ഓസ്ട്രേലിയയിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ നേരിട്ട വിവേചനത്തെ കുറിച്ച് ആർ.അശ്വിൻ. ഓസ്ട്രേലിയൻ താരങ്ങളുള്ള ലിഫ്റ്റിൽ കയറാൻ തങ്ങളെ അനുവദിച്ചിരുന്നില്ലെന്ന് അശ്വിന്റെ തുറന്നുപറച്ചിൽ. ഇന്ത്യയുടെ ഫീൽഡിങ് കോച്ച് ആർ.ശ്രീധറുമായുള്ള യുട്യൂബ് സംഭാഷണത്തിലാണ് അശ്വിൻ ഇക്കാര്യം പറഞ്ഞത്.

“സിഡ്‌നിയിൽ എത്തിയപ്പോൾ ഞങ്ങൾക്ക് അവർ വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അവിടെ അസാധാരണമായ ഒരു കാര്യം സംഭവിച്ചു. സത്യസന്ധമായി പറഞ്ഞാൽ വളരെ അസാധാരണം ! ഇന്ത്യയും ഓസ്ട്രേലിയയും ഒരേ സ്ഥലത്തായിരുന്നു ക്വാറന്റൈനിൽ. എന്നാൽ, ആ ഹോട്ടലിലെ ലിഫ്റ്റ് ഉപയോഗിക്കുന്നതിന് ഞങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്നു. ലിഫ്റ്റിൽ ഓസീസ് താരങ്ങളുള്ള സമയത്ത് ഇന്ത്യൻ താരങ്ങളെ അതിലേക്ക് പ്രവേശിപ്പിച്ചില്ല,” അശ്വിൻ പറഞ്ഞു. ഒരേ ഹോട്ടലിൽ കഴിയുന്നവർ ലിഫ്റ്റ് ഷെയർ ചെയ്യാൻ പാടില്ല എന്ന നിബന്ധന തങ്ങൾക്ക് വലിയ ബുദ്ധിമുട്ടായി തോന്നിയെന്നും അശ്വിൻ യുട്യൂബ് സംഭാഷണത്തിനിടെ പറഞ്ഞു.

Read Also: എത്ര മനോഹരമായ നിമിഷമാണിത്; ഗാബ ടെസ്റ്റ് വിജയത്തിനു ശേഷം രഹാനെയുടെ പ്രസംഗം ഇങ്ങനെ

അതേസമയം, ടെസ്റ്റ് പരമ്പരയ്ക്കിടെ പലപ്പോഴും ഇന്ത്യൻ താരങ്ങൾ വംശീയ അധിക്ഷേപത്തിനു ഇരയായിരുന്നു. മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവർക്കെതിരെ ഓസീസ് കാണികൾ വംശീയ അധിക്ഷേപം നടത്തിയതിനെ ക്രിക്കറ്റ് ഓസ്ട്രേലിയയും അപലപിച്ചിരുന്നു.

നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര 2-1 എന്ന നിലയിലാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റ് മത്സരം തോറ്റ ശേഷം മികച്ച തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. ഗാബയിലെ അവസാന ടെസ്റ്റിൽ ഐതിഹാസിക വിജയം സ്വന്തമാക്കിയ ഇന്ത്യയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം അഭിനന്ദിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook