എം.എസ്.ധോണിയുടെ ദേഷ്യം നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്ന് ഹാർദിക് പാണ്ഡ്യ. ബ്രേക്ക്ഫാസ്റ്റ് വിത് ചാംപ്യൻസ് എന്ന ഷോയിലാണ് ധോണി തന്നെ ശകാരിച്ച സംഭവത്തെക്കുറിച്ച് പാണ്ഡ്യ പറഞ്ഞത്. ട്വന്റി ട്വന്റിയിലെ പാണ്ഡ്യയുടെ അരങ്ങേറ്റ മൽസരത്തിനിടെയായിരുന്നു സംഭവം.

ഇന്ത്യ-ഓസ്ട്രേലിയ ടിട്വന്റി മൽസരത്തിലായിരുന്നു എന്റെ അരങ്ങേറ്റം. ബോളിങ് ചെയ്ത ആദ്യ ഓവറിൽതന്നെ 21 റൺസ് വഴങ്ങി. ജീവിതത്തിലാദ്യമായി എന്റെ മനസ്സ് മുഴുവൻ ബ്ലാങ്ക് ആയിപ്പോയി. എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷേ മാഹി (ധോണി) എനിക്ക് മറ്റൊരു ഓവറിനു കൂടി അവസരം നൽകി. ആദ്യ ബോളിൽതന്നെ സിക്സർ ഉയർന്ന് 6 റൺസ് പോയി. പക്ഷേ അതു കഴിഞ്ഞപ്പോൾ 7-8 റൺസ് മാത്രമാണ് ആ ഓവറിൽ ഞാൻ വഴങ്ങിയത്. മാത്രമല്ല രണ്ടു വിക്കറ്റുകളും വീഴ്ത്തി.

ക്രിസ് ലൈനിന്റെ വിക്കറ്റാണ് ആദ്യം വീഴ്ത്തിയത്. വിക്കറ്റ് വീണതും ഞാൻ അമിതാഹ്ലാദം കാട്ടി. ഞാനിപ്പോഴും അത് ഓർക്കുന്നു. അപ്പോൾ മാഹി ദേഷ്യത്തോടെ എന്നോട് പറഞ്ഞു, നീ ഇങ്ങനെ ചെയ്താൽ നിനക്ക് വിലക്ക് വരികയും ടീമിന് ഒരു കളിക്കാരനെ നഷ്ടമാവുകയും ചെയ്യും. ഞങ്ങൾക്കത് താൽപര്യമില്ല. ഞാനപ്പോൾ തെറ്റ് അംഗീകരിച്ച് മാഹിയോട് ക്ഷമ ചോദിച്ചു. അരങ്ങേറ്റ മൽസരത്തിൽ തന്നെ ഐസിസിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് താക്കീത് കിട്ടിയ ആദ്യ കളിക്കാരൻ ഒരുപക്ഷേ ഞാനായിരിക്കും.

മാഹി മൈതാനത്ത് വച്ച് എന്നോട് ദേഷ്യപ്പെട്ടെങ്കിലും കളിക്കുശേഷം നടന്ന വാർത്താസമ്മേളനത്തിൽ എന്നെക്കുറിച്ച് പറഞ്ഞത് ഞാനിപ്പോഴും ഓർക്കുന്നു. ആദ്യ ഓവർ കഴിഞ്ഞപ്പോൾ തന്നെ എനിക്ക് മനസ്സിലായി, അവനൊരു മികച്ച ബൗളറാണെന്നത്- ഇതായിരുന്നു ധോണി മാധ്യമങ്ങളോട് പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ