ലോകത്തെ ഏറ്റവും വലിയ ക്ലബ് ക്രിക്കറ്റ് മാമാങ്കത്തിന് തിരശീല ഉയരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, കളിക്കാർക്കായുള്ള ലേലം വിളികൾ തുടങ്ങാൻ മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമേ ഉള്ളൂ. ഏപ്രിൽ 5 ന് ബെംഗളൂരുവിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് ആദ്യ മത്സരം. ടീമുകൾ വീണ്ടുമൊരു ലേലത്തിനായി കച്ചകെട്ടി ഇറങ്ങുന്പോൾ ഏതൊക്കെ താരങ്ങൾ ഏതേത് നിരയിൽ എത്ര രൂപ പ്രതിഫലം നേടുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. അതേസമയം പട്ടികയിൽ നിന്ന് പുറന്തള്ളപ്പെടുന്നവരിലും കളിയാരാധകരുടെ കണ്ണുകൾ പാഞ്ഞെത്തുന്നു. മെയ് 21 ന് കപ്പുയർത്താനുള്ള ടീമിനായി ഫ്രാഞ്ചൈസികൾ പണമെറിയുന്പോൾ ആരൊക്കെ എവിടെയെല്ലാം ചേക്കേറുമെന്ന ചോദ്യമാണ് നാളത്തെ വാർത്തയുടെ ഇടം.

ഐ.പി.എൽ ലേലം എപ്പോൾ?

ക്രിക്കറ്റ് കുടികൊള്ളുന്നത് ഓരോ ഇന്ത്യാക്കാരന്റെയും ഹൃദയത്തിലാണെന്ന് ആലങ്കാരികമായി പറയാം. മറ്റൊരു വിധത്തിൽ അതൊരു യാഥാർത്ഥ്യവുമാണ്. ഐ.പി.എൽ ആ ഇഷ്ടത്തിന്റെ ആഴം വർധിപ്പിച്ചിട്ടേയുള്ളൂ എക്കാലവും. ഫെബ്രുവരി 20 ന് ബെംഗളൂരുവിൽ താരലേലം കൊഴുക്കുന്പോൾ ആർക്കൊക്കെ എവിടെയൊക്കെ നറുക്ക് വീഴുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. മുൻപ് ലേലം മുംബൈയ്‌ക്ക് മാറ്റുമെന്ന് ഊഹാപോഹങ്ങൾ ഉയർന്നിരുന്നെങ്കിലും ഔദ്യോഗിക ഭാഷ്യം വന്നതോടെ ബെംഗലൂരുവിലേക്ക് തിങ്കളാഴ്ച കണ്ണുകൾ ഓടിയെത്തും.

താരലേലം തത്സമയം കാണുന്നത് എങ്ങിനെ?

ഐ.പി.എൽ താരലേലത്തിൽ പ്രിയപ്പെട്ട താരങ്ങൾ ഏതൊക്കെ ടീമുകളിലാണ് ഇടം നേടുന്നതെന്ന് തത്സമയം അറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ടാകും. സോണി എന്റർടെയ്ൻമെന്റിനാണ് ഐപിഎല്ലിന്റെ ചിത്രീകരണ ചുമതല. താരലേലം കളിയാരാധകരിലേക്ക് എത്തിക്കുന്നതും ഇവർ തന്നെ. താരലേലം സോണി സിക്സ്, സോണി സിക്സ് എച്ച്.ഡി. യിലും തത്സമയം ഇത് കാണാനാകും. അൽപ്പം താമസത്തോടെ ഹോട് സ്റ്റാറിലും ലേലം കാണാനാകും. ഞങ്ങളും (www.iemalayalam.com) തത്സമയ ലേല വിവരണങ്ങളുമായി നിങ്ങൾക്കൊപ്പമുണ്ടാകും.

താരലേലം എന്ത്, എങ്ങിനെ?

ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കളത്തിലേക്ക് ഇത്തവണ 799 പേരുടെ പട്ടികയിൽ നിന്നാണ് ലേലത്തിനുള്ള 351 പേരെ തിരഞ്ഞെടുത്തത്. ഇവരിൽ 226 പേരും ഇന്ത്യാക്കാരാണെന്നത് കളിക്കളത്തിൽ ടീം ഇന്ത്യയുടെ ഭാവിവളർച്ച കൂടിയാണ് ലക്ഷ്യം വയ്‌ക്കുന്നത്. ഇതിൽ 122 പേർ ദേശീയ ടീമിൽ കളിച്ചവരാണ്. ആര് താരങ്ങൾ മറ്റ് രാജ്യങ്ങൾക്ക് വേണ്ടി കളിച്ച ഇന്ത്യക്കാരും ശേഷിച്ചവർ ആഭ്യന്തര താരങ്ങളുമാണ്. ടീമിന്റെ പരമാവധി അംഗബലമായ 25 കണക്കിലെടുത്താൽ, വിദേശ താരങ്ങളടക്കം 76 കളിക്കാരെയാണ് ഇക്കുറി ലേലത്തിലൂടെ ഫ്രാഞ്ചൈസികൾക്ക് സ്വന്തമാക്കാനാവുക.

കളിക്കാരെ ബാറ്റിംഗ്, ബൗളിംഗ്, വിക്കറ്റ് കീപ്പർ, ഓൾ റൗണ്ടർ എന്നിങ്ങനെ തരം തിരിച്ചാണ് ലേലം നടത്തുക. ഓരോ താരത്തിന്റെയും പേര് വിളിക്കുന്പോൾ തന്നെ ലേല തുകയുടെ അടിസ്ഥാന വിലയും പ്രഖ്യാപിക്കും. ഓരോ ടീമുകളും അവരുടെ വില പ്രഖ്യാപിച്ചാൽ കൂടുതൽ വില പറയുന്ന ടീമിന് താരത്തെ ലഭിക്കും. ആരും വില പറയാതെ താരം അവശേഷിച്ചാൽ, താരത്തിന്റെ ലേല വില പാതിയായി കുറച്ച് വീണ്ടും ലേലം നടത്തും.

ഫ്രാഞ്ചൈസികളുടെ കീശയിൽ ഉള്ള പണം

കിംഗ്സ് ഇലവൻ പഞ്ചാബ് – 23.35 കോടി

ഡൽഹി ഡെയർ ഡെവിൾസ്- 21.5 കോടി

സൺറൈസേഴ്സ് ഹൈദരാബാദ്- 20.9 കോടി

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 19.75 കോടി

റൈസിംഗ് പൂനെ സൂപ്പർജെയന്റ്സ് – 19.1 കോടി

ഗുജറാത്ത് ലയൺസ് – 14.35 കോടി

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു – 12.825 കോടി

മുംബൈ ഇന്ത്യൻസ് – 11.555 കോടി

ഉയർന്ന ലേല തുക പ്രതീക്ഷിക്കുന്ന താരങ്ങൾ

ഏറ്റവും ഉയർന്ന അഠിസ്ഥാന വിലയുള്ള താരങ്ങൾക്കാണ് ഏറ്റവും കൂടുതൽ തുക ലേലത്തിൽ പ്രതീക്ഷിക്കപ്പെടുന്നത്. ഈ താരങ്ങളിൽ ഉള്ളവർ ഏയ്ഞ്ചലോ മാത്യൂസ്, ബെൻ സ്റ്റോക്സ്, ക്രിസ് വോഗ്സ്, ഇയാൻ മോർഗൻ, ഇശാന്ത് ശർമ്മ, മിച്ചൽ ജോൺസൺ, പാറ്റ് കുമ്മിൻസ് എന്നിവരാണ്. താരങ്ങൾക്കെല്ലാം രണ്ട് കോടിയാണ് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്. ഇവരിൽ ഇന്ത്യൻ കാപ്റ്റനും ബെംഗളൂരു റോയൽ ചലഞ്ചേഴ്സ് നായകനുമായ വിരാട് കോലി കണ്ണുവച്ചിരിക്കുന്ന സ്റ്റോക്‌സിനാണ് ഏറ്റവും കൂടുതൽ തുക ലഭിക്കുമെന്ന് കണക്കു കൂട്ടുന്നത്. മിച്ചൽ സാന്റനർ, മൊഹമ്മദ് നബി, ജേയ്സൺ റോയ്, എവിൻ ലൂയിസ് എന്നിവർക്കും ഉയർന്ന വില പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ