ഇന്ത്യയുടെ ബാറ്റിങ് ലെെനപ്പിൽ നാലാമൻ ആര് എന്ന ചോദ്യത്തിനു ഇപ്പോൾ ക്രിക്കറ്റ് ലോകം കണ്ടെത്തിയിരിക്കുന്ന ഉത്തരമാണ് ശ്രേയസ് അയ്യർ. കഴിഞ്ഞ ഏതാനും മത്സരങ്ങളിലെ മികച്ച പ്രകടനമാണ് ശ്രേയസ് അയ്യർക്ക് തുണയായത്. ക്ഷമാപൂർവം ക്രീസിൽ നിലയുറപ്പിക്കാനും അവസരം കിട്ടുമ്പോൾ എല്ലാം തകർത്തടിക്കാനും പ്രത്യേക കഴിവുള്ള താരമാണ് ശ്രേയസ്. ചെറുപ്പം മുതലേ ശ്രേയസ് മികച്ച കളിക്കാരനായിരുന്നു എന്ന് പിതാവ് സന്തോഷ് അയ്യർ പറയുന്നു. എന്നാൽ, തന്റെ മകൻ കടന്നുപോയ പ്രതിസന്ധി ഘട്ടങ്ങളെ കുറിച്ച് വിവരിക്കുകയാണ് സന്തോഷ് അയ്യർ. തന്റെ മകനെ മനശാസ്ത്രജ്ഞനെ കാണിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് സന്തോഷ് അയ്യർ പറയുന്നു.
പതിനാറാം വയസ്സിലാണ് തന്റെ മകനെ മാനസിക ബുദ്ധിമുട്ടുകളുടെ പേരിൽ മനശാസ്ത്രജ്ഞനെ കാണിക്കേണ്ടി വന്നതെന്നാണ് സന്തോഷ അയ്യർ ‘ക്രിക്‌ബസ് ഷോ’യിൽ പറഞ്ഞു. മാനസിക ആരോഗ്യത്തിനു വലിയ പ്രസക്‌തി നൽകാത്ത കാലമായിരുന്നു അത്. മോശം പ്രകടനത്തെ തുടർന്നാണ് മകനെ മനശാസ്ത്രജ്ഞനെ കാണിക്കേണ്ടി വന്നതെന്നും കൗണ്‍സിലിങ്ങിനു അടക്കം മകനെ വിധേയമാക്കിയെന്നും സന്തോഷ് പറഞ്ഞു.
“ശ്രേയസിനു നാല് വയസ്സുള്ളപ്പോൾ തൊട്ട് അവൻ ക്രിക്കറ്റ് കളിക്കുന്നുണ്ട്. ചെറിയ പ്രായത്തിൽ വീടിനകത്ത് പ്ലാസ്‌റ്റിക് ബോൾ ഉപയോഗിച്ച് ഞാനും അവനും കളിച്ചു തുടങ്ങിയതാണ്. നല്ല കഴിവുള്ള കുട്ടിയാണെന്ന് അന്നുതൊട്ടേ എനിക്ക് മനസ്സിലായി. അതുകൊണ്ട് അവന് ഉയരങ്ങളിലേക്ക് എത്താനുള്ള എല്ലാ സാഹചര്യങ്ങളും ഞങ്ങൾ ഒരുക്കി. എന്നാൽ, അവൻ മുംബെെക്ക് വേണ്ടി അണ്ടർ-16 കളിക്കുമ്പോൾ അവന്റെ കോച്ച് എന്നോട് ഒരു കാര്യം പറഞ്ഞു, “നല്ല കഴിവുള്ള താരമാണ് ശ്രേയസ്. പക്ഷേ, അവന് കളിയിലുള്ള ഏകാഗ്രത നഷ്‌ടപ്പെടുന്നു. ശ്രദ്ധ കുറവുണ്ട്.” ഇത് കേട്ടതും ഞാൻ ആശങ്കാകുലനായി. ‘അവൻ വല്ല പ്രണയത്തിലും പെട്ടിട്ടുണ്ടാകും, അല്ലെങ്കിൽ ഏതെങ്കിലും ചീത്ത കൂട്ടുക്കെട്ടിൽ..’ എന്നാണ് ഞാൻ അപ്പോൾ ചിന്തിച്ചത്,” സന്തോഷ് അയ്യർ പറഞ്ഞു.
Read Also: കോവിഡ് – 19 ലോക്ക്ഡൗണ്‍: ഭക്ഷണവും താമസവും ലഭിക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ ഗൂഗിള്‍ മാപ്പില്‍
“ഇങ്ങനെയൊരു സമയത്താണ് ഞാൻ അവന്റെ മാനസിക ആരോഗ്യത്തെ കുറിച്ച് ചിന്തിച്ചത്. മാനസിക ആരോഗ്യത്തിനു അത്ര പ്രാധാന്യമൊന്നും കൽപ്പിച്ചിരുന്ന കാലമല്ലായിരുന്നു അത്. ഏകദേശം എട്ട്, ഒൻപത് വർഷങ്ങൾക്ക് മുൻപാണ്. അവനെ ഞാൻ ഒരു സെെക്കോളജിസ്റ്റിനെ കാണിച്ചു. കൗണ്‍സിലിങ് നടത്തി. എല്ലാ കളിക്കാരേയും പോലെ അവനും ഒരു മോശം കാലമുണ്ടായിരുന്നു. എന്നാൽ, അതിൽ നിന്നെല്ലാം അവൻ മുന്നോട്ടുപോന്നു. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.” സന്തോഷ് അയ്യർ പറഞ്ഞു.
18 ഏകദിന മത്സരങ്ങളിൽ നിന്നായി 748 റൺസാണ് ഇതുവരെ ശ്രേയസ് നേടിയിരിക്കുന്നത്. അമ്പതിനടുത്ത് ബാറ്റിങ് ശരാശരിയുണ്ട്. ഒരു സെഞ്ചുറിയും എട്ട് അർധ സെഞ്ചുറിയും അയ്യർ സ്വന്തമാക്കിയിട്ടുണ്ട്. 22 ടി 20 മത്സരങ്ങളിൽ നിന്നായി 417 റൺസാണ് അയ്യരുടെ സമ്പാദ്യം.