ഡർബൻ: ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ സംഘം ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഏകദിന പരമ്പരയ്ക്ക് ഇറങ്ങും. ആറ് മൽസര പരമ്പരയിലെ ആദ്യ മൽസരമാണ് ഇന്ന് നടക്കുന്നത്. മൂന്നാം ടെസ്റ്റിൽ പേസ് ബോളിങ് ഏറ്റവും വെല്ലുവിളി ഉയർത്തിയ വാണ്ടറേഴ്സിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ആധികാരിക വിജയം നേടാനായത് ഇന്ത്യൻ സംഘത്തിന് ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.

ഇന്ത്യ ഇതുവരെ ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പരയും വിജയിച്ചിട്ടില്ല. ടെസ്റ്റിൽ പരാജയപ്പെട്ട ടീം ഇന്ത്യ ഈ ചരിത്രം തിരുത്താൻ ലക്ഷ്യമിട്ടാണ് ഇന്ന് ഇറങ്ങുന്നത്. പരമ്പര വിജയിച്ചാൽ ഇന്ത്യയ്ക്ക് ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്താനും സാധിക്കും.

ആദ്യ മൂന്ന് ഏകദിനങ്ങളിൽ ഡിവില്ലിയേഴ്സ് കളിക്കില്ല. ഇത് ഇന്ത്യക്ക് ആശ്വാസകരമാണ്. ഇതിന് പുറമേ മുൻ നായകൻ ധോണി ഏകദിനത്തിൽ കളിക്കുന്നതും ഇന്ത്യൻ സംഘത്തിന് കരുത്താണ്.

ഡർബനിലെ കിങ്സ്മെഡ് മൈതാനത്താണ് ആദ്യ ഏകദിനം നടക്കുന്നത്. സോണി ടെൻ നെറ്റ്‌വർക്കിൽ വൈകിട്ട് 4.30 മുതലാണ് മൽസരം കാണാൻ സാധിക്കുക. സോണി ലൈവ് മൊബൈൽ ആപ്ലിക്കേഷനിലും ഓൺലൈൻ ചാനലിലും മൽസരം കാണാനാവും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ