സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍… ഒരു തലമുറയിലെ ആരാധകര്‍ക്ക് ക്രിക്കറ്റിന്റെ പര്യായമായിരുന്നു ഈ പേരുകൾ. ഇവരുടെ ഒരോ നേട്ടങ്ങളും ആഘോഷമാക്കിയവരായിരുന്നു ആ തലമുറ. എന്നാല്‍ പിന്നീട് ഒത്തുകളി ആരോപണങ്ങളിൽ വീണ് അസ്ഹറുദ്ദീൻ ആരാധക മനസുകളിൽ നിന്ന് പതുക്കെ അരങ്ങൊഴിഞ്ഞു. ക്രിക്കറ്റ് വിട്ട് രാഷ്ട്രീയത്തിന്റെ ക്രീസിലേക്കിറങ്ങി മുൻ നായകൻ. സച്ചിൻ അന്നും ഇന്നും ക്രിക്കറ്റിന്റെ ദൈവമായി തുടരുകയും ചെയ്തു.

ഇപ്പോൾ വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവും ഒരുമിച്ച് വീണ്ടും ഒരു വേദി പങ്കിട്ടപ്പോൾ അത് വാർത്തകളിൽ നിറഞ്ഞു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുടെ ‘ ഡെമോക്രസി ഇലവന്‍ :ഗ്രേറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ‘ എന്ന പുസ്തക പ്രകാശനത്തിന്റെ ചടങ്ങിലായിരുന്നു ഇരുവരും പങ്കെടുത്തത്. ഒപ്പം സച്ചിന്റെ ബാല്യകാല സുഹൃത്തും ക്രിക്കറ്റ് താരവുമായ വിനോദ് കാംബ്ലിയും ഉണ്ടായിരുന്നു.

പുസ്തപ്രകാശന വേളയില്‍ സച്ചിന്‍ പ്രസംഗിക്കുന്നതിനിടയിലായിരുന്നു കാംബ്ലി വേദിയിലെത്തിയത്. പ്രസംഗത്തിടെ കാംബ്ലിയെ കണ്ട സച്ചിന്‍ അദ്ദേഹത്തെ സ്റ്റേജിലേക്ക് ക്ഷണിക്കുകയായിരുന്നു. പുസ്തകത്തില്‍ സച്ചിനും അസ്ഹറിനും ആദ്യ ഇലവനിൽ സ്ഥാനവുമുണ്ട്.

സച്ചിനും കാംബ്ലിയും സ്‌കൂള്‍തലം തൊട്ടേ ഒന്നിച്ചു കളിച്ചു വളര്‍ന്നവരാണ്. ദേശീയ ടീമില്‍ ഇരുവര്‍ക്കും അവസരം ലഭിച്ചപ്പോള്‍ സച്ചിന്‍ തന്നിലെ പ്രതിഭയെ കഠിനാധ്വാനവും പരിശ്രമവും കൊണ്ട് വാനോളമുഴര്‍ത്തി. എന്നാല്‍ പ്രതിഭയെ ധൂര്‍ത്തടിച്ച് കളിക്കളത്തില്‍ നിന്നും ഇറങ്ങിപ്പോവുകയായിരന്നു വിനോദ് കാംബ്ലി. ടീമില്‍ നിന്ന് അവസരങ്ങള്‍ നഷ്ടമായ കാംബ്ലി വിവാദങ്ങളില്‍ അകപ്പെടുന്നത് പതിവായിരുന്നു. ഇതിനിടെ പൊതുവേദിയില്‍ തന്നെ സഹായിക്കാമായിരുന്ന പലയിടത്തും സച്ചിന്‍ അത് ചെയ്തില്ല എന്ന് പര്യസമായി കുറ്റപ്പെടുത്തിയതോടെ ഇരുവര്‍ക്കുമിടയില്‍ നല്ല ബന്ധമല്ല എന്ന വാര്‍ത്ത പരന്നിരുന്നു.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളായിട്ടാണ് അസ്ഹറുദ്ദീനെ വിലയിരുത്തുന്നത്. സച്ചിന്റെ സുവർണ കാലഘട്ടത്തിൽ അസ്ഹർ തന്നെയായിരുന്നു ഇന്ത്യൻ ടീമിനെ നയിച്ചിരുന്നുത്. എന്നാല്‍ വാതുവയ്പു വിവാദവുമായി ബന്ധപ്പെട്ട് അസ്ഹറുദ്ദീൻ ദേശീയ ടീമില്‍നിന്ന് പുറത്താവുകയായിരുന്നു. ഇതില്‍ സച്ചിന്‍ അസന്തുഷ്ടനായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook