസിലൻഡിനെതിരായ ട്വന്റി 20 മത്സരത്തോടെയാണ് ആശിഷ് നെഹ്റ തന്റെ 18 വര്‍ഷം നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിന് വിട പറഞ്ഞത്. പേസർമാർക്കു ദീർഘായുസ്സുണ്ടാകില്ലെന്ന ക്രിക്കറ്റിലെ വാദത്തെ വെല്ലുവിളിച്ചായിരുന്നു വെപ്രാളത്തോടെ പന്തെറിയുന്ന ഈ ഇടംകയ്യൻ പേസറുടെ വളർച്ച. 18 വർഷം നീണ്ട കരിയറിന്റെ പകുതി സമയവും ഇന്ത്യൻ ടീമിനു പുറത്തായിരുന്നു. അമിത പരിശീലനം സമ്മാനിച്ച പരുക്കുകൾ മൂലം 12 തവണയാണു ശസ്ത്രക്രിയയ്ക്കു വിധേയനായത്.

മുഹമ്മദ് അസ്ഹറുദ്ദീനു കീഴിൽ‌ 1998ലാണ് നെഹ്റ അരങ്ങേറ്റം കുറിച്ചത്. പ്രതിഭകളുടെ തിക്കും തിരക്കും, കളിക്കാർക്ക് അൽപായുസ്സ് സമ്മാനിക്കുന്ന ഇന്ത്യൻ ക്രിക്കറ്റിന് എന്നും അദ്ഭുതമാണ് ഈ കരിയർ. ഇതുവരെ ഏഴു ഇന്ത്യൻ ക്യാപ്റ്റൻമാർക്കു കീഴിൽ‌ നെഹ്റ കളിക്കാനിറങ്ങി. 2005 മുതൽ നാലുവർഷവും 2011 മുതൽ‌ അഞ്ചുവർഷവും അവസരം കിട്ടാതെ പുറത്തിരുന്നു. 17 ടെസ്റ്റുകളിലും 120 ഏകദിനങ്ങളിലും 26 ട്വന്റി20യിലും ഇന്ത്യൻ ജഴ്സി അണിഞ്ഞു. ടെസ്റ്റിൽ 44, ഏകദിനത്തിൽ 157, ട്വന്റി20യിൽ 34 എന്നിങ്ങനെ വിക്കറ്റുനേട്ടങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ