കൊല്‍ക്കത്ത: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയ്ക്കെതിരായ ഭാര്യ ഹസിന് ജഹാന്റെ ആരോപണങ്ങള്‍ അവസാനിക്കുന്നില്ല. അവിഹിത ബന്ധമായിരുന്നു ആദ്യത്തെ ആരോപണമെങ്കില്‍ പിന്നീട് കൊലപാതക ശ്രമവും വാതുവെപ്പും താരത്തിനു മേല്‍ ആരോപിക്കപ്പെട്ടു. ഷമിയ്ക്കെതിരെ പരാതി നല്‍കിയതിന് ശേഷം തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഭാര്യ ആരോപിക്കുന്നു.
ഷമിയുടെ കുടുംബാംഗങ്ങള്‍ക്കെതിരേയും ഹസിന് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഷമിയും കുടുംബവും ചേര്‍ന്ന് തന്നെ കൊല്ലാന്‍ ശ്രമിച്ചെന്നും ഷമിയുടെ സഹോദരനൊപ്പം ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ടെന്നും ഹസിന് പറയുന്നു. വിവാദം ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ പിടിച്ചു കുലുക്കുകയാണ്. താരത്തിനെതിരെ കൊല്‍ക്കത്ത പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ഒരു സ്ത്രീയുമായുള്ള ഷമിയുടെ വാട്സ് അപ്പ് ചാറ്റ് ഹസിന് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടതോടെയായിരുന്നു വിവാദത്തിന് തുടക്കമായത്. താരത്തിന്റെ വൃത്തികെട്ട മുഖത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ പുറത്തു വന്നിട്ടുള്ളൂവെന്നും ഹസിന് പറഞ്ഞിരുന്നു. എന്നാല്‍ ഹസിന് പുറത്തുവിട്ട വാട്സ് അപ്പ് ചാറ്റ് വ്യാജമാണെന്നാണ് പുതിയ വിവരം.
പുറത്തുവിട്ട ചാറ്റ് നടക്കുന്നത് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനമാണ്. ചാറ്റില്‍ കാണുന്ന സമയത്ത് ഷമി ഇന്ത്യയ്ക്കായി ബാറ്റ് ചെയ്യുകയായിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ ബാറ്റിംഗ് തുടരുന്ന സമയമായിരുന്നു അത്. പിന്നാലെ ഷമി ഇറങ്ങുകയും ടീമിനായി 27 റണ്‍സ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഈ സമയം ഷമി എങ്ങനെയാണ് വാട്സ് അപ്പില്‍ ചാറ്റ് ചെയ്യുക എന്നാണ് ഉയരുന്ന സംശയം. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭ്യമായിട്ടില്ല.
അതേസമയം, കേസ് കോടതിയ്ക്ക് പുറത്ത് വച്ചു തന്നെ ഒത്തു തീര്‍പ്പാക്കാനുള്ള ശ്രമങ്ങളുമായി ഷമിയുടെ കുടുംബം മുന്നോട്ട് പോവുകയാണ്. ഇതിനിടെ തന്നെ മറ്റ് നമ്പറുകളില്‍ നിന്നും വാട്സ് അപ്പ് സന്ദേശത്തിലൂടെ ഷമി ഭീഷണിപ്പെടുത്തുന്നതായും ഹസിന് ആരോപണമുന്നയിച്ചിട്ടുണ്ട്.