scorecardresearch
Latest News

എല്ലാവരും ഇങ്ങനെ പൊക്കി പറഞ്ഞപ്പോൾ കരയാൻ തോന്നിപ്പോയി: സഞ്ജു സാംസണ്‍

കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരത്തിന്റെ ടിക്കറ്റ് ഉദ്ഘാടന ചടങ്ങിനിടെയാണ് സഞ്ജു വൈകാരികമായി സംസാരിച്ചത്

എല്ലാവരും ഇങ്ങനെ പൊക്കി പറഞ്ഞപ്പോൾ കരയാൻ തോന്നിപ്പോയി: സഞ്ജു സാംസണ്‍

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരത്തിന്റെ ടിക്കറ്റ് ഉദ്ഘാടന ചടങ്ങില്‍ വൈകാരികമായി സംസാരിച്ച് സഞ്ജു സാംസണ്‍. എന്നെ ഇഷ്ടമുള്ള ആളുകള്‍ ഇങ്ങനെ പൊക്കി പൊക്കി പറയുമ്പോള്‍ കരയാന്‍ തോന്നിയെന്നായിരുന്നു സഞ്ജു പറഞ്ഞത്.

“ഐപിഎല്‍ ഫൈനല്‍ കാണാന്‍ ഒന്നരലക്ഷത്തോളം പേര്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നു. അന്ന് ഇത്രയും ചങ്കിടിച്ചിട്ടില്ല. സംസാരിക്കാന്‍ ഒന്നുമില്ല. സംസാരിച്ചാല്‍ കുറച്ച് ഇമോഷണലായി പോകും. ഒരു ക്രിക്കറ്റര്‍ അല്ലെങ്കില്‍ കായിക താരം, ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെടാറുണ്ട്. എന്റെ നാട്ടിലെ വല്യ വല്യ ആളുകള്‍ അതിനെ അഭിനന്ദിക്കുമ്പോള്‍ പത്തിരട്ടി പരിശ്രമിക്കാന്‍ തോന്നും,” സഞ്ജു പറഞ്ഞു.

“ഒരു ക്രിക്കറ്ററാകുമ്പോള്‍, നമ്മള്‍ ചെയ്യുന്ന നല്ല കാര്യവും ചീത്ത കാര്യവും നാട്ടുകാരെല്ലാവരും അറിയും. വളരെ പ്രശസ്തിയുള്ള ഒന്നാണിത്. ക്രിക്കറ്റെന്ന് പറഞ്ഞാല്‍ ഇന്ത്യയില്‍ ഒരു മതം പോലെയാണ്. അതൊകൊണ്ട് ക്രിക്കറ്റ് താരങ്ങളെ അത്രയും വലുതായാണ് സമൂഹമാധ്യമങ്ങളില്‍ പുകഴ്ത്തുന്നതും നെഗറ്റീവ് സൈഡ് പറയുന്നതുമെല്ലാം,” സഞ്ജു വ്യക്തമാക്കി.

“എന്നാല്‍ അതിന്റെ പിന്നില്‍ നടക്കുന്ന കാര്യങ്ങള്‍ ആള്‍ക്കാര്‍ അറിയാറില്ല. സഞ്ജു സാംസണിനെ നാട്ടുകാര്‍ അറിയുന്നത് എന്റെ മാത്രം പരിശ്രമം കൊണ്ടല്ല. എന്റെ മാതാപിതാക്കള്‍, സുഹൃത്തുക്കള്‍, പരിശീലകര്‍, കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) അങ്ങനെ ഓരോരുത്തരുടേയും പരിശ്രമത്തിന്റെ ഫലമായാണ്,” താരം കൂട്ടിച്ചേര്‍ത്തു.

“13-ാം വയസില്‍ കെസിഎയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ ക്യാപ്റ്റനായാണ് എന്നെ പരിഗണിച്ചത്. കെസിഎയില്‍ ഞാന്‍ കളിച്ചതുകൊണ്ടാണ് ഇന്ന് ഇന്ത്യ എയുടേയും രാജസ്ഥാന്‍ റോയല്‍സിന്റേയുമൊക്കെ ക്യാപ്റ്റനാകാന്‍ സാധിച്ചത്. പ്രാദേശിക അസോസിയേഷനുകളുടെ പിന്തുണ ഇതിന് പിന്നിലുണ്ട്. അത് മറ്റുള്ളവര്‍ കാണാതെ പോകരുത്,” സഞ്ജു പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ എന്നെ എടുക്കുമ്പോഴും എടുക്കാത്തപ്പോഴും കെസിയിലുള്ളവര്‍ വിളിച്ച് അന്വേഷിക്കാറുണ്ട്. ശേഷം എന്നെ അത് അറിയിക്കാറുമുണ്ട്. വളരെയധികം പിന്തുണ കെസിഎയില്‍ നിന്ന് ലഭിക്കുന്നുണ്ട്. സുഹൃത്തുക്കളെപോലെയാണ് ഞങ്ങളെല്ലാമെന്നും സഞ്ജു പറയുന്നു.

സെപ്തംബര്‍ 28 നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ട്വന്റി 20. 1,500 രൂപ മുതലാണ് ടിക്കറ്റ് വില. ഇന്ന് രാത്രി ഏഴര മുതല്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു..

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: When everyone praised me felt to cry sanju samson