ക്രിക്കറ്റ് മാന്യന്മാരുടെ കളി എന്ന ടാഗിലും അറിയപ്പെടാറുണ്ട്. എന്നാല്‍ പലപ്പോഴും കളത്തില്‍ നിയന്ത്രണം വിട്ട് പെരുമാറുന്ന കളിക്കാരേയും നമ്മള് കണ്ടിട്ടുണ്ട്. ക്രിക്കറ്റ് ചരിത്രത്തില്‍ ഇടംപിടിച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. പാക്കിസ്ഥാന് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും ഭാരം കൂടിയ വ്യക്തിയാണ് മുന്‍ നായകന് ഇന്‍സമാം ഉള് ഹഖ്. ഇന്‍സമാമിന്റെ തടി അദ്ദേഹത്തെ ഫീല്‍ഡില്‍ പലതവണ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 38 തവണയാണ് വേഗത കുറഞ്ഞ ഓട്ടം കാരണം അദ്ദേഹം റണ്‍ ഔട്ടായിട്ടുളളത്.
1997ലെ സഹാറ കപ്പില്‍ ഇന്‍സമാമിന്റെ തടിയെ കളിയാക്കിയ ഇന്ത്യന്‍ ആരാധകനെ താരം ആക്രമിച്ചതും വാര്‍ത്തയായിരുന്നു. ഇന്ത്യയ്ക്കെതിരെ ടൊറൊന്റോയിലായിരുന്നു മത്സരം നടന്നിരുന്നത്. ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ ഫീല്‍ഡ് ചെയ്യുകയായിരുന്നു ഇന്‍സമാം. മെഗാഫോണുമായി കാണികള്‍ക്കിടയില്‍ സ്ഥാനം പിടിച്ച ശിവ്കുമാര്‍ എന്ന ഇന്ത്യന്‍ ആരാധകന് ഇന്‍സമാമിനെ അധിക്ഷേപിക്കുകയായിരുന്നു.
‘തടിച്ച ഉരുളക്കിഴങ്ങ്, ചീഞ്ഞ ഉരുളക്കിഴങ്ങ്, ഇന്‍സമാം’ എന്നായിരുന്നു ഇയാള്‍ മെഗാഫോണിലൂടെ വിളിച്ചു പറഞ്ഞത്. നിയന്ത്രണം നഷ്ടപ്പെട്ട ഇന്‍സമാം ബൗണ്ടറി ചാടിക്കടന്ന് കാണികള്‍ക്കിടയിലേക്ക് കടന്നു. മെഗാഫോണുമായി നിന്ന ശിവ്കുമാറിനെ ഇന്‍സി മര്‍ദ്ദിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ച് പിന്നിലേക്ക് കൊണ്ടുവന്നെങ്കിലും ഇന്‍സമാം അടങ്ങിയില്ല. പാക് താരത്തെ ആക്രമിക്കാന്‍ ശിവ്കുമാറും ശ്രമിച്ചതോടെ നില കൂടുതല്‍ സങ്കീര്‍ണമായി.
ഇന്ത്യന്‍ താരത്തിന്റെ കയ്യില്‍ നിന്നും ബാറ്റ് പിടിച്ചുവാങ്ങി ആരാധകനെ തല്ലാന്‍ ഇന്‍സി ഓടി അടുത്തു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ തടയുകയായിരുന്നു. തുടര്‍ന്ന് ആരാധകനെ കനേഡിയന്‍ പൊലീസ് അറസ്റ്റ് ചെയ്തു. 40 മിനിറ്റുകള്‍ക്ക് ശേഷമാണ് അന്ന് മത്സരം പുനരാരംഭിച്ചത്. അന്നത്തെ മത്സരത്തില്‍ ഇന്ത്യയ്ക്ക് ഒപ്പമായിരുന്നു വിജയം. എന്നാല്‍ മത്സരത്തിന് പിന്നാലെ ഇന്‍സമാമിനെ രണ്ട് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും ഐസിസി വിലക്കി. പിന്നീട് സംഭവത്തില്‍ ഇന്‍സി നിരുപാധികം മാപ്പു പറഞ്ഞു.